കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമികവിവരങ്ങൾ പൊലീസിൽ നിന്ന് തേടി. 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. കോടികണക്കിന് രൂപയുടെ കള്ള പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചു.
ബിജു കരിം, സുനിൽകുമാർ, ജിൽസ് എന്നിവരുടെ ബിനാമി ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. ഒരു കുടുംബത്തിലെ തന്നെ നാല് പേർക്ക് വരെ 1 കോടി 20 ലക്ഷം രൂപയുടെ വായ്പ നൽകിയത് ബിനാമി ഇടപാടെന്ന് സംശയിക്കുന്നു. പ്രതികൾ നടത്തിയിരുന്ന തേക്കടി റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും, സിഎംഎം ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വൻ വായ്പ തട്ടിപ്പ് നടന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. 2014, 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകർക്ക് പണം പിൻവലിക്കാൻ എത്തുമ്പോൾ പണം ലഭ്യമായിരുന്നില്ല. ഇതേതുടർന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തിൽ ആറ് മുൻ ജീവനക്കാർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്.