തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായ എഴുന്നള്ളിപ്പിനിടയ്ക്ക് ആല്‍ക്കൊമ്പ് പൊട്ടിവീണുണ്ടായ അപകടത്തെ തുടര്‍ന്ന് തിരുവമ്പാടിപാറമേക്കാവ് വിഭാഗങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. ദാരുണമായ സംഭവം ഉണ്ടായതിനെ തുടര്‍ന്ന് വെടിക്കെട്ട് ആഘോഷമാക്കേണ്ടതില്ലെന്ന് ഇരുവിഭാഗങ്ങളും തീരുമാനിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് വെടിക്കെട്ടിന് വേണ്ടിയുളള ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ട് ഇത് നിര്‍വീര്യമാക്കാനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. അതിനാല്‍ വെടിക്കോപ്പുകള്‍ കത്തിച്ച് നിര്‍വീര്യമാക്കുക എന്ന നിലപാടാണ് ഇരുവിഭാഗവും സ്വീകരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ തിരുവമ്പാടിയുടെയും ആറുമണിയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകള്‍ കത്തിച്ച് നിര്‍വീര്യമാക്കി.
പകല്‍പ്പൂരം ചടങ്ങ് മാത്രമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. തിരുവമ്പാടി വിഭാഗം ആഘോഷമില്ലാതെ ഒരു ആനയെ മാത്രം ഉപയോഗിച്ചാണ് നേരത്തേ എഴുന്നളളത്ത് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മേളം നിശ്ചയിച്ചിരുന്നു. എന്നാല്‍ അപകടമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ മേളം വേണ്ടെന്നുവെച്ചു. 15 ആനകളെ എഴുന്നള്ളിക്കാനാണ് പാറമേക്കാവ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചടങ്ങുകള്‍ മാത്രം നടത്താനാണ് ഇപ്പോള്‍ പാറമേക്കാവ് വിഭാഗത്തിന്റെയും തീരുമാനം. മേളക്കാരുടെ എണ്ണത്തിലും കുറവ് വരുത്തുന്നുണ്ട്. ആഘോഷങ്ങള്‍ ഒട്ടുമില്ലാതെ ചടങ്ങ് മാത്രമായി നടത്താനാണ് ഇരുവിഭാഗത്തിന്റെയും തീരുമാനം. പകല്‍പ്പൂരത്തിന്റെ സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. പത്തുമണിയോടെ ഉപചാരം ചൊല്ലി പിരിയല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്കുശേഷമായിരുന്നു അപകടം നടന്നത്. മഠത്തില്‍വരവ് പഞ്ചവാദ്യം നടക്കുന്ന അതേസ്ഥലത്താണ് അപകടമുണ്ടായത്. രാത്രിയിലെ പഞ്ചവാദ്യം തുടങ്ങിയ ഉടനെ തൊട്ടടുത്ത തൃപ്പാക്കല്‍ ക്ഷേത്രവളപ്പിലെ ആലിന്റെ വലിയ കൊമ്പ് പൊട്ടിവീഴുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുവമ്പാടി ആഘോഷക്കമ്മിറ്റി അംഗം എരവിമംഗലം ഇരിക്കാലില്‍ ഹൗസില്‍ രമേഷ് (56), പൂങ്കുന്നം പണിയത്തുവീട്ടില്‍ രാധാകൃഷ്ണന് (65) എന്നിവരാണ് മരിച്ചത്. വാദ്യക്കാര്‍ ഉള്‍പ്പെടെ ഇരുപത്തേഴോളം പേര്‍ക്ക് പരിക്കേറ്റു.
ബ്രഹ്മസ്വം മഠത്തില്‍നിന്നും നായ്ക്കനാല്‍ പന്തലിലേക്കുള്ള തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാണ് സംഭവം. വൈദ്യുതിക്കമ്പി ആളുകള്‍ക്കിടയിലേക്ക് വീഴാഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. പലരും കൊമ്പിനടിയില്‍ പെട്ടു. ഏറെ സമയമെടുത്താണ് പലരെയും പുറത്തെടുത്തത്.
എഴുന്നള്ളിപ്പിനെത്തിയ നൂറോളം ആളുകള്‍ അവിടെയുണ്ടായിരുന്നു. പലരും ഒഴിഞ്ഞുമാറി രക്ഷപ്പെട്ടു. വാദ്യക്കാര്‍ക്ക് ഒഴിഞ്ഞുമാറാനായില്ല. കുട്ടംകുളങ്ങര അര്‍ജുനനാണ് തിടമ്പേറ്റിയിരുന്നത്.കുറച്ചു പിറകിലായിരുന്നതിനാല്‍ ആനയ്ക്ക് പരിക്കേറ്റില്ല. പാപ്പാന് ചെറിയ പരിക്കേറ്റു. തുടര്‍ന്ന് ആനയെ അവിടെനിന്ന് മാറ്റി. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തെ തുടര്‍ന്ന് എഴുന്നള്ളിപ്പ് നിര്‍ത്തിവെച്ചു. മുക്കാല്‍ മണിക്കൂറിനുശേഷം എഴുന്നള്ളിപ്പ് പുനരാരംഭിച്ചു. അഗ്നിരക്ഷാസേന ഉടന്‍ എത്തിയാണ് കൊമ്പുകള്‍ മാറ്റിയത്. രമേഷ് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സിലെ ഉദ്യോഗസ്ഥനാണ്. ബിന്ദുവാണ് ഭാര്യ. മകന് മിഥുന്.