BREAKING NEWSNATIONAL

38 ഭാര്യമാരും 89 മക്കളും; ‘ലോകത്തെ ഏറ്റവും വലിയ ഗൃഹനാഥന്‍’ അന്തരിച്ചു

ഐസോള്‍: ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനെന്ന് അറിയപ്പെട്ടിരുന്ന മിസോറമിലെ സിയോണ ചന അന്തരിച്ചു. 76 വയസായിരുന്നു. മിസോറം തലസ്ഥാനമായ ഐസ്വോളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അന്ത്യം. സിയോണയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി സോറാംതാങ്ക ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്തെ ചെറിയ സംസ്ഥാനങ്ങളിലൊന്നായ മിസോറാമിലാണ് ‘ലോകത്തിലെ ഏറ്റവും വലിയ കുടുംബവുമായി’ സിയോണ ചന കഴിഞ്ഞിരുന്നത്. 38 ഭാര്യമാരും 89 മക്കളും ഉള്‍പ്പെടുന്നതാണ് ചനയുടെ കുടുംബം. മിസോറാമിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണവുമായിരുന്നു ബാക്തോങ് തലാങ്‌നുവാമിലെ ഇദ്ദേഹത്തിന്റെ കുടുംബം.
ചന പോള്‍ എന്ന ഉപഗോത്രത്തിന്റെ തലവനാണ് സിയോണ. 1942ലാണ് ഈ വിഭാഗം നിലവില്‍ വരുന്നത്. 1945 ലാണ് സിയോണയുടെ ജനനം. 38 ഭാര്യമാരുള്ള ഇദ്ദേഹത്തിന്റെ ആദ്യ വിവാഹം പതിനേഴാം വയസിലായിരുന്നു. തന്നേക്കാള്‍ മൂന്ന് വയസ് കൂടുതലുള്ള സ്ത്രീയുമായിട്ടായിരുന്നു ഈ വിവാഹം. പിന്നീട് ഇടവിട്ടുള്ള വര്‍ഷങ്ങളിലും സിയോണ വിവാഹിതനാവുകയായിരുന്നു.
തന്റെ എല്ലാ ഭാര്യമാര്‍ക്കും ആണ്‍ മക്കള്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പം ഒരു വീട്ടില്‍ തന്നെയാണ് സിയോണ ചന കഴിഞ്ഞ് വന്നത്. ഇദ്ദേഹത്തിന്റെ പെണ്‍മക്കള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം അവരവരുടെ വീടുകളിലാണ് കഴിയുന്നത്. 2004ലാണ് സിയോണ ചന അവസാനമായി വിവാഹം ചെയ്തത്.
180ല്‍ അധികം ആളുകളാണ് സിയോണയുടെ വീട്ടിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറിലേറെ മുറികളുള്ള നാലുനില വീട്ടിലാണ് ഇവര്‍ കഴിയുന്നത്. സിയോണയുടെ മുറിയോടുചേര്‍ന്ന ഡോര്‍മിറ്ററിയിലാണ് ഭാര്യമാരുടെ താമസം. മക്കളും കൊച്ചുമക്കളുമായി പല മുറികളില്‍ കഴിയുമ്പോഴും ഇവര്‍ക്കെല്ലാവര്‍ക്കുമായി ഒരൊറ്റ അടുക്കളയിലാണ് പാചകം.
ലോകശ്രദ്ധ നേടിയിരുന്ന സിയോണ ചനയുടെ മരണ വാര്‍ത്ത പങ്കുവെച്ച് മിസോറം മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിട്ടുണ്ട്. മിസോറാമും അദ്ദേഹത്തിന്റെ ഗ്രാമമായ ബാക്തോങ് തലാങ്‌നുവാമും പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറാന്‍ കാരണം ചനയുടെ വലിയ കുടുംബമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker