AUTOFOUR WHEELER

എന്താണ് വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി ?,വാഹനങ്ങൾക്കും ഇനി കാലാവധി

2021-22 ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ച ചില ശ്രദ്ധേയ തീരുമാനങ്ങളിൽ ഒന്നാണ് വെഹിക്കിൾ സ്ക്രാപ്പിംഗ് പോളിസി. അതായത് പഴയ വാഹനങ്ങളുടെ കാലാവധി നിശ്ചയിക്കുന്ന തീരുമാനം. ധനമന്ത്രിയുടെ ഈ പ്രഖ്യാപനത്തിന് പിന്നാലെ  ഉടൻ തന്നെ ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരിയും അറിയിച്ചു. എന്താണ് വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി ? കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് എന്ത് സംഭവിക്കും ? ഈ കാലാവധി നീട്ടീയെടുക്കാൻ സാധിക്കുമോ ?  ഈ പുതിയ നിയമപ്രകാരം നിങ്ങളുടെ വാഹനത്തിന് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നോക്കാം…

എന്താണ് വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി ?

ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നടപ്പിലാക്കിയ ഒന്നാണ് വെഹിക്കിൾ സ്ക്രാപ്പിംഗ് പോളിസി. ഒരു വാഹനത്തിന്റെ കാലാവധി നിശ്ചയിക്കുന്നതാണ് ഈ പോളിസി. 20 വർഷമാണ് സ്വകാര്യ വാഹനത്തിന്റെ കാലാവധി. വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലാവധിയാകട്ടെ 15 വർഷമാണ്.

വിദേശ രാജ്യങ്ങളിൽ ഇത്തരത്തിൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾ സ്ക്രാപ് യാർഡ്സിലേക്ക് പോകും. അവിടെ നിന്ന് വാഹനം തകർത്ത്, സ്റ്റീൽ, ഇരുമ്പ് പോലുള്ള ലോഹവസ്തുക്കൾ എടുത്ത് മറ്റ് പല നിർമാണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും.

എന്നാൽ ഇന്ത്യയിൽ ഇതുവരെ ഇത്തരമൊരു നിയമം ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ പഴക്കമേറിയ വാഹനങ്ങളുടെ കണക്ക് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി പുറത്തുവിട്ടിരുന്നു.

20 വർഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ലൈറ്റ് മോട്ടോർ വെഹിക്കിളുകളാണ് ഇന്ത്യയിൽ നിരത്തിലോടുന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ 15 വർഷത്തിന് മേൽ പഴക്കമുള്ള 17 ലക്ഷത്തോളം സ്വകാര്യ വാഹനങ്ങളാണ് നിലവിൽ ഉപയോഗത്തിലുള്ളത്.

20 വർഷം പഴക്കമുള്ള ലൈറ്റ് മോട്ടോർ വെഹിക്കിളുകൾ- 51 ലക്ഷം
15 വർഷത്തിന് മേൽ പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾ- 17 ലക്ഷം

എത്ര പഴക്കമുള്ള വാഹനമാണെങ്കിലും ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് വിലക്കില്ലായിരുന്നു. ഇതിന് തടയിടുന്നതാണ് പുതിയ തീരുമാനം.

Inline

നിയമത്തിന്റെ ലക്ഷ്യമെന്ത് ?

പരിസ്ഥിതിയെ സംരക്ഷിക്കാനും, രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടാണ് ഈ പുതിയ നയത്തിന് രൂപം നൽകിയിരിക്കുന്നത്.

1. ജോലി സാധ്യത –

കാലാവധി കഴിഞ്ഞ വാഹനങ്ങൾ മാറ്റി വാങ്ങുകയെന്നത് വാഹന ഉടമയെ സംബന്ധിച്ച് ഒരു ആവശ്യമായി മാറും. ഇത്  ഓട്ടോമൊബൈൽ രംഗത്ത് ഡിമാൻഡ് വർധിപ്പിക്കും. വാഹനങ്ങളുടെ നിർമാണം, സ്പെയർ പാർട്ട്സുകളുടെ നിർമാണം, വിതരണം, പാക്കിംഗ്, എക്സ്പോർട്ടിംഗ്, ഇംപോർട്ടിംഗ്, അസംബ്ലിക്, വിൽപ്പന, വിതരണം, തുടങ്ങി ഒരു വാഹനത്തിന്റെ നിർമാണം മുതൽ വിൽപ്പന വരെയുള്ള എല്ലാ മേഖലകളിലും കൂടുതൽ തൊഴിലാളികൾ വേണ്ടി വരും.ഇതിലൂടെ 35,000 ൽ അധികം തൊഴിൽ സാധ്യത സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഓട്ടോമൊബൈൽ രംഗം 4.5 ലക്ഷം കോടിയിൽ നിന്ന് ആറ് ലക്ഷം കോടിയിലേക്ക് വളർച്ച നേടാൻ സാധിക്കുമെന്നാണ്  വിലയിരുത്തൽ.

2. പരിസ്ഥിതി

ഒരു പഴയ വാഹനം പുതിയ വാഹനത്തേക്കാൾ 10-12 ശതമാനം കൂടുതൽ വായുമലിനീകരണമുണ്ടാക്കും. അതുകൊണ്ട് തന്നെ പരിസ്ഥിതിയെ സംരക്ഷിക്കാൻ പഴയ വാഹനങ്ങൾ നിരത്തിൽ നിന്ന് ഒഴിവാക്കിയേ മതിയാകൂ.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും ഒരുപോലെ ഗുണകരമാണ് ഈ പോളിസി. പുതിയ വാഹനങ്ങൾ
ഇന്ധന ക്ഷമതയിൽ മുന്നിലായിരിക്കും.  ഇത് രാജയത്തിന്റെ ക്രൂഡ് ഇംപോർട്ട് ബിൽ കുറയ്ക്കുന്നത് സഹായിക്കും. ഇത് പോളിസിയെ കുറിച്ച്. നമുക്കറിയേണ്ടത് എങ്ങനെയാണ് ഈ പോളിസി നമ്മെ ബാധിക്കുന്നത് എന്നാണ് ….

15, 20 വർഷത്തെ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ത്യയിൽ എന്ത് സംഭവിക്കും ?

വാഹന ഉടമകളുടെ മുന്നിൽ രണ്ട് മാർഗങ്ങളാണ് ഉണ്ടാവുക. ഒന്നുകിൽ പഴയ വാഹനം മാറ്റി പുതിയവ വാങ്ങുക. അല്ലെങ്കിൽ ഫിറ്റ്നെസ് ടെസ്റ്റ് ക്ലിയറാക്കി വീണ്ടും ഇതേ വാഹനം നിരത്തിലിറക്കാം. എന്നാൽ ഫിറ്റ്നെസ് ടെസ്റ്റ് അത്ര നിസാരമല്ല.

കാലാവധി കഴിഞ്ഞ വാഹനത്തിന് ഫിറ്റ്നെസ് നേടുന്നത് എങ്ങനെ ?

പി.യു.സി സർട്ടിഫിക്കേറ്റ് ടെസ്റ്റ് അഥവാ പൊല്യൂഷൻ കണ്ട്രോൾ ടെസ്റ്റിന് സമാനമാകും ഈ പരിശോധനയും. നിരത്തിലറങ്ങുന്ന വാഹനം പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കുന്നുണ്ടോ എന്നതാണ് ഫിറ്റ്നെസ് ടെസ്റ്റിൽ പ്രധാനമായും പരിശോധിക്കുക. ഇതിന് പുറമെ വാഹനത്തിന്റെ ശേഷി തുടങ്ങിയ മറ്റ് കാര്യങ്ങളും പരിശോധിക്കും.

ഫിറ്റ്നെസ് ടെസ്റ്റ് ക്ലിയറാകാനും, സർട്ടിഫിക്കേറ്റ് ലഭിക്കാനും എളുപ്പമാണെങ്കിലും ഇതിന്റെ ചെലവ് സാധാരണക്കാരന് താങ്ങാൻ സാധിക്കുമോ എന്നതാണ് ചോദ്യം.

ചെലവ് എത്ര ?

ഒരു ശരാശരി വാഹനത്തിന് ഫിറ്റ്നെസ് സർട്ടിഫിക്കേറ്റ് ലഭിക്കാൻ കുറഞ്ഞത് 40,000 രൂപയാകുമെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ റോഡ് ടാക്സ്, ഗ്രീൻ ടാക്സ് എന്നിവയും അടയ്ക്കണം. അഞ്ച് വർഷമാണ് ഈ ഫിറ്റ്നസ് സർട്ടിഫിക്കേറ്റിന്റെ കാലാവധി. അഞ്ച് വർഷം കഴിഞ്ഞാൽ വീണ്ടും ഈ പ്രക്രിയയിലൂടെയെല്ലാം കടന്ന്, ഇതേ തുക ചെലവാക്കേണ്ടി വരുമെന്ന് ചുരുക്കം.

ഫിറ്റ്നെസ് ടെസ്റ്റ് പാസ് ആയില്ലെങ്കിൽ എന്ത് സംഭവിക്കും ?

ഫിറ്റ്നെസ് ടെസ്റ്റ് പാസായില്ലെങ്കിൽ നിങ്ങളുടെ വാഹനത്തിന് രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ്, അഥവാ ആർസി കിട്ടില്ല. ആർസിയില്ലാതെ വാഹനം നിരത്തിലിറക്കാൻ കഴിയില്ല. ആർസിയില്ലാത്ത വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആർസിയില്ലാതെ വണ്ടിയോടിച്ചാൽ 2000 രൂപ മുചൽ 5000 രൂപ വരെയാണ് പിഴ.

ആദ്യ തവണ ഫിറ്റ്നെസ് ടെസ്റ്റ് പാസായില്ലെങ്കിൽ രണ്ട് തവണ കൂടി വണ്ടി ഫിറ്റ്നെസ് ടെസ്റ്റിന് അപേക്ഷിക്കാം. എന്നിട്ടും പാസാകാൻ സാധിച്ചില്ലെങ്കിൽ വണ്ടി നിർബന്ധമായും സ്ക്രാപേജ് അധവാ ആക്രിക്ക് നൽകേണ്ടി വരും. ഇനി, വാഹന ഉടമ, വാഹനം ഫിറ്റ്നെസ് ടെസ്റ്റിന് കൊണ്ടുപോകുന്നില്ല, മറിച്ച് വാഹനം മാറ്റി വാങ്ങാനാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ എന്ത് ചെയ്യും?

പഴയ വാഹനം മാറ്റി വാങ്ങാനാണ് ഉദ്ദേശമെങ്കിൽ ?

സാധാരണഗതിയിൽ ഒരു പഴയ വാഹനം മാറ്റി വാങ്ങാൻ ഉദ്ദേശിക്കുന്ന ഉടമ, കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല വിലയ്ക്ക് വാഹനം വിറ്റ് പുതിയത് വാങ്ങും. എന്നാൽ നിയമപ്രകാരം കാലാവധി കഴിഞ്ഞ വാഹനം ആര് വാങ്ങാൻ ? ആരും വാങ്ങാനില്ലാത്ത ഈ വാഹനം എവിടെ കളയും ?

ഇവിടെയാണ് സ്ക്രാപേജ് പോളിസിയുടെ ആത്മാവ്. പഴയ വാഹനം നിരത്തുകളിൽ നിന്ന് ഒഴിവാക്കുക എന്നത് ലക്ഷ്യം വച്ച് അവതരിപ്പിച്ചിരിക്കുന്ന ഈ നിയമപ്രകാരം പഴയ വാഹനങ്ങൾ ആക്രി അഥവാ സ്ക്രാപ്പേജിന് നൽകുന്ന വാഹന ഉടമകൾക്ക് സർക്കാർ പണം നൽകും.

എന്നാൽ എത്ര രൂപയാകും നൽകുക, എങ്ങനെ നൽകും എന്നീ വിവരങ്ങൾ നിയമം പ്രാബല്യത്തിൽ വരുന്നതിനോടനുബന്ധിച്ച് മാത്രമേ അറിയാൻ സാധിക്കുകയുള്ളു.

വിന്റേജ് കാറുകൾ

വിന്റേജ് കാറുകൾക്കും ഫിറ്റ്നെസ് പുതുക്കേണ്ടി വരുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ഇവ പൈതൃക വിഭാഗത്തിൽ ഉൾപ്പെടുന്നതുകൊണ്ട് തന്നെ ടാക്സുകളിൽ ഇവയ്ക്ക് ചെറിയ ഇളവുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker