തിരുവനന്തപുരം: 3000 രൂപ കൈക്കൂലി വാങ്ങവെ പിടിയിലായ വീരണകാവ് വില്ലേജിലെ മുന്‍ വില്ലേജ് അസിസ്റ്റന്റ് ബാബു കാണി ഏഴ് വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. 2016 -ല്‍ 3000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഏഴ് വര്‍ഷം കഠിനതടവിനും 15,000 രൂപപിഴ അടയ്ക്കാനും തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
വസ്തു ഈട് വച്ച് ലോണ്‍ എടുക്കുന്നതിന് ആവശ്യമായ റവന്യൂ രേഖകള്‍ക്കായി സമീപിച്ച ആളോടായിരുന്നു ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. രേഖകള്‍ ലഭ്യമാക്കുന്നതിന് 3000 രൂപ കൈക്കൂലി വേണമെന്ന് ഇയാള്‍ ആഴശ്യപ്പെട്ടു. പരാതി ലഭിച്ചതോടെ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി യായിരുന്ന ആര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി 2016 ജനുവരി 21-ന് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പ്രതി ബാബുകാണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വീണ സതീശന്‍ ഹാജരായി.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി. കെ. വിനോദ്കുമാര്‍. ഐ.പി.എസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
1,093 1 minute read