കണ്ണൂര്‍: ധര്‍മ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജില്‍, 12.93 ഏക്കര്‍ സ്ഥലത്ത് 285 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷന്‍ ഹബ്ബിന്റെ നിര്‍മ്മാണോദ്ഘാടനം ഓഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.
പോളിടെക്നിക് കോളേജ്, ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ഐ ടി ഐ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സിവില്‍ സര്‍വ്വീസ് അക്കാഡമി എന്നിവയാണ് ഈ വിദ്യാഭ്യാസ സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ അടിസ്ഥാന വികസന സൗകര്യങ്ങളായ അതിഥി മന്ദിരം, കാന്റീന്‍, ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റല്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
പദ്ധതി ഭൂമിയോട് ചേര്‍ന്ന് പിണറായി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, 2000 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ട്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഏകോപനച്ചുമതല ഐ എച്ച് ആര്‍ ഡിയും നിര്‍മ്മാണ മേല്‍നോട്ടം കെ എസ് ഐ ടി ഐ എല്ലും നിര്‍വ്വഹിക്കുന്നു.
നവീനമായ പുതുതലമുറ കോഴ്സുകള്‍ ഉള്‍പ്പെടെ നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ ഒറ്റ ക്യാമ്പസില്‍ ലഭ്യമാക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമായാണ്. രാജ്യത്തിനകത്തും പുറത്തും നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നിലയിലേക്ക് ഈ സ്ഥാപനത്തിന് വളരാനുള്ള എല്ലാ അനുകൂല ഘടകങ്ങളും ഇവിടെ ഒരുക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ചടങ്ങില്‍ വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
61 1 minute read