WEB MAGAZINESTORY

നിക്ഷ്പക്ഷമതിയുടെ ശവമടക്ക്

എം.പി.പ്രേമ
പോളിങ്ങ്ബൂത്തിൽ നിന്ന് പുറത്തു കടന്നയുടൻ റോയിച്ചൻ കുഴഞ്ഞു വീഴുകയായിരുന്നു .
‘അയാളുടെ കയ്യിൽ മഷിുരട്ടിയത് ഞാനാണ് ..’
പോളിങ്ങ് ഓഫീസർ പറഞ്ഞു.
‘വോട്ട് ചെയ്തതിനു ശേഷമുണ്ടായ  ബീപ്പ്  ശബ്ദം ഞാൻ കേട്ടതാണ് ‘..
പ്രിസൈഡിങ്ങ് ഓഫീസർ പറഞ്ഞു..
ഇപ്പറഞ്ഞതെല്ലാം ശരി വെച്ച്
പോളിങ്ങ് ഏജന്റുമാർ തല കുലുക്കി.
പൊതുപ്രവർത്തകരും പോലീസും വോട്ടുചെയ്യാനെത്തിയവരും
കാണികളായെങ്കിലും കർമ്മ നിരതരായിരുന്നതിനാൽ
റോയിച്ചന്റെ ഭാര്യ ട്രീസയും
മകൻ നിക്സണും  ഓട്ടോഡ്രൈവവർ വേലപ്പനും
ചേർന്നാണ്  അയാളെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചത്.
ജാതീം മതോം രണ്ടാണെങ്കിലും  റോയിച്ചൻ
മനസ്സിൽ കാണും മുമ്പ് മാനത്തു കാണും വേലപ്പൻ !
ആശുപത്രിയിലെത്തിച്ച അയാളുടെ പൾസും ഇ.സി.ജിയും പരിശോധിച്ച ഡോക്ടറുടെ മുഖത്തു നിന്ന് രക്തം മുഴുവനായും വാർന്നു പോയി.
ഐ.സി.യുവിന്റെ വാതിൽക്കലെത്തിയതും
റോയിച്ചന്റെ  പിടച്ചിലൊടുങ്ങുകയായിരുന്നു .
‘വെന്റിലേറ്റർ ഒഴിവുണ്ടായിരുന്നു..
പക്ഷേ …’
‘ഉം.. രണ്ടീസെങ്കിലും വെന്റിലേറ്ററിൽ കിടന്ന് മരിച്ചു ജീവിക്കാൻ യോഗല്യാത്ത ഹതഭാഗ്യൻ !’
ഡോക്ടർ മുഴുവനാക്കും മുമ്പ്
വേലപ്പൻ  ഇടയിൽ കേറിപ്പറഞ്ഞു.
‘ആശുപത്രിയിലെത്തിയ ശേഷം മരണം സംഭവിച്ചതു കൊണ്ട് പോസ്റ്റുമോർട്ടത്തിന്റെ നൂലാമാലകളില്ലാതെ രക്ഷപ്പെട്ടു . പിന്നെ പരേതനെ
കോവിഡ് കീഴ്പ്പെടുത്തിയിട്ടില്ല.
ഹൃദയാഘാതമാണ് മരണ കാരണം .. ‘
ഡോക്ടർ  സ്ഥിരീകരിച്ചു.
‘സോ, ശവമടക്കിന് ചാർച്ചക്കാർക്കും ചേർച്ചക്കാർക്കും  പേടി കൂടാതെ പങ്കെടുക്കാം..’
പോരാത്തതിന്  വോട്ട് ചെയ്തതിനു ശേഷമല്ലേ മരിച്ചത് ! പാർട്ടിക്കാരൊക്കെ
വരാതിരിക്ക്യോ ?
അടുത്തുണ്ടായിരുന്ന  നഴ്സ്
കൂട്ടിച്ചേർത്തു.
‘പക്ഷേ , വിരലില് മഷി പുരട്ടീച്ചാലും വോട്ട് പെട്ടീല് വീണൂച്ചാലും ആളൊരു നിക്‌ഷ്പക്ഷമതിയായിരുന്നേയ്…
ആരോടൊപ്പാ നിന്നേ , ആർക്കാ ചെയ്തേ  ഇതൊന്നും  ആർക്കും ഒരു പിടീണ്ടാവില്ല..
അതോണ്ട്  ശവമടക്കിന്  മുന്നണികൾക്കൊക്കെ തെരക്ക്ണ്ടാവാനേ തരള്ളൂ…
ബോഡി ആംബുലൻസിൽ
കയറ്റുന്നതിനിടയിൽ വേലപ്പൻ  ട്രീസയേയും
മകൻ നിക്സനേയും നോക്കിപ്പറഞ്ഞു.

Related Articles

Back to top button