LATESTGADGETSTECH

ചാനല്‍ നിരക്ക് കുറയ്ക്കല്‍: ട്രായ് തീരുമാനം ബോംബെ ഹൈക്കോടതി ശരിവെച്ചു

മുംബൈ: ടെലിവിഷന്‍ ചാനല്‍ നിരക്കുകള്‍ കുറച്ചുകൊണ്ടുള്ള ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) തീരുമാനം ബോംബെ ഹൈക്കോടതി ശരിവെച്ചു. എന്നാല്‍, ബൊക്കെയിലുള്ള (ചാനല്‍ക്കൂട്ടം) പേ ചാനലുകളുടെ നിരക്ക് ഒറ്റയ്ക്ക് വാങ്ങേണ്ടിവരുമ്പോള്‍ അതിന്റെ മൂന്നിരട്ടിയിലധികം വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന ട്രായിയുടെ നിര്‍ദേശം കോടതി തള്ളി. ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നായിരുന്നു ജസ്റ്റിസുമാരായ എ.എ. സയ്യദ്, അനൂജ് പ്രഭുദേശായ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം.
വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ സമയമനുവദിക്കണമെന്ന് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്റെ അഭ്യര്‍ഥന മാനിച്ച് ഉത്തരവ് നടപ്പാക്കുന്നത് കോടതി ആറാഴ്ചത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ചാനല്‍നിരക്കുകള്‍ നിയന്ത്രിക്കാന്‍ ട്രായിക്ക് അധികാരമില്ലെന്ന ചാനലുടമകളുടെ വാദവും കോടതി തള്ളി. 2017ലാണ് ചാനല്‍ നിരക്കുകള്‍ നിയന്ത്രിക്കാന്‍ ട്രായ് നടപടി തുടങ്ങിയത്. ഇതേത്തുടര്‍ന്ന് പേ ചാനലിന്റെ കൂടിയ നിരക്ക് 19 രൂപയായി നിജപ്പെടുത്തുകയും 160 രൂപയ്ക്ക് 100 സൗജന്യചാനലുകള്‍ നല്‍കണമെന്നും ഉത്തരവിറക്കിയിരുന്നു.
നിയമം നടപ്പാക്കിയതോടെ രാജ്യത്ത് ഭൂരിപക്ഷം പ്രദേശങ്ങളിലും കേബിള്‍ ടി.വി. നിരക്ക് കൂടുകയാണുണ്ടായത്. ഇതേത്തുടര്‍ന്നാണ് കൂടിയ നിരക്ക് 12 രൂപ, 130 രൂപയ്ക്ക് 200 സൗജന്യ ചാനലുകള്‍ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളോടെ നിയമം പരിഷ്‌കരിച്ചത്. ഇതിനെതിരേ ചാനലുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ബോംബെ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കേസില്‍ വാദം കഴിഞ്ഞിരുന്നെങ്കിലും മാസങ്ങള്‍ക്കുശേഷമാണ് വിധി വരുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker