BREAKING NEWSKERALALATEST

കോവിഡ് ഒരു അവസരമായി ചിലര്‍ കാണുന്നു; അമിത നിരക്ക് വാങ്ങുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരേ നടപടി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ വ്യത്യസ്ത നിരക്കുകള്‍ കോവിഡ് ചികിത്സയ്ക്ക് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരക്കുകളില്‍ വലിയ അന്തരമാണ് കാണുന്നത്. 2300 രൂപ മുതല്‍ മുതല്‍ 20,000 രൂപ വരെ പലയിടത്തും ഒരു ദിവസത്തെ ചികിത്സയ്ക്ക് മാത്രം ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ക്രമീകരിക്കാന്‍ ജില്ലാഭരണാധികാരികള്‍ ഇടപെടണം.
കോവിഡ് അവസരമായി കണ്ട് അമിതചാര്‍ജ് അപൂര്‍വ്വം ചിലരെങ്കിലും ഈടാക്കുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനതലത്തില്‍ ഈടാക്കേണ്ട തുകയെക്കുറിച്ച് ധാരണ ഉണ്ടാക്കും. സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം ശനിയാഴ്ച വിളിച്ചു ചേര്‍ക്കുന്നുണ്ട്. ഈ വിഷയവും അവിടെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
ആശുപത്രികളില്‍ ജീവനക്കാരുടെ കുറവ് ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നിര്‍ദ്ദേശവും
നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ ആദ്യത്തെ ഡോസ് വാക്‌സിനെടുത്തവര്‍ രണ്ടാമത്തെ ഡോസ് വല്ലാതെ വൈകിപ്പോകുമോ, അല്ലെങ്കില്‍ ലഭിക്കാതെ പോകുമോ, എന്ന് ആശങ്കപ്പെടുന്നുണ്ട്. വാക്‌സിനേഷന്‍ സെന്ററുകളിലെ തിരക്കിന് അത് കാരണമാകുന്നു. അത്തരത്തിലുള്ള ആശങ്ക ഉണ്ടാകേണ്ടതില്ല.
കേരളത്തില്‍ ഭൂരിപക്ഷം ആളുകള്‍ക്കും നല്‍കിയിട്ടുള്ളത് കോവിഷീല്‍ഡ് വാക്‌സിനാണ്. ആ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതില്‍ കുഴപ്പമില്ലെന്നും, അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഗുണപ്രദമെന്നുമാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദ്യത്തെ ഡോസ് ലഭിച്ചവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക്കൂട്ടേണ്ടതില്ല. മറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്.
‘കോവിഡ് വാക്‌സിന്‍ എടുത്തയാളുകള്‍ക്കും രോഗബാധ ഉണ്ടാകുന്നണ്ടല്ലോ, അതുകൊണ്ട് വാക്‌സിനേഷന്‍ എടുക്കേണ്ടതുണ്ടോ’ എന്ന ഒരു സംശയം ചിലരില്‍ ഉണ്ടാകുന്നുണ്ട്. ‘ബ്രെയ്ക് ത്രൂ ഇന്‍ഫെക്ഷന്‍’ എന്ന ഈ പ്രതിഭാസം കോവിഡ് വാക്‌സിനുകളുടെ കാര്യത്തില്‍ മാത്രമുള്ളതല്ല. വാക്‌സിനെടുത്താലും അപൂര്‍വം ചിലര്‍ക്ക് രോഗം വരാം.
വാക്‌സിനുകള്‍ രോഗം വരാനുള്ള സാധ്യത 70 മുതല്‍ 80 ശതമാനം വരേയും, ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാന്‍ ഉള്ള സാധ്യത 95 ശതമാനം വരെയും കുറയ്ക്കുന്നു. മരണമുണ്ടാകാനുള്ള സാധ്യത ഏറെക്കുറെ പൂര്‍ണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. വാക്‌സിനെടുത്ത ഒരാള്‍ക്ക് കോവിഡ് പിടിപെട്ടാല്‍, വാക്‌സിനെടുക്കാത്ത ആളെ അപേക്ഷിച്ച് മരണസാധ്യത വളരെയധികം കുറവായിരിക്കും.
ഇന്ത്യയില്‍ ഇതുവരെ നടന്ന കോവിഡ് വാക്‌സിനേഷന്‍ ഐസിഎംആര്‍ പഠനവിധേയമാക്കിയപ്പോള്‍ 10,000ല്‍ 4 പേര്‍ക്ക് എന്ന നിരക്കില്‍ മാത്രമാണ് ബ്രെയ്ക് ത്രൂ ഇന്‍ഫെക്ഷന്‍ ഉണ്ടായതായി കണ്ടെത്തിയത്. ഇതില്‍ നിന്നും വാക്‌സിന്‍ സുരക്ഷിതമാണ് എന്നു മനസ്സിലാക്കാം. ലഭ്യമാകുന്ന മുറയ്ക്ക് മടികൂടാതെ വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണം.
അതേസമയം വാക്‌സിനെടുത്തെന്ന ആത്മവിശ്വാസത്തോടെ ശ്രദ്ധയില്ലാതെ നടന്നാല്‍ രോഗം പിടിപെട്ടേക്കാം. ഗുരുതരമായ രോഗാവസ്ഥയുണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും രോഗം പകര്‍ത്താന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യും. സമൂഹത്തില്‍ ഭൂരിഭാഗം പേര്‍ക്കും വാക്‌സിന്‍ ലഭിക്കുന്ന ഘട്ടം വരെ നമ്മള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവിക്കാന്‍ നിര്‍ബന്ധിതരാണ്. ആ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളു.
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍ഥതയും കഠിനാധ്വാനവുമാണ് ഈ സന്ദര്‍ഭത്തില്‍ നമ്മുടെ കരുത്തായി മാറുന്നത്. ഏകദേശം ഒന്നര ലക്ഷം കോവിഡ് രോഗികളേയാണ് ഇപ്പോള്‍ നമ്മള്‍ ചികിത്സിക്കുന്നത്. ഒരു ലക്ഷത്തില്‍ കൂടുതല്‍ ടെസ്റ്റുകള്‍ ഒരു ദിവസം ചെയ്യുന്നുണ്ട്. രണ്ടു ലക്ഷത്തില്‍ കൂടുതല്‍ വാക്‌സിനുകള്‍ ഒരു ദിവസം നല്‍കാനും ശ്രമിക്കുന്നു.
ഇങ്ങനെ നോക്കിയാല്‍ ഏകദേശം 5 ലക്ഷം ആളുകള്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട് മാത്രം നമ്മുടെ ആരോഗ്യ സംവിധാനം സേവനം നല്‍കുകയാണ്. ഇത്തരത്തില്‍ അതിശക്തമായ സമ്മര്‍ദ്ദവും ജോലി ഭാരവുമാണ് ആരോഗ്യസംവിധാനത്തിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉള്ളത്. സമൂഹം ഇതു മനസ്സിലാക്കുകയും അവരുടെ ഉത്തരവാദിത്വങ്ങളോട് ഏറ്റവും മികച്ച രീതിയില്‍ സഹകരിക്കാന്‍ തയ്യാറാകുകയും വേണം.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കാനും, ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും വേണ്ടിയാണ് നമ്മള്‍ കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. അതു മുഖാന്തരം 13,000ലധികം ആളുകള്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇതുവരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രോഗവ്യാപന ഘട്ടത്തില്‍ പ്രദര്‍ശിപ്പിച്ച സന്നദ്ധതയോടെ കൂടുതല്‍ ആളുകള്‍ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നിലവില്‍ രോഗവ്യാപനം വീണ്ടും ശക്തമായ സാഹചര്യത്തില്‍ നാടിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കോവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തില്‍ വരും നാളുകളില്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഏപ്രില്‍ 26ന് തിങ്കളാഴ്ച രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗം ചേരുന്നത്.

****

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker