LATESTNATIONALTOP STORY

ഓക്‌സിജന്‍ മാസ്‌കുമായി ആശുപത്രി കിടിക്കയില്‍ നിന്ന് കേസ് വാദിച്ച് മലയാളി അഭിഭാഷകന്‍

ന്യൂഡല്‍ഹി: ഓക്‌സിജന്‍ മാസ്‌കുമായി ആശുപത്രികിടക്കയില്‍ നിന്ന് കേസ് വാദിച്ച് മലയാളി അഭിഭാഷകന്‍. അഡ്വ. സുഭാഷ് ചന്ദ്രന്റെ ജോലിയോടുള്ള ആത്മാര്‍ഥതയാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് പ്രതിഭ എം. സിങ്ങിന്റെ പ്രശംസ പിടിച്ചുപറ്റിയത്.

ആശുപത്രിയില്‍ ഓക്‌സിജന്‍ മാസ്‌കുമായി കിടന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം കേസ് വാദിച്ചത്. സൗദിയില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ സുഭാഷ് ചന്ദ്രന്‍ ഹാജരായത്.

ഓക്‌സിജന്റെ കുറവുനേരിടുന്ന സുഭാഷ്, ഏപ്രില്‍ 27 മുതല്‍ ഹിമാചല്‍ പ്രദേശിലെ ബഡ്ഡിയിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രധാന വിഷയമായതിനാല്‍ ബുധനാഴ്ച കേസ് ലിസ്റ്റ് ചെയ്തപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാവുകയാണ് ചെയ്തതെന്ന് മുന്‍ മാധ്യമപ്രവര്‍ത്തകന്‍കൂടിയായ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

ജനുവരി 24-ന് സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ച ഹിമാചല്‍ സ്വദേശി സഞ്ജീവ് കുമാറിന്റെ (51) മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഫെബ്രുവരി 18-ന് മൃതദേഹം അടക്കംചെയ്തതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. മരണ സര്‍ട്ടിഫിക്കറ്റില്‍ മുസ്ലിം എന്നായിരുന്നു എഴുതിയിരുന്നത്.

അതിനാല്‍ ഹിന്ദു ആചാരപ്രകാരം സംസ്‌കരിക്കുന്നതിനായി മൃതദേഹം നാട്ടിലെത്തിക്കണമെന്നു കാട്ടി ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മൃതദേഹം നാട്ടിലെത്തിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് മൃതദേഹം നാട്ടിലെത്തിയത്. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ച ഹൈക്കോടതി, സൗദി അറേബ്യന്‍ അധികൃതര്‍ക്കും നന്ദിയറിയിച്ചു.

Related Articles

Back to top button