WEB MAGAZINEARTICLES

അരങ്ങു ജീവിതത്തിൻ്റെ മുകുന്ദ ഭാഷ്യം

ഇന്ദിരാ ബാലൻ 
പഴയകാലത്ത് കഥകളി പഠനം  മിക്കവാറും വീടുകളിലെ സാമ്പത്തിക ഞെരുക്കത്തിൽ നിന്നു കൊണ്ടാണധികം പേരും    അഭ്യസിച്ചിരുന്നത്.   എന്നാൽ സമൂഹം സാംസ്കാരികമായി വളർന്നതോടെ ജനജീവിതത്തിൻ്റെ അനശ്ചിതാവസ്ഥകൾ ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു. മധ്യവർഗ്ഗ സമൂഹത്തിലെല്ലാവരും കൃഷിയും ഭൂമിയും ജോലിയും കൊണ്ടൊക്കെ സാമ്പത്തിക ഭദ്രത നേടി. എഴുപത് – എൺപത്കാലത്ത് കഥകളി പഠിക്കാനെത്തിയ വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും  പത്താം ക്ലാസ് വരെ പഠിച്ചവരായിരുന്നു . കഥകളി ഗ്രാമങ്ങളായ വെള്ളിനേഴി ,കാറൽമണ്ണ ,ചെർപ്പുളശ്ശേരി, വാഴേങ്കട എന്നീ സ്ഥലങ്ങളൊക്കെ കഥകളി കൊണ്ട് കീർത്തി കേട്ട ദേശങ്ങളായിരുന്നു. അവിടെയുള്ള കുട്ടികൾക്കും കഥകളിയോട് വല്ലാത്തൊരു മമതാ ബന്ധം ഉണ്ടായിരുന്നു. ഓരോ ഗ്രാമത്തിലെ ഉത്സവക്കളികൾക്കും കൂട്ടുകാരുമായോ വീട്ടുകാരുമായോ ഒക്കെ കുട്ടികളും ആൺ പെൺ ഭേദമില്ലാതെ കളി വിളക്കിന് താഴെയുണ്ടാവും. നിരന്തരം കഥകളി കണ്ട്  കഥകളി മുദ്രകളെ കുറിച്ചുള്ള   ചെറിയ അറിവും കുട്ടികൾക്കുണ്ടായിരുന്നു.അത് പോലെ അന്നത്തെ ആശാൻമാരേയും കളി സംഘത്തേയുമൊക്കെ അവർക്കറിയാം. കഥകളിപ0നത്തിന് മുമ്പ് തന്നെ ഇവ്വിധം പരിചയങ്ങളുള്ള പശ്ചാത്തലമായിരുന്നു കലാനിലയം മുകന്ദൻ എന്ന കഥകളി നടൻ്റേത് .
1968ചിങ്ങമാസത്തിലെ മൂലം നക്ഷത്രത്തിലാണ് മുകുന്ദൻ്റെ ജനനം. വെള്ളിനേഴി പുത്തൻവീട്ടിൽ രാമകൃഷ്ണൻനായരുടേയും പത്മാവതിയമ്മയുടേയും രണ്ടാൺ മക്കളിൽ ഇളയവനായി. ഏട്ടൻ മുരളി. കഥകളി പാരമ്പര്യമുള്ള തറവാട്. അച്ഛച്ഛനായ കുറുവട്ടൂർ കുഞ്ഞൻ നായരും ചെറിയച്ഛനായ കലാമണ്ഡലം ഗോവിന്ദൻ കുട്ടിയുമൊക്കെ കഥകളി- നൃത്ത കലാകാരന്മാർ. ചെറിയച്ഛൻ്റെ ഭാര്യ കലാമണ്ഡലം തങ്കമണിക്കുട്ടി. അങ്ങനെ വിപുലമായ കലാബന്ധമുള്ള വീട്. വീട്ടിൽ അച്ഛമ്മയും മക്കളും പേരക്കുട്ടികളുമടങ്ങുന്ന വലിയ കുടുംബം. കൃഷിയും ഭൂമിയും ധാരാളം.സമൃദ്ധമായ കുട്ടിക്കാലമായിരുന്നു മുകുന്ദൻ്റേത്. ചെറിയച്ഛനും കുടുംബവും കൊൽക്കത്തയിൽ സ്ഥിരത്താമസം. കൊൽക്കത്തയിലെ ” കലാമണ്ഡലം ” എന്ന കലാ സ്ഥാപനത്തിൻ്റെ സാരഥികളാണവർ.
പത്താം ക്ലാസ് കഴിയാറായ സമയത്താണ് ചെറിയച്ഛനും കുടുംബവും അവധിക്കാലത്ത് വീട്ടിലെത്തിയത്. അവരെല്ലാവരുമെത്തിയാൽ പിന്നെ കലയും- കഥകളിയും – സംഭാഷണങ്ങളായി ഒരുൽസവമേളം തന്നെയാണ്. കലാനിലയം കുട്ടനാശാൻ്റെ വീട്ടുപടിക്കലിലൂടെയാണ് മുകുന്ദൻ്റെ വീട്ടിലേക്കുള്ള യാത്ര. അച്ഛനൊപ്പവും  വലിയമ്മയുടെ മകനായ മോഹനനൊപ്പവും കളി കാണാൻ മുകുന്ദനും ഉണ്ടാവും. അങ്ങിനെ കഥകളിയെക്കുറിച്ച് ഏകദേശ ധാരണയും  സമ്പാദിച്ചു. അച്ഛനും ചെറിയച്ഛനും കൂടിയാണ് മുകുന്ദനെ കഥകളി പഠിപ്പിക്കാൻ ചേർക്കാമെന്ന തീരുമാനമെടുത്തത്. അമ്മക്ക് മകനെ ഒരധ്യാപകനാക്കണമെന്നതായിരുന്നു മോഹം.എന്നാൽ അച്ഛൻ്റെ താൽപ്പര്യം മുകുന്ദൻ്റേയും ഇഷ്ടമായിരുന്നു. വേഷങ്ങൾ പലതും കണ്ട് കണ്ട് കഥകളിയെന്ന കലയെ ഹൃദയം ഏറ്റെടുത്തിരുന്നു.അങ്ങിനെയാണ് ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ 1984 ൽ കഥകളി ശിക്ഷണത്തിനായി എത്തുന്നത്.  അഡ്വക്കറ്റ് രാഘവ മേനോൻ, സാവിത്രി ലക്ഷ്മണൻ  എന്നീ ഉന്നതരുടെ സംഘമായിരുന്നു അന്നത്തെ ഇൻ്റർവ്യൂ ബോർഡ്. അതിൻ്റെ ഭാഗമായി ഒരു പദം പാടാനാവശ്യപ്പെട്ടു. നളചരിതം മൂന്നാം ദിവസത്തിലെ “വസവസ സൂത” എന്ന ഋതുപർണ്ണൻ്റെ പദമാണ് മുകുന്ദൻ ചൊല്ലിയത്. എന്തായാലും കഥകളി വേഷത്തിന് തിരഞ്ഞെടുക്കപ്പെട്ടു.  ജൂൺ അവസാനത്തോടെ കലാനിലയത്തിൽ ചേർന്നു.  കലാനിലയം കുട്ടനാശാന് കീഴിൽ ദക്ഷിണ വെച്ച് കച്ചയും മെഴുക്കും സ്വീകരിച്ചു.
നാല് വർഷം കലാനിലയം അധ്യാപകരായ രാഘവാശാൻ ,ഗോപാലകൃഷ്ണനാശാൻ  കലാനിലയം ഗോപി എന്നിവരുടെ കീഴിലെ പ്രാഥമിക ശിക്ഷണം നേടി. പലരും പറയുന്ന കഥകളിയിലെ  കഠിനമായ ശിക്ഷണ രീതി ആ നാലു വർഷവും മുകുന്ദന് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് എടുത്തുപറയുന്നു. ശകാരിക്കും അത്ര മാത്രം .അതിന് ശേഷം രണ്ടു വർഷം (5, 6 ) കുട്ടനാശാൻ്റെ കീഴിൽ ശിക്ഷണം നേടി. ആ സമയത്ത് ചിലപ്പോഴൊക്കെ അത്യാവശ്യം അടിയും കിട്ടിയിരുന്നെന്ന് മുകുന്ദ ഭാഷ്യം. പ0നത്തിലധികം  ബുദ്ധിമുട്ടുകളൊന്നും   നേരിട്ടിട്ടില്ല. അതിലുപരി അവിടുത്തെ ആഹാരക്രമം ദയനീയമായിരുന്നുവെന്നുള്ളത്  അൽപ്പം ഖേദമുണർത്തുന്നത്രെ.
ചവിട്ടി ഉഴിച്ചിലും സ്വൽപ്പം വേദനാജനകമായിരുന്നു. കഥകളിയോടുള്ള ഇഷ്ടം മൂലം ചെറിയ  പ്രശ്നങ്ങളൊന്നും വലുതായി അലട്ടിയിട്ടില്ല. അന്നത്തെ വിദ്യാർത്ഥികളിൽ മുകുന്ദനടക്കം ആറ് പേരായിരുന്നു. മറ്റുള്ളവരേക്കാളധികം  മുകുന്ദന് തന്നെയായിരുന്നു കഥകളിയുമായുള്ള മുൻ പരിചയവും .
 കൃത്യമായ ശിക്ഷണത്തിനും അഭ്യാസത്തിനും ശേഷം   ഗ്രൂപ്പിൽ ആദ്യവസാനം സ്ത്രീ വേഷങ്ങൾ കെട്ടിത്തുടങ്ങി. ഒപ്പം കൃഷ്ണവേഷവും.  അന്നത്തെ കലാനിലയം പ്രിൻസിപ്പൽ ചെണ്ട അധ്യാപകനായിരുന്ന അപ്പുമാരാർ ആയിരുന്നു. അദ്ദേഹമാണ്  വേഷങ്ങൾ നിശ്ചയിക്കുക.   കഥകളിയിലെ അതികായനായിരുന്ന പള്ളിപ്പുറം ഗോപാലൻ നായരുടെ പേരിലുള്ള അവാർഡും ഫസ്റ്റ് ക്ലാസ്സും മുകുന്ദന് ലഭിച്ചു.1989 മാർച്ചിൽ കഥകളി പഠനം പൂർത്തിയായി. ആ വർഷം തന്നെ കലാമണ്ഡലം രാമൻകുട്ടി നായരാശാനൊപ്പം കൊൽക്കത്തയിലേക്ക് ഒരു കഥകളി  യാത്രയുണ്ടായി. മുകുന്ദൻ്റെ ചെറിയച്ഛനായ കലാമണ്ഡലം ഗോവിന്ദൻ കുട്ടി- തങ്കമണിക്കുട്ടി കുടുംബവും കൊൽക്കത്തയിലുണ്ട്. അന്നത്തെ യാത്രയിൽ ദാമോദരൻ മാഷ്, ചുട്ടി ബാലൻ എന്നിവരും കൂടെയുണ്ടായിരുന്നു.
അക്കാലത്ത് നാട്ടിലും ധാരാളം അരങ്ങുകൾ ഉണ്ടായി. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രോത്സവത്തിന് കെട്ടിയ സ്ത്രീവേഷങ്ങളും, മറ്റരങ്ങുകളും ഇന്നും മനസ്സിൽ മഴവില്ലു വിരിയിച്ചു നിൽക്കുന്നു. കറ കളഞ്ഞ കളരി സമ്പ്രദായത്തിൽ തനതായ ശൈലിക്കുടമയായി.  1989 ൽ  കലാമണ്ഡലത്തിലെ സ്കോളർഷിപ്പിനുള്ള ഇൻ്റർവ്യൂ  ഉണ്ടായി. ഇൻ്റർവ്യൂ  ബോർഡിൻ്റെ അമരക്കാർ കലാമണ്ഡലം പത്മനാഭൻ നായരും അച്ചുണ്ണി പൊതുവാളും ആയിരുന്നു.  അന്നും ആറ് വിദ്യാർത്ഥികളിൽ ഭാഗ്യം കനിഞ്ഞത് മുകുന്ദനായിരുന്നു. തുടർന്ന് കലാമണ്ഡലം രാമൻകുട്ടി നായരുടെ കീഴിൽ തുടർ പഠനം. ഒരേ നാട്ടുകാർ, അറിയുന്നവർ എന്ന സ്വാതന്ത്യവും മകനോട് എന്ന പോലെയുള്ള വാൽസല്യവും ആ ശിക്ഷണത്തിലുണ്ടായിരുന്നു. 1993 നാണ് അമ്മയുടെ വിയോഗം . അച്ഛൻ്റെ ഒറ്റപ്പെടൽ ,ഏട്ടനും കുടുംബവും കൽക്കത്തയിൽ. (ഏട്ടൻ വിവാഹം കഴിച്ചിരിക്കുന്നത് ” പത്മശ്രീ “വാഴേങ്കട കുഞ്ചുനായരുടെ മകളും കലാമണ്ഡലത്തിൽ നൃത്തപഠനം പൂർത്തിയാക്കുകയും ചെയ്ത ഗിരിജയെയാണ്.  മക്കൾ – കൃഷ്ണപ്രസാദ്, സുപ്രദീപ്) അതിനാൽ കുറച്ചു കാലം വീട്ടിൽത്തന്നെ നിന്ന് കഥകളിക്ക് പോയി. ഇടക്ക് രണ്ടോ, മൂന്നോ മാസം – (ജനുവരി, ഫെബ്രുവരി, മാർച്ച്) കലാനിലയത്തിൽ താൽക്കാലികാധ്യാപകനായി പഠിപ്പിച്ചു.
കലാനിലയക്കാലത്ത് വേഷത്തിൽ മാനസികമായി അടുത്ത് നിന്നത് കലാനിലയം ഗോപാലകൃഷ്ണനാശാനുമായിട്ടായിരുന്നു. അദ്ദേഹത്തിനൊപ്പം കെട്ടിയ വേഷങ്ങളിൽ നിന്നാണ് സ്ത്രീ വേഷ സ്വാധീനം കൂടുതൽ ഉണ്ടായത്.  ദമയന്തി തോഴിയായ കേശിനി, ഒന്നാം ദിവസം സഖിമാർ തുടങ്ങിയ വേഷങ്ങളിൽ നിന്നും പിന്നീട് നായികാ പ്രധാനമായ ദമയന്തി, ദേവയാനി (കചദേവയാനി ) എന്നിവ കൂടുതൽ കെട്ടി ഇരുത്തംവന്നു. . വേഷമഴിച്ചാലും കഥാപാത്രം ഇറങ്ങി പോവാതെ  മാനസികമായ ഒരു താദാത്മ്യപ്പെടൽ അനുഭവിച്ചു. കേരളത്തിലെ കളിയരങ്ങിൽ  മിനുക്കിൻ്റെ മുഖശ്രീയും കരണ പ്രകരണങ്ങളിൽ വൃത്തിയും ഉള്ള സ്ത്രീ വേഷക്കാരനായി ഉയർന്നു. പുരുഷ വേഷം പലതും ചെയ്തിട്ടുണ്ടെങ്കിലും മുകുന്ദൻ്റെ സ്ത്രീ വേഷത്തിനായിരുന്നു കൂടുതൽ മതിപ്പ്. എന്നിരുന്നാലും സന്താനഗോപാലം അർജുനൻ തുടങ്ങി പല  പച്ചവേഷങ്ങളിലും   ചുവന്ന താടിയിലും കത്തിവേഷങ്ങളിലും മുകുന്ദൻ മികവ്  തെളിയിച്ചിട്ടുണ്ട്. വെള്ളത്താടി കൂടുതൽ ചെയ്തിട്ടില്ല.   അരങ്ങൊഴിഞ്ഞ മഹാനടൻമാരായിരുന്ന  കലാമണ്ഡലം കൃഷ്ണൻ നായർ, രാമൻകുട്ടി നായർ, കോട്ടക്കൽ ശിവരാമനാശാൻ ,കീഴ്പ്പടം കുമാരൻ നായർ, ചന്ദ്രശേഖരവാരിയർ എന്നിവർക്കൊപ്പവും  ഗോപിയാശാൻ, വാഴേങ്കട വിജയനാശാൻ, സദനം കൃഷ്ണൻകുട്ടിയാശാൻ,   ഷാരോടി വാസുവാശാൻ എന്നിവർക്കൊപ്പവും  വർത്തമാന കേരളത്തിലെ കളിയരങ്ങിലെ നടന്മാർക്കൊപ്പവും ധാരാളം  കൂട്ടുവേഷങ്ങൾ ചെയ്തത് അവിസ്മരണീയമായ നിമിഷങ്ങളാണെന്ന് മുകുന്ദൻ എടുത്തു പറയുന്നു. അപൂർവ്വമായി കീചകവധത്തിലെ സൈരന്ധ്രി, രുഗ്മാംഗദചരിതത്തിലെ  മോഹിനി ദക്ഷയാഗത്തിലെ വേദവല്ലി തുടങ്ങിയ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. കാറൽമണ്ണ ഉൽസവത്തിന്    ഷാരോടി വാസുവാശാനൊപ്പം മല്ലയുദ്ധത്തിലെ വലലനായി  രംഗത്തെത്തിയതും  മുകുന്ദൻ നന്ദിപൂർവ്വം ഓർക്കുന്നു. 2000 വരെ മുകുന്ദനെ സംബന്ധിച്ച് കഥകളി അരങ്ങുകളിലെ സമൃദ്ധി കൊണ്ട് സുവർണ്ണകാലമായിരുന്നു. നരിപ്പറ്റനാരായണൻ നമ്പൂതിരി ചിട്ടപ്പെടുത്തിയ ഭദ്രകാളി മാഹാത്മ്യവും (മറ്റു ചില കഥകളും)  പല അരങ്ങുകളിൽ നരിപ്പറ്റയോടും സദനം ഭാസി എന്നിവർക്കൊപ്പമൊക്കെ  ശിവനായി വേഷം കെട്ടിയിട്ടുണ്ട്. വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിൻ്റെ തുടക്ക പ്രവർത്തനങ്ങളിൽ മുകുന്ദനും പങ്കുവഹിച്ചിട്ടുണ്ട്. ഷേക്സ്പിയർ കഥകളുടെ കഥകളി അവതരണത്തിലും ഭാഗഭാക്കായിട്ടുണ്ട്.
1995 ജനുവരി 2 ന്  വിവാഹിതനായി. ചെർപ്പുളശ്ശേരി പന്നിയംകുറുശ്ശിയിൽ താമസിച്ചിരുന്ന രജനിയാണ് ഭാര്യ.1996 ഏപ്രിലിൽ മകൾ ജനിച്ചു അനുപമ. 2003 ൽ മകൻ അനൂപ് കൃഷ്ണനും. കുടുംബവും കഥകളിയുമായി ജീവിതം നീങ്ങി.1997 ൽ അച്ഛൻ യാത്രയായി. 2001 ൽ അകാലത്തിൽ ജ്യേഷ്ഠനും വിട പറഞ്ഞു.
ഇടക്ക് വിദേശയാത്രകളും ഉണ്ടായി. കലാനിലയം ഗോപാലകൃഷ്ണനൊപ്പം  മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്ങ് , എന്നിവിടങ്ങളിലും സദനം ഹരികുമാറിനൊപ്പം ജർമ്മനി കലാമണ്ഡലം രാമൻകുട്ടി നായർക്കൊപ്പം സ്പിക് മാക്കെ (All over india – Except Punjab & Nagaland) എന്നിവിടങ്ങളിലേക്കും കഥകളി യാത്രകളുണ്ടായി.
2004 ലാണ് കൊൽക്കത്ത ശാന്തിനികേതനത്തിലെ ഉദ്യോഗാർത്ഥം അപേക്ഷ അയക്കുന്നത്. കഥകളിയരങ്ങിൻ്റെ സുഭഗത കേരളത്തിന് പുറത്തില്ലെങ്കിലും ജീവിതഭദ്രതക്കായി അതാവശ്യമായിരുന്നു.  കേരളത്തിലെ കഥകളിയരങ്ങുകൾ വിട്ടുപോവാൻ മനസ്സ് വന്നില്ലെങ്കിലും  ജീവിത നിലനിൽപ്പിന് വേണ്ടി   ആശാന്മാരുടെ അനുഗ്രഹത്തോടെ ശാന്തിനികേതനിലെത്തി. വന്ന കാലത്ത് ഭാഷ ,ജീവിത രീതിയിലെ വ്യത്യാസങ്ങൾ ഒക്കെ സംഘർഷഭരിതമാക്കിയിരുന്നു.  അന്ന് ശാന്തിനികേതനിൽ കഥകളി വിഭാഗത്തിലുണ്ടായിരുന്ന വാസുണ്ണി, മോഹന കൃഷ്ണൻ, വലിയമ്മയുടെ മകൻ മോഹനൻ (വിശ്വഭാരതിയിൽ – അസോസിയേറ്റ് പ്രൊഫസ്സർ ) എന്നിവരുടെ സൗഹൃദത്താൽ ഒരു പരിധി വരെ സംഘർഷങ്ങളയഞ്ഞു. എന്നാലും കേരളവും വീടും നാട്ടിലെ കളിയരങ്ങുകളും വിട്ടു പോന്നതിൻ്റെ ഖിന്നത അലട്ടിയിരുന്നു. ഇന്നും അത് പൂർണ്ണമായി മാറിയിട്ടില്ല. കേരളത്തിലെ കളിയരങ്ങിൻ്റെ സംതൃപ്തി ഇവിടെയില്ല.   പക്ഷേ ഒരു കലാകാരനെ സംബന്ധിച്ച് കലാസ്ഥാപനത്തിൽ ജോലി അത്യാവശ്യമാണ്. അത് കൊണ്ട് തന്നെ അരങ്ങിൻ്റെ മായിക ശോഭയിൽ നിന്നും മനസ്സിനെ മടക്കാൻ ശീലിപ്പിച്ചു എന്ന് പറയാം. പ്രവാസ ജീവിതത്തിലിപ്പോഴും ചില നഷ്ടബോധങ്ങൾ  വേട്ടയാടുന്നു .
ഇവിടെ പരിപാടിയേക്കാൾ അധ്യാപനമാണ് പ്രധാനം. ഇടക്ക് ചെറിയ സമയപരിധിക്കുള്ളിൽ വേഷം കെട്ടാറുണ്ട്.  കേരളത്തിലെ കളയരങ്ങിലെ കഥാപാത്രസ്വാതന്ത്ര്യം ഇല്ല. നാട്ടിലും ഇപ്പോൾ കളിയരങ്ങിൻ്റെ സമയ ദൈർഘ്യം കുറഞ്ഞു. നവ മാധ്യമങ്ങളും  കഥകളി പരിപാടികളിലും കാഴ്ചകളിലുമെല്ലാം പുതിയ ആസ്വാദനരീതികളും സൃഷ്ടിച്ചു.
  ഇവിടെ  കഥകളിയേക്കാൾ കൂടുതൽ നൃത്തത്തിനാണ് പ്രാധാന്യം. മഹാകവി രബീന്ദ്രനാഥ ടാഗോറിൻ്റെ രബീന്ദ്രസംഗീതം കഥകളി ശൈലിയിൽ ചിട്ടപ്പെടുത്താറുണ്ട്. പക്ഷേ അത് കഥകളിയേക്കാൾ മണിപ്പുരിയോട് ചേർന്നു നിൽക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളതെന്ന് മുകുന്ദൻ വ്യക്തമാക്കുന്നു.  അധ്യാപനത്തിൽ സിലബസ്സ് കലാമണ്ഡലം സിലബസ്സുമായി അടുത്തു നിൽക്കുന്നു. പഠിക്കുന്നവരിൽ കൂടുതലും പെൺകുട്ടികളാണ്. ആൺ കുട്ടികൾ ഒന്നോ ,രണ്ടോ മാത്രം. പദം പഠിപ്പിക്കുമ്പോഴും കഥ, മുദ്ര, അർത്ഥം, ചൊല്ലിയാട്ടം എന്നിവയൊക്കെ   ബംഗാളിയിൽ പഠിപ്പിക്കണം. 2010 മുതൽ സെമിസ്റ്റർ രീതിയായി.
2015ൽ ചില ആരോഗ്യ പ്രശ്ങ്ങൾ തലനീട്ടിത്തുടങ്ങി. അതിനിടയിലും അവധിക്കാലത്ത് നാട്ടിലെത്തി വേഷം കെട്ടി. തിരിച്ച് ശാന്തിനികേതൻ പരിപാടിയിലും അരങ്ങിലെത്തി. അപ്പോഴും ക്ഷീണം വിട്ടകന്നിരുന്നില്ല. തുടർന്ന് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയനായി. വൃക്ക സംബന്ധമായ അസുഖത്തിൻ്റെ പിടിയിലായി. പരിശോധനകൾ, ചികിൽസകൾ .തിരിച്ച്  നാട്ടിലെത്തി .ആദ്യം പെരിന്തൽമണ്ണ അൽഷിഫയിലെ ഡോക്ടറെ കണ്ടുവെങ്കിലും പിന്നീടവിടെ നിന്നും മാറി. സുഹൃത്തായ സ്കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥിയും ശാന്തിനികേതനത്തിലെ സഹപ്രവർത്തകനുമായ രാജേഷ് മുഖാന്തിരം തൃശൂരിലെ പ്രശസ്ത നെഫ്രോളജിസ്റ്റായ ടി.ടി.പോൾ എന്ന ഡോക്ടറെ വെസ്റ്റ് ഫോർട്ട് ഹൈടെക് ഹോസ്പിറ്റലിൽ പോയി കണ്ടു. ഡോക്ടറാണെങ്കിൽ തികഞ്ഞ സഹൃദയനായിരുന്നു. കഥകളിയും സാഹിത്യവും രബീന്ദ്രസംഗീതവും എല്ലാം ഹൃദിസ്ഥം. കലാഹൃദയനായ ഡോക്ടറുടെ ചികിൽസയിൽ രോഗം ഭേദമായി. ഭാര്യയായ രജനി തന്നെ വൃക്ക പകുത്തു നൽകി രണ്ടാം ജന്മത്തിലേക്ക് തിരിച്ച്കൊണ്ടുവന്നു. 2016 ആഗസ്റ്റ് 24 ന് അഷ്ടമിരോഹിണി ദിനത്തിലായിരുന്നു ഓപ്പറേഷൻ. അതിജീവനത്തിൻ്റെ പാതയിൽ കൈപ്പിടിച്ചുയർത്താൻ സ്വന്തക്കാരും ബന്ധുക്കാരും സുഹൃത്തുക്കളും ഒരുപോലെ കൂടെ നിന്നെന്ന് പറയുമ്പോൾ മുകുന്ദൻ വികാരധീനനായി. ആ നന്ദി എല്ലാവരോടും ജീവിതാന്ത്യം വരെയുണ്ടാകുമെന്നും എടുത്തു പറഞ്ഞു.
ജീവിതാന്ത്യം വരെ മരുന്ന് കഴിക്കണം. ജീവിത ശൈലിയിലും വളരെ ശ്രദ്ധിക്കണം. സാധാരണ ജീവിതത്തിലെത്തിയ ശേഷം ഗുരുവായൂരപ്പൻ്റെ കൃപാകടാക്ഷത്തിൽ സമ്പൂർണ്ണ ദുര്യോധനവധത്തിലെ കൃഷ്ണനായി മൂന്നു മണിക്കൂറോളം ഗുരുവായൂർ നടയിൽ കൃഷ്ണനായാടിയത് രണ്ടാം ജന്മത്തിലെ പുണ്യമാണെന്ന് മുകുന്ദൻ കണ്ണീരോടെ സ്മരിക്കുന്നു. ശാന്തിനികേതനിലും ഈ ജൂലായ് 16ന് മ്യൂസിക് തെറാപ്പി പരിപാടിയോടനുബന്ധിച്ച് വേഷം കെട്ടി എന്ന് പറയുമ്പോഴും ഈ അമ്പത്തിരണ്ടുകാരൻ്റെ വാക്കുകളിൽ ശുഭാപ്തി വിശ്വാസത്തിൻ്റെ തിരയിളക്കം.
സകുടുംബം കൊൽക്കത്തയിൽ താമസിക്കുന്നു. ശാന്തിനികേതനിലെ വിശ്വഭാരതിയിൽ  കഥകളി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസ്സറായി ജോലി ചെയ്യുന്നു. പതിനാറു വർഷമായി കൊൽക്കത്ത നിവാസിയായിട്ട്.  മകൾ അനുപമ വിവാഹിതയായി. ബംഗാളിയും ലക്ച്ചററും ആയ ശന്തനുവാണ് ഭർത്താവ്. മകൻ അനൂപ്  പഠിക്കുന്നു.
  ജീവിതം സുഭദ്രമെങ്കിലും അതിജീവനത്തിൻ്റെ പാതയിൽ ഈ നടനിപ്പോഴും കേരളത്തിലെ കളിയരങ്ങിൻ്റെ തൗര്യത്രിക ശോഭയും മനസ്സിൽ കാത്തു സൂക്ഷിച്ച് കഴിയുന്നു. ഇപ്പോൾ കോവിഡ്കാലമായതിനാൽ കേരളത്തിലെ മിക്ക കലാകാരന്മാരും പ്രതിസന്ധിയിൽ . ശാന്തിനികേതനിൽ അങ്ങിനെയുള്ള വെല്ലുവിളിയില്ല. ഒന്ന് നഷ്ടപ്പെട്ടാലല്ലേ മറ്റൊന്ന് ലഭിക്കുന്നത്. അങ്ങനെയും ആശ്വസിക്കാം ,മുകുന്ദൻ്റെ വാക്കുകൾ ….. കേരളത്തിലും പുറത്തുമായി  കലാലോകത്തെ അംഗീകാരങ്ങളും മുകുന്ദന് ലഭിച്ചിട്ടുണ്ട്.
അരങ്ങു ജീവിതത്തിൻ്റെ മുകുന്ദ ഭാഷ്യത്തിന് ഇനിയും കളിയരങ്ങിലും ജീവിതത്തിലും  ദീപ്ത ശോഭയേകാൻ കഴിയട്ടെയെന്ന പ്രാർത്ഥനയോടെ ഈ കളിയെഴുത്തിവിടെ പൂർണ്ണമാകുന്നു. .

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker