LATESTWORLD

‘215 കുട്ടികളെ കൊന്ന് തള്ളിയതിന് മാപ്പ് പറയണം’: മാര്‍പാപ്പയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി കാനഡ

ഒട്ടാവ: വര്‍ഷങ്ങളോളം അടഞ്ഞുകിടന്ന സ്‌കൂളില്‍ നൂറ് കണക്കിന് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. വിഷയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പ് പറയണമെന്ന് കാനഡ ആവശ്യപ്പെട്ടു. ലോകമനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം ഹൃദയഭേദകമാണെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയതിന് പിന്നാലെയാണ് കത്തോലിക്കാ സഭ മാപ്പ് പറയണമെന്ന ആവശ്യം ശക്തമായത്. കാനഡയുടെ ആവശ്യത്തോട് വത്തിക്കാന്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
1978ല്‍ പൂട്ടിയ ബ്രിട്ടീഷ് കൊളംബിയയിലെ കാംലൂപ്‌സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരിസരത്ത് നിന്നാണ് മൂന്ന് വയസ് മുതല്‍ പ്രായമുള്ള 215 കുട്ടികളുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാനഡയിലെ തദ്ദേശീയ ഗോത്രവര്‍ഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളിലാണ് സംഭവം. ക്രിസ്തീയസഭകള്‍ നടത്തിയിരുന്ന ഈ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പഠിച്ചിരുന്ന ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ പീഡനം ഏറ്റുവാങ്ങേണ്ടിവന്നുവെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പല കുട്ടികളും ബലാത്സംഗത്തിനും ലൈംഗിക പീഡനങ്ങള്‍ക്കും ഇരയായെന്നും കണ്ടെത്തിയിരുന്നു. ഈ സംഭവമാണ് ഇപ്പോള്‍ കത്തോലിക്ക സഭയ്‌ക്കെതിരെ തിരിഞ്ഞത്.
ക്രിസ്ത്യന്‍ സഭകളുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ നടന്ന ക്രൂരതയ്ക്ക് മാര്‍പ്പാപ്പ മാപ്പ് പറയേണ്ടതുണ്ടെന്നാണ് കാനഡ വ്യകതമാക്കുന്നത്. മോശം സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സ്‌കൂളില്‍ 4100ഓളം കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തോലിക്ക മിഷനറിമാരുടെ ക്രൂരതകള്‍ സ്‌കൂളില്‍ അരങ്ങേറിയെന്ന ഗുരുതര ആരോപണവും ഉയരുന്നുണ്ട്. മാര്‍പാപ്പയുടെ ഭാഗത്ത് നിന്നും ക്ഷമാപണം ഉണ്ടാകണമെന്ന് അടുത്തിടെ രൂപീകരിച്ച ട്രൂത്ത് ആന്‍ഡ് റീകണ്‍സിലിയേഷന്‍ കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ട്. കമ്മീഷന്‍ നല്‍കിയ 94 ശുപാര്‍ശകളില്‍ ഒന്നാണ് മാര്‍പ്പാപ്പയുടെ ക്ഷമാപണം എന്ന ആവശ്യമുള്ളത്.
ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂട്ടിലാക്കിയ സംഭവത്തില്‍ മാര്‍പാപ്പയില്‍ നിന്നും ക്ഷമാപണം കാനഡ ആവശ്യപ്പെട്ടെങ്കിലും പ്രതിരോധം തീര്‍ക്കുകയാണ് ബിഷപ്പുമാര്‍. റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിഷയത്തില്‍ വ്യക്തിപരമായി മാപ്പ് പറയാന്‍ മാര്‍പാപ്പയ്ക്ക് കഴിയില്ലെന്ന നിലപാടിലാണ് ബിഷപ്പുമാര്‍. കനേഡിയന്‍ ബിഷപ്പുമാരുടെ കനേഡിയന്‍ സമ്മേളനം 2018ല്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനെതിരെ മന്ത്രി മാര്‍ക്ക് മില്ലര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. ‘സംഭവത്തില്‍ പ്രതികരിക്കാത്തതും മാപ്പ് പറയാത്തതുമായ നടപടി ലജ്ജാകരമാണ്. ഇക്കാര്യത്തില്‍ രാജ്യത്തെ കത്തോലിക്കാ മെത്രാന്മാര്‍ക്ക് ഒരു ഉത്തരവാദിത്തമുണ്ട്. മാര്‍പാപ്പയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം കുട്ടികളെ നഷ്ടമായ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരും. അതിനാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാഗത്ത് നിന്നും ക്ഷമാപണം ഉണ്ടാകുന്നത് കേള്‍ക്കാന്‍ താന്‍ കാത്തിരിക്കുകയാണ്’ എന്നും മന്ത്രി പറഞ്ഞു.
1840ല്‍ ആരംഭിച്ച ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം 1990കളില്‍ സാധാരണമായിരുന്നു. എന്നാല്‍ എന്നാണ് നരഹത്യയ്ക്ക് തുല്യമായ സംഭവങ്ങള്‍ ഉണ്ടായതെന്ന് വ്യക്തമല്ല. ഇതുവരെ 4100ഓളം കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും കണക്കുകള്‍ അതിലും കൂടുലായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 6,000 പേര്‍ വരെ മരിച്ചുവെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. 1970കളില്‍ പീഡനം രൂക്ഷമായിരുന്നുവെന്നും പറയപ്പെടുന്നു. സ്‌കൂളിന്റെ കൂടുതല്‍ പരിസരങ്ങള്‍ പരിശോധിക്കുകയാണ്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ട പീഡനങ്ങളും മാതൃഭാഷ സംസാരിച്ചതുമായി ബന്ധപ്പെട്ടും കുട്ടികള്‍ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായായി. പ്രദേശത്ത് നിന്നും കൂടുതല്‍ ശവക്കുഴികള്‍ കണ്ടെത്തുമെന്നും ഫോറന്‍സിക് പരിശോധന നടത്തി മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തിരിച്ചറിയുമെന്നും തുടര്‍ന്ന് ബന്ധുക്കള്‍ക്ക് കൈമാറുമെന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker