BREAKING NEWSKERALALATEST

അച്ഛന്‍ സ്വാമിയുടെ തുടക്കം കല്‍പ്പണിക്കാരനായി, ഇപ്പോള്‍ കുടുങ്ങിയത് പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ നാണയം വെച്ചുള്ള പൂജയില്‍

തൃശൂര്‍: എത്ര കള്ള സ്വാമിമാര്‍ പിടിക്കപ്പെട്ടാലും നമ്മുടെ നാട്ടുകാര്‍ പഠിക്കില്ല. പിന്നെയും പോകും തട്ടിപ്പുകാരുടെ പിന്നാലെ. ഇപ്പോഴിതാ തൃശൂര്‍ ജില്ലയിലും പിടിക്കപ്പെട്ടിരിക്കുന്നു ഒരാള്‍. അച്ഛന്‍ സ്വാമി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആളാണ് പിടിയിലായത്. മാളയില്‍ അത്ഭുത സിദ്ധി പറഞ്ഞ് ആഭിചാരക്രിയകള്‍ ചെയ്തു വന്നിരുന്ന ഇയാളെ പോക്സോ നിയമപ്രകാരമാണ് അറസ്റ്റിലായിരിക്കുന്നത്. വിശ്വാസികള്‍ അച്ഛന്‍ സ്വാമി എന്നു വിളിക്കുന്ന കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവിനെയാണ് (39) റൂറല്‍ എസ്പി ജി പൂങ്കുഴലി ഐപിഎസിന്റെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തില്‍ മാള ഇന്‍സ്പെക്ടര്‍ വി സജിന്‍ ശശി അറസ്റ്റു ചെയ്തത്. പതിനേഴുകാരിയെ ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകള്‍ നടത്തിവന്ന പ്രതിക്കെതിരെ പോക്സോനിയമപ്രകാരം കേസെടുത്താണ് അറസ്റ്റു ചെയ്തത്.
വീട്ടില്‍ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തിവന്നിരുന്ന ഇയാളെ തേടി പല സ്ഥലത്തു നിന്നും ആളുകള്‍ എത്തിയിരുന്നതായാണ് വിവരം. ഇയാളുടെ വീടിനു സമീപം അന്യജില്ലാ വാഹനങ്ങള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഡിവൈഎസ്പി ബാബു കെ തോമസ്, ഇന്‍സ്പെക്ടര്‍ വി സജിന്‍ ശശി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം കുറച്ചു ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരുന്നുണ്ടായിരുന്നു.
അതിനിടെയാണ് പെണ്‍കുട്ടിയുടെ പരാതി ലഭിക്കുന്നത്. അതു കൊണ്ടു തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം തന്നെ അച്ഛന്‍ സ്വാമിയെ കുടുക്കാന്‍ പോലീസിനു കഴിഞ്ഞു. എസ്‌ഐ സുധാകരന്‍, എഎസ്‌ഐ ഒ എച്ച് ബിജു, സീനിയര്‍ സിപിഒമാരായ കെ എസ് ഉമേഷ്, മിഥുന്‍ കൃഷ്ണ, ഇ എസ് ജീവന്‍, ജിബിന്‍ ജോസഫ്, വനിത സീനിയര്‍ സിപിഒ ഷാലി എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് മഠത്തുംപടിയിലെ ഒരു ക്ഷേത്രത്തിലെ പരികര്‍മ്മിയുടെ സഹായിയായി ആയിരുന്നു രാജീവിന്റെ തുടക്കം. പിന്നീട് പരികര്‍മ്മി മരണപ്പെട്ടതോടെ ഇയാളുടെ മന്ത്രശക്തി തനിക്കു ലഭിച്ചെന്നു പ്രചരിപ്പിച്ച രാജീവ് തന്റെ വീട്ടില്‍ അമ്പലം പണിത് പൂജയും തുള്ളലും നടത്തി വരികയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ നാണയം വെച്ചു പൂജിച്ചുള്ള കൈവിട്ട പൂജകള്‍ സ്വാമിയെ കുടുക്കുകയായിരുന്നു.
പൂജ സമയത്തും വെളിപാട് തറയില്‍ പ്രവേശിച്ച് കല്‍പ്പന പറയുമ്പോഴും രാജീവ് സ്വാമി എല്ലാവര്‍ക്കും അച്ഛനാണ്. അതുകൊണ്ട് അച്ഛന്‍ സ്വാമി എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടന്നാണ് വിലയിരുത്തല്‍. സാമ്പത്തിക തട്ടിപ്പും നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വളരെ സാധാരണ ജീവിതം നയിച്ചിരുന്ന പ്രതി ചുരുങ്ങിയ കാലത്തിനിടയില്‍ സാമ്പത്തിക ശേഷിയും ആഡംബര വാഹനങ്ങളും സ്വന്തമാക്കിയതായാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച മഫ്തിയില്‍ പോലീസ് ഭക്തരെന്ന വ്യാജേന ഇയാളുടെ അമ്പലത്തില്‍ എത്തിയെങ്കിലും സ്വാമി സ്ഥലത്തില്ലായിരുന്നു. പിന്നീട് വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ തടഞ്ഞ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker