കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ (74) കാലം ചെയ്തു. പുലര്‍ച്ചെ 2.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യ നില മോശമായിരുന്ന ബാവയുടെ ജീവന് നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു.
കോട്ടയം ദേവലോകം അരമനയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. കബറടക്കം നാളെ നടക്കും.
ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ അദ്ദേഹം തൃശൂര്‍ കുന്നംകുളത്താണ് ജനിച്ചത്.പോള്‍ എന്നായിരുന്നു പേര്. പഴഞ്ഞി ഗവ.ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ബിരുദവും കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കോട്ടയത്തെ ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലും സെറാംപൂര്‍ സര്‍വ്വകലാശാലയിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കി.
1972 ല്‍ ശെമ്മാശ പട്ടം ലഭിച്ച അദ്ദേഹം 2010 നവംബർ 1-ന് പരുമല സെമിനാരിയിൽ വെച്ച് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു. ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ സ്ഥ്യാനത്യാഗം ചെയ്തതിനെ തുടർന്നാണ് കാതോലിക്കാ ബാവയായത്. നിർധനർക്കായി നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹം ചെയ്തത്. പരുമലയിൽ കാൻസർ ചികിത്സാ കേന്ദ്രം തുറക്കുകയും സ്നേഹസ്പർശം പരിപാടിയിലൂടെ നിർദനരെ സഹായിക്കുകയും ചെയ്തു.