ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത് മനുഷ്യസ്നേഹത്തിന്റെ എക്കാലത്തെയും കലര്‍പ്പില്ലാത്ത പ്രതീകമാണ്.അശരണര്‍ക്കും നിരാലംബര്‍ക്കുമായി എന്നും കര്‍മപദ്ധതികളില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹം മനുഷ്യസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായിരുന്നു. സഭയുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കിയതും 2011ല്‍ സഭയുടെ പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളില്‍ പുരുഷന്മാര്ക്കൊപ്പം സ്ത്രീകള്‍ക്കും വോട്ടകവകാശം ഏര്‍പ്പെടുത്തിയതും ബാവയുടെ ഭരണപരിഷ്കാരങ്ങളില്‍ പ്രധാനപ്പെട്ടതാണ്.സുപ്രീംകോടതി വിധി അനുകൂലമായിട്ടും പള്ളി ഏറ്റെടുത്ത് നല്‍കാത്ത സര്‍ക്കാരുകളെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചിരുന്നു.
തൃശ്ശൂര്‍ ജില്ലയിലെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെ ഐ ഐപ്പിന്റെയും കുഞ്ഞീറ്റയുടേയും മകനായി 1946 ഓഗസ്റ്റ് 30 നാണ് അദ്ദേഹം ജനിച്ചത്. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് ബിഎസ്സിയും കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് എംഎയും കരസ്ഥമാക്കി.1973ല്‍ വൈദികപട്ടം സ്വീകരിച്ചു.1982ല്‍ പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്ക്കോപ്പയായി. 1985ല്‍ മെത്രാപ്പൊലിത്തയും പുതുതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ സാരഥിയുമായി.2006 ഒക്ടോബര്‍ 12 ന് നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടു. നാലു വര്‍ഷത്തിനുശേഷം ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ സ്ഥ്യാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2010 നവംബര്‍ 1ന് പരുമല സെമിനാരിയില്‍ വെച്ച് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു. മലങ്കര ഓര്‍ത്തഡോക്സ് സഭാചരിത്രത്തില്‍ പരുമല തിരുമേനിക്കു ശേഷം മെത്രാന് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കുന്നംകുളം പ്രദേശത്തു നിന്നുള്ള മൂന്നാമത്തെ മലങ്കര മെത്രാപ്പൊലിത്തയുമാണ് ഇദ്ദേഹം.