KERALALATEST

ഡോ. പി.കെ. വാര്യര്‍: എഞ്ചിനീയറാകാന്‍ മോഹിച്ചു, ലോകം വാഴ്ത്തിയത് ആയുര്‍വേദ കുലപതിയായി

കേരളത്തിന്റെ ആയുര്‍വേദ സംസ്‌കൃതിയുടെ അടയാളം ലോകനെറുകയില്‍ രേഖപ്പെടുത്തിവെക്കാന്‍ കാലം നിയോഗിച്ചതായിരുന്നു പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ എന്ന പി.കെ. വാര്യരെ. ആയുര്‍വേദത്തിന്റെ കര്‍മവഴികളില്‍ കാഴ്ചവെച്ച സമര്‍പ്പണവും ദീര്‍ഘവീക്ഷണവും ആ ലക്ഷ്യത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്തു. ആയുര്‍വേദ ചികിത്സക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെതന്നെ ആദ്യ കേന്ദ്രമാക്കി കോട്ടക്കല്‍ ആര്യവൈദ്യശാലയെ മാറ്റിയെടുത്ത ഡോ. പി.കെ. വാര്യര്‍ പാരമ്പര്യ വിധികളില്‍നിന്ന് വ്യതിചലിക്കാതെതന്നെ ശാസ്ത്ര സാങ്കേതിക വിദ്യകളെക്കൂടി കൂട്ടുപിടിച്ച് ആയുര്‍വേദ കേരളത്തിന്റെ ‘തലസ്ഥാന’മാക്കി കോട്ടക്കലിനെ മാറ്റി.
ആയുര്‍വേദ രംഗത്തെ കോര്‍പറേറ്റ് മത്സരങ്ങള്‍ക്കിടയിലും പരസ്യവാചകങ്ങളൊന്നുമില്ലാതെതന്നെ ഒരു ട്രസ്റ്റ് ആയി ഇന്നും നിലനില്‍ക്കുന്നു കോട്ടക്കല്‍ ആര്യവൈദ്യശാല. പി.കെ. വാര്യരുടെ കീഴില്‍ വൈദ്യശാലയായി മാത്രമല്ല, ഒരു സാംസ്‌കാരിക കേന്ദ്രംകൂടിയായി അത് അറിയപ്പെട്ടു. നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായി രാജ്യം പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. രാജ്യത്തിനുതന്നെ അഭിമാനമായി മാറിയ ഡോ. പി.കെ. വാര്യര്‍ വിടപറഞ്ഞിരിക്കുന്നത് ശതാഭിഷേക ആഘോഷങ്ങള്‍ക്കു പിന്നാലെയാണ്.
എന്‍ജിനീയറിങ്ങിന് പോകാനായിരുന്നു പി.കെ. വാര്യരുടെ ആഗ്രഹം. അന്നത്തെക്കാലത്ത് ഇന്റര്‍മീഡിയറ്റ് കഴിഞ്ഞാല്‍ എന്‍ജിനീയറിങ്ങിന് ചേരാമായിരുന്നു. എന്നാല്‍, വീട്ടുകാര്‍ക്കിഷ്ടം ആയുര്‍വേദം പഠിക്കുന്നതും. വൈദ്യരത്‌നം പി.എസ്. വാര്യര്‍ (അദ്ദേഹത്തിന്റെ വല്യമ്മാമന്‍) ഉണ്ടായിരുന്ന കാലമാണ്. ജ്യേഷ്ഠന്‍ (ആര്യവൈദ്യന്‍ പി. മാധവ വാര്യര്‍) വൈദ്യനായി പ്രാക്ടിസ് ചെയ്ത് പി.എസ്. വാര്യരെ സഹായിച്ചിരുന്നു. ഭാവിയില്‍ ആര്യവൈദ്യശാല കൊണ്ടുനടത്താന്‍ ആരാണ് ഉണ്ടാവുക എന്ന വീട്ടുകാരുടെ ചിന്തയാണ് വൈദ്യപഠനത്തിലേക്ക് എത്തിച്ചത്.
കോട്ടക്കല്‍ കിഴക്കേ കോവിലകം വക കെ.പി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലൂം കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലുമായി തുടര്‍ വിദ്യാഭ്യാസം. പിന്നീട് കോട്ടക്കല്‍ ആയുര്‍വേദ പാഠശാലയില്‍ ‘ആര്യവൈദ്യന്‍’ കോഴ്‌സിന് പഠിച്ചു. ആയുര്‍വേദ പഠന സമയത്ത് നാട്ടില്‍ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. കോളജും കോടതികളും വിട്ട് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാവാന്‍ മഹാത്മഗാന്ധി ആഹ്വാനം ചെയ്ത അക്കാലത്ത് എന്‍.വി. കൃഷ്ണന്‍കുട്ടി വാര്യര്‍ക്കൊപ്പം 1942ല്‍ കോളജ് വിട്ട് സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി. 1945ല്‍ വൈദ്യപഠനം പൂര്‍ത്തിയാക്കി.
സത്യം, ധര്‍മം, മാനവികത എന്നീ അടിസ്ഥാന ഘടകങ്ങള്‍തന്നെയാണ് ആര്യവൈദ്യശാലയുടെ മുതല്‍ക്കൂട്ടെന്ന് പി.കെ. വാര്യര്‍ പറയുന്നു. ”ആര്യവൈദ്യശാലയുടെ സ്ഥാപകന്‍ എഴുതി തയാറാക്കിയ ഒരു വില്‍പത്രം ഞങ്ങള്‍ക്ക് മാര്‍ഗദര്‍ശകമാണ്. ആര്യവൈദ്യശാലയുടെ ലാഭം എങ്ങനെ വിനിയോഗിക്കണമെന്ന നിര്‍ദേശം ഞങ്ങള്‍ പാലിക്കുന്നുണ്ട്. ധര്‍മാശുപത്രിയുടെ ചെലവുകള്‍, പി.എസ്.വി നാട്യസംഘത്തിന്റെ നടത്തിപ്പ്, ആയുര്‍വേദ കോളജിന് ധനസഹായം എന്നിവയെല്ലാം ഈ വില്‍പത്രത്തില്‍ വിഭാവനം ചെയ്തപോലെത്തന്നെ നിര്‍വഹിക്കുന്നു” അദ്ദേഹം പറയുന്നു.
പി.കെ. വാര്യരുടെ ജ്യേഷ്ഠന്‍ മാനേജിങ് ട്രസ്റ്റിയായ കാലയളവില്‍, അതായത് 1940കളിലാണ് ആര്യവൈദ്യശാലയുടെ ഫാക്ടറിയില്‍ യന്ത്രവത്കരണം നടപ്പാക്കുന്നത്. രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി ആര്യവൈദ്യശാല ഗോള്‍ഡന്‍ ജൂബിലി നഴ്‌സിങ് ഹോം തുടങ്ങി. തിരൂരിലും തമിഴ്‌നാട്ടിലെ ഈറോഡിലും ആര്യവൈദ്യശാലയുടെ ശാഖകള്‍ സ്ഥാപിച്ചു. പിന്നീട് ആയുര്‍വേദത്തെ സംബന്ധിച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആര്യവൈദ്യശാലയില്‍ വിപുലമായി നടന്നു, അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
1999ല്‍ പ്രസിഡന്റ് കെ.ആര്‍. നാരായണനില്‍ നിന്ന് പത്മശ്രീ പുരസ്‌കാരം സ്വീകരിക്കുന്നു
2003ല്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാം ആണ് ഈ രംഗത്തെ പുതിയ സംരംഭമായ സെന്റര്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്റ് റിസര്‍ച് (സി.എം.പി.ആര്‍) ഉദ്ഘാടനം ചെയ്തത്. നിരവധി ശാസ്ത്രജ്ഞര്‍ ഇവിടെ പ്രവര്‍ത്തിക്കുകയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്. ആയുര്‍വേദ ഔഷധ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന മൂലികകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വിദഗ്ധ സംവിധാനങ്ങളും ഇവിടെയുണ്ട്. ഇതിനെല്ലാം അപ്പുറം വിപുലമായൊരു കൂട്ടായ്മയുടെ കേന്ദ്രബിന്ദുവാണ് ആര്യവൈദ്യശാലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പച്ചമരുന്നുകള്‍ ശേഖരിച്ചുനല്‍കുന്നവര്‍, പാല്‍ നല്‍കുന്നവര്‍ തുടങ്ങി ഡോക്ടര്‍മാരില്‍ വരെ എത്തിനില്‍ക്കുന്ന വിവിധ തലത്തിലുള്ള കൂട്ടായ്മയാണ്. ഈ കൂട്ടായ്മതന്നെയാണ് ആര്യവൈദ്യശാലയുടെ വിജയമന്ത്രമെന്ന് അദ്ദേഹം പറയുന്നു.
100ാം വയസ്സിലും പ്രസരിപ്പോടെയാണ് പി.കെ. വാര്യര്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്. രാവിലെ നാലരമണിക്ക് എഴുന്നേല്‍ക്കും. കുളിയും ജപവും പ്രാര്‍ഥനയുമെല്ലാം കഴിഞ്ഞ് ഏഴരക്ക് പ്രഭാത ഭക്ഷണം. കുട്ടികളോടും കുടുംബാംഗങ്ങളോടുമൊപ്പം കുറച്ചുസമയം ഉറപ്പായും ചെലവഴിക്കും. ആയുര്‍വേദ പുസ്തകങ്ങള്‍, മാസികകള്‍, ദിനപ്പത്രങ്ങള്‍ എന്നിവയുടെ വായനയും ഒരു ദിവസവും മുടക്കാറില്ലായിരുന്നു.
ല്ലാദിവസവും രോഗികളെ പരിശോധിക്കുന്നത് ശീലമായിരുന്നു. ഉച്ചയൂണു കഴിഞ്ഞ് അല്‍പം വിശ്രമം. ശേഷം ഉറപ്പായും ഓഫിസില്‍ തന്റെ സാന്നിധ്യമറിയിക്കും. ജോലിസമയം കഴിഞ്ഞ് സന്ധ്യക്കുള്ള കുളിയും പ്രാര്‍ഥനയും കഴിഞ്ഞാല്‍ രാത്രിഭക്ഷണം നേരത്തേ തന്നെ കഴിക്കും. കുറച്ചുനേരം നടക്കും. രാത്രി ഒമ്പതരയോടെ ഉറങ്ങാന്‍ കിടക്കും. വളരെ ചിട്ടയോടെയുള്ള ജീവിതം തന്നെയാണ് അദ്ദേഹത്തിന്‍േറത്. തന്‍േറതായ കാരണത്താല്‍ ഇക്കാര്യങ്ങള്‍ക്കൊന്നും മുടക്കം വരാതെ ശ്രദ്ധിക്കാറുമുണ്ട്. ജീവിതത്തില്‍ സമയനിഷ്ഠ പുലര്‍ത്തുക എന്നത് ഒരു വിട്ടുവീഴ്ചയും ചെയ്യാതെ അദ്ദേഹം നടപ്പാക്കിപ്പോരുന്ന കാര്യമാണ്. അതിനോടൊപ്പം എപ്പോഴും ശുഭാപ്തിവിശ്വാസവും ശുഭപ്രതീക്ഷയും മനസ്സില്‍ കൊണ്ടുനടക്കും.
921ലാണ് പി.കെ. വാര്യരുടെ ജനനം. വലിയമ്മാമനായ വൈദ്യരത്‌നം പി.എസ്. വാര്യരുടെ ഉപദേശ നിര്‍ദേശങ്ങളാണ് അദ്ദേഹം എന്നും പിന്തുടര്‍ന്നുപോന്നത്. ”ബ്രിട്ടീഷ് ഭരണകൂടത്തിനു കീഴില്‍ ആയുര്‍വേദ ചികിത്സ ശാസ്ത്രത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. ആയുര്‍വേദത്തിെന്റ പ്രചാരത്തിനും ഉന്നമനത്തിനുമായാണ് 1902 ഒക്ടോബര്‍ 12ന് വലിയമ്മാമന്‍ ആര്യവൈദ്യശാല സ്ഥാപിച്ചത്. അദ്ദേഹം സ്വപ്നം കണ്ടിരുന്നതില്‍നിന്ന് എത്രയോ മടങ്ങ് പുരോഗതി ആയുര്‍വേദത്തിനുണ്ടായിരിക്കുന്നു. ഔഷധനിര്‍മാണം, വിപണനം, രോഗചികിത്സ, ഗവേഷണം എന്നിവയാണ് ആര്യവൈദ്യശാലയുടെ മുഖ്യ പ്രവര്‍ത്തന രംഗങ്ങള്‍. പഴയകാലത്ത് ആയുര്‍വേദ ആശുപത്രികള്‍ കുറവായിരുന്നു. മരുന്നുകള്‍ വ്യവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ ചികിത്സരംഗത്തും മാറ്റങ്ങള്‍ വന്നു.
1924ല്‍ പി.എസ്. വാര്യര്‍ ധര്‍മാശുപത്രി തുടങ്ങിയത് ആയുര്‍വേദ ചികിത്സ രംഗത്ത് പ്രാധാന്യമുള്ള ഒരുകാര്യമാണ്. 1954ല്‍ നഴ്‌സിങ് ഹോം പ്രവര്‍ത്തനമാരംഭിച്ചു. 2000ത്തില്‍ ഡല്‍ഹിയില്‍ ആശുപത്രി തുടങ്ങി. 2008ല്‍ എറണാകുളത്തും ആരംഭിച്ചു. വൈദ്യന്റെ മേല്‍നോട്ടത്തില്‍തന്നെ ചികിത്സ, ഭക്ഷണം, ദിനചര്യ, പഥ്യം എന്നിവ രോഗികള്‍ക്കു ലഭിക്കുന്നത് രോഗശമനത്തിന് അത്യാവശ്യമാണ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും രോഗികള്‍ ചികിത്സക്കായി ഇവിടെ എത്തുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ആയുര്‍വേദത്തിനുള്ള പ്രാധാന്യം വര്‍ധിക്കുന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു” അദ്ദേഹം പറഞ്ഞിരുന്നു.
”പഴയകാലത്ത് വീടിനു ചുറ്റുമുള്ള പച്ചമരുന്നുകള്‍ കൊണ്ടായിരുന്നു ചികിത്സ. വൈദ്യന്‍ എഴുതിക്കൊടുക്കുന്ന കുറിപ്പടി അനുസരിച്ച് രോഗിതന്നെ വീട്ടില്‍ മരുന്നുണ്ടാക്കി കഴിക്കുമായിരുന്നു. 1902ല്‍ ആര്യവൈദ്യശാല വ്യവസായികാടിസ്ഥാനത്തില്‍ മരുന്നു നിര്‍മാണം തുടങ്ങി. നിര്‍മിത ഔഷധങ്ങള്‍ രോഗികള്‍ക്ക് ലഭ്യമായിത്തുടങ്ങി. ആയുര്‍വേദ ചികിത്സ നടത്താന്‍ ആശുപത്രികള്‍ സ്ഥാപിച്ചു. ഗുരുകുല വിദ്യാഭ്യാസ രീതിയില്‍നിന്ന് ആയുര്‍വേദ പഠനം പാഠശാലയിലേക്കു മാറി. ആയുര്‍വേദ കോളജുകള്‍ നിലവില്‍വന്നു. എന്‍ട്രന്‍സ് ടെസ്റ്റ് അടിസ്ഥാനമാക്കിയാണല്ലോ ഇപ്പോള്‍ ആയുര്‍വേദപഠനത്തിന് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. മരുന്നു നിര്‍മാണത്തിന് നൂതന യന്ത്രസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിവരുന്നു. എന്‍ജിനീയറിങ്ങിലും സസ്യശാസ്ത്രത്തിലും രസതന്ത്രത്തിലുമുള്ള നൂതന അറിവുകള്‍ ഔഷധ നിര്‍മാണ രംഗത്ത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഗുഡ് മാനുഫാക്ചറിങ് പ്രാക്ടിസ് ഔഷധ നിര്‍മാണ മേഖലയില്‍ നിലവില്‍വന്നു.
നിരവധി ഔഷധ നിര്‍മാണ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍തലത്തില്‍ ആയുര്‍വേദത്തിനായി ആയുഷ് ഡിപ്പാര്‍ട്‌മെന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കഷായം ടാബ്‌ലറ്റ് രൂപത്തിലാക്കിയതും ഭസ്മങ്ങള്‍ കാപ്‌സ്യൂളുകളിലാക്കിയതുമെല്ലാം ആയുര്‍വേദത്തിലെ കാലാനുസൃത പരിഷ്‌കാരങ്ങളാണ്. ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകള്‍ ആയുര്‍വേദത്തിെന്റ പുരോഗതിക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നിരവധി വിദേശികള്‍ ചികിത്സക്കായി ഇന്ത്യയിലെത്തുന്നുണ്ട്. ആയുര്‍വേദത്തിനുണ്ടായ പുരോഗതിയില്‍ അദ്ദേഹം സംതൃപ്തനായിരുന്നു.

Related Articles

Back to top button