WEB MAGAZINEARTICLES

കപർണോം

വീണാദേവി മീനാക്ഷി

സിനിമ സ്ത്രീപക്ഷമോ പുരുഷപക്ഷമോ ആകുന്നതിലും ഉപരി മനുഷ്യപക്ഷം
ആകുമ്പോൾ അതിന്റെ സാമൂഹ്യപ്രസക്തി രാജ്യങ്ങളുടെ അതിരുകൾ
കടന്നുപോകും . നമ്മുടെ രാജ്യമുൾപ്പടെ ലോകമെമ്പാടും അഭയാർത്ഥികളുണ്ട്
. അവരോടുള്ള രാഷ്ട്രീയ സമീപനം വ്യത്യസ്തവുമാണ് . ഏതു സമയവും
നാടുകടത്തപ്പെടാം എന്ന ഭയത്തിൽ ജീവിക്കുമ്പോഴും മനുഷ്യർ
അവരുടേതായ ചുറ്റുപാടിൽ നിലനില്പിനായി പോരാടുന്നത് പല
രീതിയിലാണ് . അതിൽ കൂടുതലും നിയമലംഘനങ്ങൾ ആകുന്നത്
സ്വാഭാവികം . ബെയ്‌റൂട്ടിലെ ചേരിയിൽ ജീവിക്കുന്ന സെയ്ൻ എന്ന ബാലൻ
കേന്ദ്രകഥാപാത്രമായ സിനിമയാണ് കപർണോം . ലെബനീസ് നടിയും
സംവിധായികയുമായ നദീൻ ലബ്ബാക്കിയുടെ മൂന്നാമത് സിനിമയാണ്
കപർണോം . ഒരു സിനിമ സമൂഹത്തിനു നേരെ ചൂണ്ടുന്ന വിരലുകളും
ചോദ്യങ്ങളും ആവുക എന്ന ദൗത്യമത്രെ കപർണോം എന്ന ഈ
സിനിമയിലൂടെ നദീൻ നിർവഹിക്കുന്നത് . നീണ്ട നാലു വർഷങ്ങൾ
സിനിമക്ക് വേണ്ടി പഠനം നടത്തി ആറു മാസത്തോളം ഷൂട്ട് ചെയ്താണ്
കപർണോം നിർമിച്ചത് . മികച്ച ഭാഷാചിത്രത്തിനുള്ള ഓസ്കാർ
നോമിനേഷൻ ലഭിക്കുകയും കാൻ ഫെസ്റ്റിവലിൽ ജൂറി പുരസ്‌കാരം
നേടുകയും ചെയ്ത സിനിമയാണിത് .അഭിനേതാക്കൾ ചേരിയിലെ
അഭയാർത്ഥികൾ തന്നെ . അഴുക്കും പൊടിയും നിറഞ്ഞ വികാരരഹിതമായ
ബെയ്‌റൂട്ടിലെ ഒരു ചേരിയിൽ അരങ്ങേറുന്ന കഥ അതിന്റെ സ്വാഭാവിക
ചലനങ്ങളിലൂടെതന്നെ ക്യാമറയിൽ പകർത്തുകയായിരുന്നു എന്ന പ്രത്യേകത
കപർണോമിനുണ്ട് . സംവിധായിക നദീൻ ലബ്ബാക്കിയും കാസ്റ്റിങ് ഡയറക്ടർ
ജെന്നിഫർ ഹദ്ദാദും ചേർന്ന് കപർണോമിലെ കഥാപാത്രങ്ങളെ
തെരുവിൽനിന്നും കണ്ടെടുത്തു അവരുടെ ജീവിതങ്ങൾ സിനിമയിലും
തുടരുവാനുള്ള ഒരു കഥ ഒരുക്കുകയായിരുന്നു .സെയ്‌നിന്റെ അമ്മയായി
അവതരിപ്പിച്ചത് നദീൻ തനിക്ക് നേരിട്ട് പരിചയമുള്ള പതിനാറു
മക്കളുള്ള യുവതിയെയാണ് . അതുപോലെതന്നെ കോടതിമുറിയിലെ ജഡ്ജി
യാഥാർത്ഥജീവിതത്തിലും ജഡ്ജി തന്നെയാണ് ! യാഥാർഥ്യം സിനിമയിൽ
നിന്നും ഒട്ടും അകലെയല്ല എന്നൊരു ഓർമ്മപ്പെടുത്തൽ കൂടി ഇതിലുണ്ട് .
മുൻകൂട്ടി തയ്യാറാക്കിയ സംഭാഷണമോ ചിത്രീകരണത്തിനായി ഒരുക്കിയ
തെരുവുകളോ ഈ സിനിമയിൽ ഇല്ല . സ്വാഭാവികമായി പെരുമാറുകയും
സംസാരിക്കുകയും ചെയ്യുന്ന മനുഷ്യർ അതുകൊണ്ടുതന്നെ പ്രേക്ഷകന്റെ
ഹൃദയം നിരന്തരം മുറിപ്പെടുത്തിക്കൊണ്ടിരിക്കും .

വേരുകൾ നഷ്ടപ്പെട്ട കുട്ടികൾ 

ഈ ലോകത്ത് സ്വത്വം നഷ്ടപ്പെട്ട അനേക ലക്ഷം അഭയാർഥികളുണ്ട് .
അവരിൽ നല്ലൊരു പങ്ക് കൊച്ചുകുട്ടികളാണ് . പിറന്നുവീഴുമ്പോൾ മുതൽ
ജീവിതസമരം തുടങ്ങുന്നവർ . ശാരീരികവും , ലൈംഗികവും ,
മാനസികവും ആയ എണ്ണമറ്റ പീഡനങ്ങളിലൂടെ കടന്നുപോകുന്നുണ്ടവർ.
മയക്കുമരുന്നും , മോഷണവും ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ അവരിലേക്ക്
വന്നെത്തുകയാണ് . ദുരിതമയമായ ജീവിതത്തിലെ നൈമിഷിക
ആശ്വാസത്തിനായി മുതിർന്നവർ ഏർപ്പെടുന്ന ശാരീരിക ബന്ധത്തിന്റെ
ഉപോല്പന്നങ്ങൾ. അവർ എല്ലാവരും ഭരണകൂടത്തിന് അന്യരാണ് . ഒരു
കുടുംബത്തിലെ അത്തരം കുട്ടികളിൽ ഒരുവൻ ആണ് നായകൻ ആയ
പന്ത്രണ്ടുകാരൻ . വീട്ടിലെ വിശപ്പടക്കാൻ അവനാൽ ആവുന്നതെല്ലാം
സെയ്ൻ ചെയ്യുന്നുണ്ട് . മയക്കുമരുന്നായി ഉപയോഗിക്കുന്ന
വേദനസംഹാരികൾ വ്യാജമരുന്ന് കുറിപ്പടികൾ ഉപയോഗിച്ച്
സംഭരിക്കുകയും . ആ ഗുളികകൾ ചാലിച്ചുണക്കിയ ഉടുപ്പുകൾ ജയിലിൽ
കിടക്കുന്ന സഹോദരന് എത്തിക്കുക അവന്റെ ജോലിയാണ് . ആ
ഉടുപ്പുകൾ വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞുണ്ടാക്കുന്ന ലഹരിപാനീയം
വിറ്റുകിട്ടുന്നതാണ് കുടുംബത്തിന്റെ വരുമാനം . ഈ കഠിനജീവിതത്തിൽ
അവന്റെ ഏക സന്തോഷം സഹർ എന്ന കൊച്ചുസഹോദരിയാണ് .
അവൾ ആദ്യമായി ഋതുവാകുമ്പോൾ തന്റെ ഷർട്ട് ഊരി നാപ്കിൻ
പോലെ ചുരുട്ടി കൊടുക്കുകയും പിന്നീട് അവൾക്ക് വേണ്ടി കടയിൽ നിന്നും
സാനിറ്ററി നാപ്കിൻ മോഷ്ടിക്കുകയും ചെയ്യുന്നുണ്ട് അവൻ . എന്നാൽ
അവൾക്ക് സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തത്തിൽ നിന്നും സെയ്നിന്
സഹറിനെ രക്ഷിക്കാൻ കഴിയുന്നില്ല . പതിനൊന്നുകാരിയായ സഹറിനെ
കുറച്ചു കോഴികൾ സ്ത്രീധനമായി വാങ്ങി പിതാവ് വീട്ടുടമയുടെ
ആഭാസനായ മകന് വിവാഹം ചെയ്തു കൊടുക്കുന്നു .അത് തടയാൻ
കഴിയാതെ നിരാശനായി സെയ്ൻ വീടുപേക്ഷിച്ചുപോകുന്നു . പിന്നീട്
അവന്റെ തെരുവിലെ ജീവിതം ഒരു അനധികൃത കുടിയേറ്റക്കാരിയുടെയും
അവളുടെ കുഞ്ഞിന്റെയും കൂടെയാണ് . അവൾ ജോലിക്കു പോകുന്ന
സമയം കുഞ്ഞിനെ നോക്കുന്ന ചുമതല സെയ്ൻ ഏറ്റെടുക്കുന്നു . ഒരുനാൾ
യുവതിയും ജയിലിൽ ആകുന്നു . കുഞ്ഞുമായി സെയ്ൻ തെരുവിൽ
കഴിയാൻ പെടാപ്പാടു പെടുന്നു . എന്നാൽ മനുഷ്യക്കടത്തുകാർ ചെറിയ
കുട്ടിയെ നോട്ടമിട്ടിട്ടുണ്ട് . ആ കുഞ്ഞിന് കിട്ടുന്ന പ്രതിഫലം തനിക്കും
മറ്റൊരു രാജ്യത്തേക്കുള്ള [ സ്വീഡൻ ] വഴി തുറക്കും എന്ന് സെയ്ൻ
മോഹിക്കുന്നു .
അനന്തരം .

എന്നാൽ അതൊന്നുമല്ലല്ലോ സിനിമയുടെ തുടക്കത്തിൽ പ്രേക്ഷകൻ കാണുന്നത്
. സെയ്ൻ ഒരു കുട്ടിക്കുറ്റവാളിയാണ് . ഒരു ‘ കൊടിച്ചിയുടെ മോനെ ‘
കുത്തിയ കുറ്റത്തിന് കോടതി അവനെ അഞ്ചു വർഷത്തേക്ക് ശിക്ഷിച്ചു .
എന്നാൽ അവനു തന്നെ ശിക്ഷിച്ച കോടതിയോട് ഒന്ന് പറയാനുണ്ട് . തന്റെ
മാതാപിതാക്കളെ ശിക്ഷിക്കണം ! ന്യായാധിപൻ അമ്പരന്നുപോയി .
‘ എന്നെ ജനിപ്പിച്ചതിന് അവരെ ശിക്ഷിക്കണം !!’ അവൻ ജഡ്ജിയോട്
അപേക്ഷിച്ചു .
സ്വന്തം ജീവിതം ശാപമായി തീർന്ന ഒരു ചെറിയ ബാലൻ അവന്റെ
ജനനത്തിന് മാതാപിതാക്കളെ അല്ലാതെ വേറെ ആരെയാണ്
കുറ്റപ്പെടുത്തേണ്ടത് ? കാപർണോം ഉയർത്തുന്ന ചോദ്യമിതാണ് .
അവനോടുള്ള നിഷ്കരുണമായ നിരുത്തരവാദിത്തത്തിനു സമൂഹവും
സ്‌റ്റേറ്റും രണ്ടാമത്തെ തെറ്റുകാരാണ് . ആദ്യത്തെ തെറ്റ് അവന്റെ
മാതാപിതാക്കളുടേതും .
കപർണോമിൽ ഇതിലും ഏറെ പരാമർശം അർഹിക്കുന്ന കഥാതന്ദുക്കളുണ്ട്
. എന്നാൽ ഈ സിനിമ നേരിൽ കണ്ടു അനുഭവിച്ചറിയേണ്ട ഒന്നാണ്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker