KERALABREAKING NEWSLATEST

എറണാകുളത്തും സിക്ക വൈറസ്, ജില്ലയിലെ ആദ്യ രോഗി വാഴക്കുളം സ്വദേശി

കൊച്ചി:എറണാകുളം ജില്ലയിൽ ഒരാൾക്ക് സിക്ക വൈറസ് രോഗംസ്ഥീരീകരിച്ചു.തിരുവനന്തപുരത്ത് ആരോഗ്യ പ്രവർത്തകയായി ജോലി നോക്കുന്ന 34 വയസുള്ള വാഴക്കുളം സ്വദേശിനിക്കാണ് സിക്ക വൈറസ് രോഗം ബാധിച്ചത്. ഇവർ ജൂലായ് 12 ന് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തിയ ശേഷം രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജൂലായ് 14ന് സാമ്പിൾ ശേഖരിക്കുകയും തുടർന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റൂട്ടിലെ ലാബില്‍ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ കുടുംബാഗങ്ങൾക്കാർക്കും രോഗലക്ഷണങ്ങൾ ഇല്ല.

പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ജില്ലാതലത്തിൽ നിന്നും ഉദ്യോഗസ്ഥർ പ്രദേശത്ത് സന്ദർശനം നടത്തുകയും ആർ.ആർ.ടി യോഗം ചേരുകയും ചെയ്തു. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൻ്റെയും വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ പ്രദേശത്ത് ഫോഗിങ്, ഇൻഡോർ സ്പേസ് പ്രേയിങ് തുടങ്ങിയ കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. പ്രദേശത്തെ ഗർഭിണികളായ സ്ത്രീകളെ പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.

സംസ്ഥാനത്ത് സിക്ക റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജില്ലയിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം, ജില്ലാതല ആർ.ആർ.ടി യോഗം ചേരുകയും, ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.

ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത്. രോഗാണുബാധയുള്ള ഈഡിസ് കൊതുകിന്റെ കടി ഏല്‍ക്കുന്നതിലൂടെയാണ് ഒരാള്‍ക്ക് രോഗം പിടിപെടുന്നത്. ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കൊതുക് വളരാന്‍ സാധ്യതയുണ്ട്. വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം. അതിനാല്‍ നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണം.

ഗര്‍ഭിണികളും ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവരും സിക്ക വൈറസിനെതിരെ പ്രത്യേക കരുതല്‍ എടുക്കേണ്ടതാണ്. ഗര്‍ഭാവസ്ഥയിലെ ആദ്യ മാസങ്ങളില്‍ സിക്ക വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിനെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന ജന്മനായുള്ള വൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുക് കടി ഏല്‍ക്കാതിരിക്കുകയാണ് ഏറ്റവും പ്രധാന സുരക്ഷാ മാര്‍ഗം. ഇതിന് പുറമേ ലൈംഗിക ബന്ധത്തിലൂടെയും സിക്ക വൈറസ് പകരാം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ പ്രായമാവരും കുട്ടികളും ശ്രദ്ധിക്കേണ്ടതാണ്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്.

കൊതുകിന്റെ ഉറവിട നശീകരണമാണ് ഏറ്റവും പ്രധാനം. ഈഡിസ് കൊതുകുകളുടെ മുട്ടകള്‍ക്ക് ഒരു വര്‍ഷം വരെ ജീവിക്കാനാകും. ഇവയ്ക്ക് മുട്ടയിട്ടു വളരുന്നതിന് വളരെ കുറച്ച് വെള്ളം മതിയാകും. അതിനാലാണ് വെള്ളം കെട്ടിനിര്‍ത്തരുത് എന്ന് പറയുന്നത്. കൊതുകുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ഓരോരുത്തര്‍ക്കും പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് മുട്ടയിട്ട് വളരുവാന്‍ സാധ്യതയുള്ള ചെറിയ അളവ് ശുദ്ധജലം പോലും കെട്ടിക്കിടക്കുന്ന ബക്കറ്റുകള്‍, പൂച്ചട്ടികള്‍, ടയറുകള്‍ മുതലായവ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കേണ്ടതാണ്.

ലോക്ക് ഡൗണ്‍ കാലയളവില്‍ ദീര്‍ഘനാള്‍ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളില്‍ കൊതുക് ധാരാളമായി മുട്ടയിട്ട് പെരുകാന്‍ സാധ്യതയുണ്ട്. മാര്‍ക്കറ്റുകളില്‍ മത്സ്യം സൂക്ഷിക്കുന്ന പെട്ടികള്‍, വീട്ടുമുറ്റത്തും പുരയിടത്തിലും എറിഞ്ഞു കളഞ്ഞ പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക.

കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക, ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, ജനാലകളും വാതിലുകളും അടച്ചിടുക, ജനാലകള്‍ക്കും വാതിലുകള്‍ക്കും കൊതുകുവലകള്‍ ഉപയോഗിക്കുക, പകല്‍ ഉറങ്ങുമ്പോള്‍ പോലും കൊതുകുവല ഉപയോഗിക്കുക എന്നിവ പ്രധാനമാണ്. വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുള്ളതിനാല്‍ അവ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കേണ്ടതാ

Inline

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker