തിരുവനന്തപുരം: കേരളത്തിലെ ക്ഷീര കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന തനിമയാര്‍ന്ന പാല് പൂര്‍ണമായി സംഭരിക്കുന്നതിനൊപ്പം വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനായി മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളുടെ ഭാഗമായി പുതിയ ഉത്പന്നമായ ഹോമോജനൈസ്ഡ് ടോണ്‍ഡ് പാല് 525 എംഎല് വിപണിയിലിറക്കി.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് ഹോമോജനൈസ്ഡ് ടോണ്‍ഡ് പാല് 525 എംഎല് വിപണിയില്‍ ഇറക്കിയത്. ആകര്‍ഷണീയമായ പാക്കിംഗില്‍ വിപണിയിലിറക്കിയ ഉത്പന്നത്തിന് 25 രൂപയാണ് വില.
ക്ഷീര കര്‍ഷകരെ സഹായിക്കാനുള്ള നടപടികള്‍ എപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ കേരളത്തില്‍ ഒരു ലിറ്റര്‍ പാലിന് 36 രൂപ വരെ കര്ഷകന് ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മില്‍മയുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവുമുണ്ടാകും. മില്‍മ ഉത്പന്നങ്ങള്‍ കെഎസ്ആര്‍ടിസിയുടെ സഹായത്തോടെ ഉപഭോക്താക്കളില്‍ എത്തിക്കുന്ന ഷോപ് ഓണ്‍ വീല്‍സ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മില്‍മ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്ന പദ്ധതികളുടെ ഭാഗമായി കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂടി മില്‍മയ്ക്ക് വിട്ടുനല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി മില്‍മയുമായി കൈകോര്‍ക്കുന്നത് ഉപഭോക്താക്കളില്‍ കൂടുതല്‍ വിശ്വാസ്യതയുണ്ടാക്കും. ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദരമാകുന്ന തരത്തില്‍ മില്‍മ ഹോമോജനെസ്ഡ് ടോണ്‍ഡ് പാല് കൂടുതല്‍ അളവില്‍ 25 രൂപയ്ക്ക് നല്‍കുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മില്‍മ കവറുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന അടൂര്‍ സ്വദേശിനി ലീലാമ്മ മാത്യുവിനെ ചടങ്ങില്‍ മന്ത്രി ജെ.ചിഞ്ചുറാണി ആദരിച്ചു.
മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്, അംഗങ്ങളായ വി.എസ്. പത്മകുമാര്‍, കെ.ആര്. മോഹനന് പിള്ള, ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി. സുജയകുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ആര്. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
നാല് ദശാബ്ദങ്ങളായി ഉപഭോക്തൃ സമൂഹത്തിന് മേ?യേറിയ പാലും പാലുത്പന്നങ്ങളും നല്കുന്ന മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് നിലവില്‍ 1150 ക്ഷീരോല്പാദക സഹകരണ സംഘങ്ങളിലൂടെ പ്രതിദിനം 4 ലക്ഷം ലിറ്റര്‍ പാല് സംഭരിക്കുകയും 8000 ല്‍പരം റീട്ടെയില്‍ ഏജന്റുമാരിലൂടെ പ്രതിദിനം 5 ലക്ഷം ലിറ്റര്‍ പാല് വിറ്റഴിക്കുകയും ചെയ്യുന്നുണ്ട്.