LATESTKERALA

അയിരൂർ സദാശിവൻ, ഓർമ്മകൾക്ക് ആറാണ്ട് 

പ്രസാദ് മൂക്കന്നൂർ 

പത്തനംതിട്ട: .നിരവധി ഗാനങ്ങള്‍ തന്റെ സ്വരമാധുരിയിലൂടെ മലയാളിക്ക് സമ്മാനിച്ച അയിരൂര്‍ സദാശിവന്റെ ഓര്‍മ്മകള്‍ക്ക് ആറാണ്ട് . പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനായിരുന്ന അയിരൂര്‍ സദാശിവന്റെ ആറാം
ചരമവാര്‍ഷികം ആണ് ചൊവ്വാഴ്ച്ച.

2015 ഏപ്രില്‍ 9ന് ചങ്ങനാശ്ശേരിക്കടുത്ത് വാഹനാപകടത്തിലാണ് ഈ അനുഗ്രഹീത ഗായകന്‍ വിട പറഞ്ഞത്. അമ്മേ അമ്മേ, അവിടുത്തെ മുന്നില്‍ ഞാനാര് ദൈവമാര് എന്ന പാട്ടാണ് അദേഹം സിനിമയ്ക്ക് വേണ്ടി ആദ്യം പാടിയത്.

വയലാര്‍ രാമവര്‍മ്മ അമ്മയ്ക്ക് വേണ്ടി എഴുതിയതാണ് അമ്മേ എന്ന് ആരംഭിക്കുന്ന ഗാനം .പിന്നീട് ഈ പാട്ട് ചായം എന്ന ചിത്രത്തിനായി ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയപ്പോള്‍ ഒരു നല്ല ഗായകനെ മലയാള സിനിമയ്ക്ക് ലഭിക്കുകയായിരുന്നു. അയിരൂര്‍ സദാശിവന്‍ എന്ന ഗായകനെ. മലയാള സിനിമാ ഗാന രംഗത്ത് അയിരൂര്‍ സദാശിവന്റെ ജൈത്രയാത്ര യുടെ തുടക്കം ആയിരുന്നു ഈ ഗാനം. ഇദ്ദേഹത്തെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തിച്ചതും ദേവരാജന്‍ മാസ്റ്ററാണ്. മാഷ് മലയാള സിനിമാ സംഗീതത്തിന് സംഭാവന നല്‍കിയ അനുഗ്രഹീത ഗായകനായിരുന്നു സദാശിവന്‍. ആദ്യഗാനം തന്നെ മലയാളി ഹൃദയത്തില്‍ സൂക്ഷിച്ച തോടെ രണ്ടാമത്തെ പാട്ടും അതിനൊപ്പം ഹിറ്റായി മാറി.

മരം എന്ന ചിത്രത്തിന് വേണ്ടി യൂസഫലി കേച്ചേരി രചിച്ച് ദേവരാജന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന് അയിരൂര്‍ സദാശിവന്‍ ആലപിച്ച മൊഞ്ചത്തിപ്പെണ്ണേ, നിന്‍ ചുണ്ട്, നല്ല ചുവന്ന താമര ചെണ്ട് എന്ന് തുടങ്ങുന്ന പാട്ടും മറക്കാന്‍ കഴിയില്ല. മാപ്പിള പാട്ടിന്റെ ശൈലിയിലുള്ള ഈ ഗാനം അയിരൂര്‍ സദാശിവനെ കൂടുതല്‍ പ്രശസ്തനാക്കി. അങ്കത്തട്ടുയര്‍ന്ന നാട് ചിത്രം അങ്കത്തട്ട്,അല്ലിമലര്‍തത്തേ ശാപമോക്ഷം,അഹം ബ്രഹ്മാസ് മി ബ അതിഥി, ഇതിലെ പോകും കാറ്റിന് പോലും വിപഞ്ചിക, ഈശ്വരന്‍മാര്‍ക്കെല്ലാം പ്രേമിക്കാം ലവ് ഇന്‍ ര്യേജ്, ഉദയ താരക ബ മറ്റൊരു സീത,കസ്തൂരി ഗന്ധികള്‍ പൂത്തു സേതു ബന്ധനം,കടുകടുപാണ്ടി പെണ്ണ് ,ഗാനമധു വീണ്ടും കല്യാണസൗഗന്ധികം ,ഗോപകുമാര രഹസ്യ രാത്രി ,ചന്ദനക്കുറിചാര്‍ത്തി അലകള്‍,ജന്‍ മദിനം ജന്‍മദിനം കൊട്ടാരം വില്‍ക്കാനുണ്ട്, പാലം കടക്കുവോളം കലിയുഗം, ശ്രീവല്‍സം മാറില്‍ ചാര്‍ത്തിയ ചായം, സിംഫണി സിംഫണി പഞ്ചവടി,തുടങ്ങിയവയാണ് അയിരൂര്‍ സദാശിവന്‍ പാടിയ പ്രധാന ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ഭൂരിഭാഗവും ദേവരാജന്‍ മാസ്റ്ററാണ്.

ദക്ഷിണാ മൂര്‍ത്തിയും എം.കെ.അര്‍ജുനനും ചില ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. 1982ല്‍ ചലച്ചിത്ര പരിഷത്ത് കമ്മറ്റി ഏര്‍പ്പെടുത്തിയ വിലക്കാണ് അയിരൂര്‍ സദാശിവന്‍ എന്ന അനുഗ്രഹീത ഗായകനെ മലയാള സിനിമാരംഗത്ത് നിന്നും പിന്നീട് അന്യമാക്കിയത്. പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ പത്മനാഭന്റെയും കുഞ്ഞുകുട്ടിയമ്മയുടേയും മകനായി 1939 ജനുവരി 19 ന് ജനനം. പിതാവിന്റെ പാട്ടുകള്‍ കേട്ട് വളര്‍ന്ന ബാല്യം. ജന്‍മസിദ്ധമായി ലഭിച്ച കഴിവുമായി അഞ്ചാം വയസ്സില്‍ സംഗീത ലോകത്തേക്ക് പിച്ചവെച്ചു .കെ .എസ്.കുട്ടപ്പന്‍ ഭാഗവതരില്‍ നിന്നും സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചു. ആണ്ടി പിള്ള ഭാഗവതര്‍ ,കുഞ്ഞു പിള്ളയാശാന്‍,ഹരിപ്പാട് ഗോപിയാശാന്‍ എന്നിവരായിരുന്നു മറ്റ് ഗുരുക്കന്‍മാര്‍. 12 വയസ്സില്‍ നാടകങ്ങളില്‍ പാടാന്‍ തുടങ്ങി.കെ. പി.എ.സി വിട്ട ശേഷം കോട്ടയത്ത് നാഷണല്‍ തീയറ്റേഴ്‌സിന് ഒപ്പം ചേര്‍ന്നു. ചന്ദ്രശേഖരന്‍ നായരുടെ ഓപ്പറ ഹൗസ്, ചങ്ങനാശ്ശേരി ഗീഥ എന്നീ നാടകക്കമ്പനിയിലും പ്രവര്‍ത്തിച്ചു.നിരവധി ലളിതഗാനങ്ങള്‍ക്ക് ഈ ഗായകന്‍ സംഗീതവും നല്‍കി. 1984ല്‍ നിര്‍മ്മിച്ച ഇനിയും പുറത്തിറങ്ങാത്ത വിപഞ്ചിക എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും അയിരൂര്‍ സദാശിവന്‍ ഈണം നല്‍കി. കേരള സംഗീത നാടക അക്കാഡമിയുടെ ലളിതഗാനശാഖയിലെ 2004ലെ പുരസ്‌ക്കാരവും ലഭിച്ചു. പരേതയായ രാധയാണ് ഭാര്യ.ശ്രീലാശ്രീകുമാര്‍ എന്നിവര്‍ മക്കള്‍ മൂന്നരപ്പതിറ്റാണ്ടിന് മുന്‍പ് അയിരൂര്‍ സദാശിവനെ മലയാള സിനിമാരംഗത്ത് നിന്നും അന്യമാക്കിയതിന്റെ നഷ്ട്ടം ഒരിക്കലും നികത്താന്‍ കഴിയില്ല.ചലച്ചിത്ര ഗാനമേഖലയ്ക്ക് അയിരൂര്‍ സദാശിവനെ ഓര്‍ക്കുമ്പോള്‍ ഒന്നേ പറയാന്‍ കഴിയു അവിടുത്തെ മുന്നില്‍ ഞങ്ങളാര്.

Related Articles

Back to top button