KERALALATEST

‘നല്ലൊരു ടണല്‍ കാണുമ്പോഴും തന്നിലെ സുരക്ഷാ വിദഗ്ദ്ധന്‍ അപകട സാധ്യതയാണ് ആദ്യം കാണുന്നത്’; കുതിരാനെ കുറിച്ച് മുരളി തുമ്മാരുകുടി 

കൊച്ചി: ഏറെ നാളത്തെ പരിശ്രമത്തിനു ശേഷം തൃശൂരിനെയും പാലക്കാടിനെയും ബന്ധിപ്പിക്കുന്ന കുതിരാന്‍ തുരങ്കത്തിന്റെ ഒരു വശം കഴിഞ്ഞ ദിവസം തുറന്നു കൊടുത്തിരുന്നു. ഒരുകാലത്ത് നിരവധി സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടിയിരുന്ന കുതിരാനില്‍ ഇനി ജനങ്ങള്‍ക്ക് പേടിക്കാതെ സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് പറയുകയാണ് ഐക്യരാഷ്ട്രസഭയുടെ ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി. എന്നാല്‍ ടണലിനകത്തു കൂടി കാല്‍നടയാത്രക്കാര്‍ക്കു വേണ്ടിയുള്ള നടപാത കാണുന്നുണ്ടെന്നും അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സാധാരണ ഗതിയില്‍ റോഡ് ടണലുകളുടെ വശത്തുകൂടി കാല്‍നട യാത്രികര്‍ക്കോ സൈക്കിള്‍ യാത്രക്കാര്‍ക്കോ പാതകള്‍ ഉണ്ടാക്കാറില്ലെന്ന് അദ്ദേഹം പറയുന്നു. ടണലിനുള്ളില്‍ മോട്ടോര്‍ വാഹനങ്ങളുടെ പുകക്കുഴലില്‍ നിന്നും വരുന്ന കാര്‍ബണ്‍ മോണോക്സൈഡ്, സൂക്ഷ്മമായ പൊടി, കത്തി തീരാത്ത ഹൈഡ്രോകാര്‍ബണ്‍ എന്നിങ്ങനെ അനവധി മനുഷ്യന് കൊള്ളാത്ത വസ്തുക്കള്‍ വായുവില്‍ ഉണ്ട്. വെന്റിലേഷന്‍ എത്ര ഉണ്ടെങ്കിലും ഇത് സാധാരണയെക്കാള്‍ കൂടുതല്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും എന്ന് പറഞ്ഞത് പോലെ നല്ലൊരു ടണല്‍ കാണുമ്‌ബോഴും തന്നിലെ സുരക്ഷാ വിദഗ്ദ്ധന്‍ അപകട സാദ്ധ്യതയാണ് ആദ്യം കാണുന്നതെന്ന് മുരളി തുമ്മാരുകുടി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കുതിരാന്‍ – നിങ്ങളെ സമ്മതിക്കണം
കുതിരാന്‍ എന്ന പേര് ആദ്യം കേള്‍ക്കുന്നത് അഞ്ചു പതിറ്റാണ്ടിന് മുന്‍പാണ്. എന്റെ ചേട്ടന്‍ പഠിച്ച നാലിലേയോ അഞ്ചിലേയോ പുസ്തകത്തില്‍ ‘നിങ്ങളെ സമ്മതിക്കണം’ എന്നൊരു പാഠം ഉണ്ടായിരുന്നു.
രാത്രിയില്‍ കുതിരാന്‍ കയറ്റം കയറി പഴനിയില്‍ നിന്നും കാറില്‍ തൃശൂരിലേക്ക് മടങ്ങി പോകുന്ന ദമ്ബതികള്‍. പുള്ളി ഒരു ഡോക്ടര്‍ ആണെന്നാണ് എന്റെ ഓര്‍മ്മ (അന്നൊക്കെ ഡോക്ടര്‍മാര്‍ക്കൊക്കെ മാത്രമേ സ്വന്തം കാറൊക്കെ ഉള്ളൂ). വഴി വിജനമാണ്, അപ്പോള്‍ ഒരാള്‍ കൈ കാണിക്കുന്നു. കയ്യില്‍ ഒരു ചെറിയ ഭാണ്ഡം ഒക്കെയുണ്ട്. ആ സമയത്ത് പിന്നെ വേറെ ബസ് ഒന്നും ഇല്ലത്തതിനാല്‍ അവര്‍ വണ്ടി നിറുത്തി അപരിചിതനെ വണ്ടിയില്‍ കയറ്റുന്നു.

കാറോടിക്കുന്ന ഡ്രൈവര്‍ റിയര്‍ വ്യൂ മിററിലൂടെ പിന്നെ കാണുന്നത് പേടിപ്പിക്കുന്ന ഒരു കാഴ്ചയാണ്. കാറില്‍ കേറിയ ആള്‍ അയാളുടെ ഭാണ്ഡം തുറക്കുന്നു, അതില്‍ കുറെ സ്വര്‍ണ്ണാഭരണങ്ങള്‍ ആണ്, കൂട്ടത്തില്‍ ഏതോ സ്ത്രീകളുടെ അറുത്തെടുത്ത കാതും കയ്യും ഒക്കെയാണ്, അതില്‍ നിന്നും ചോര ഒലിക്കുന്നു. ഏതോ കൊള്ളക്കാരന്‍ ആണ് ഇതെന്ന് ഡ്രൈവ് ചെയ്യുന്ന ആള്‍ക്ക് മനസ്സിലായി. കയറ്റം കയറി വീണ്ടും കൂടുതല്‍ വിജനമാകുമ്‌ബോള്‍ തങ്ങളേയും അയാള്‍ കൊള്ളയടിക്കും തീര്‍ച്ച. ഭാഗ്യത്തിന് ഭാര്യ ഇത് കാണുന്നില്ല. പെട്ടെന്ന് അയാള്‍ വണ്ടി ഒന്ന് നിറുത്തി.
‘എന്ത് പറ്റി’ എന്ന് യാത്രക്കാരന്‍ വണ്ടിക്കെന്തോ ഒരു ട്രബിള്‍ ഒന്നിറങ്ങി തള്ളാമോ എന്ന് ഡോക്ടര്‍
കൊള്ളക്കാരന്‍ ഇറങ്ങി വണ്ടി തള്ളുന്നു. ആ സമയം നോക്കി ഡോക്ടര്‍ വണ്ടി അതി വേഗതയില്‍ ഓടിച്ചു പോകുന്നു. എന്തിനാണ് ആ പാവത്തിനെ വഴിയില്‍ വിട്ടതെന്ന് കഥയറിയാത്ത ഭാര്യ ചോദിക്കുന്നു. ഭര്‍ത്താവ് കഥയൊക്കെ പറഞ്ഞു കൊടുക്കുന്നു. ഇറക്കം ഇറങ്ങി അടുത്ത പോലീസ് സ്റ്റേഷനില്‍ ഭാണ്ഡവും കൊടുത്ത് അവര്‍ പോകുന്നു.

ഇതാണ് കഥ. അന്‍പത് കൊല്ലം മുന്‍പ് ചേട്ടന്റെ പുസ്തകം വായിച്ച ഓര്‍മ്മയാണ്. ഇത് പഠിച്ച ഏറെ ആളുകള്‍ ഇവിടെ ഉണ്ടാകും. ഡീറ്റൈലിംഗ് അവര്‍ തരും.
അപരിചതരെ വാഹനത്തില്‍ കയറ്റരുതെന്ന പാഠം വല്ലതുമായിരിക്കും അന്ന് പഠിപ്പിക്കാന്‍ ഉദ്ദേശിച്ചത്. ഒരു കാറ് വാങ്ങും എന്നൊന്നും സ്വപ്നത്തില്‍ പോലും കരുതാത്ത കാലത്താണ് വായിച്ചത് അതുകൊണ്ട് ആ ഗുണപാഠം ഒന്നും ശ്രദ്ധിച്ചില്ല. പേടിച്ചു എന്ന് ഉറപ്പായും പറയാം.
അതാണ് കുതിരാന്‍ ഓര്‍മ്മ.
കുതിരാന്‍ പ്രദേശത്ത് പണ്ട് തന്നെ കള്ളന്‍മാരും പിടിച്ചു പറിക്കാരും ഒക്കെ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ചരക്ക് വാഹനങ്ങള്‍ സ്ലോ ചെയ്യുമ്‌ബോള്‍ അതില്‍ നിന്നും ഉള്ളതില്‍ കുറച്ചൊക്കെ ഓടിച്ചെന്ന് അടിച്ചു മാറ്റുന്ന സ്‌പെഷ്യല്‍ സംഘങ്ങള്‍ ഉണ്ടായിരുന്നുവത്രേ !

ഇതൊക്കെ കേട്ടറിവ് മാത്രം ഉള്ള കാര്യങ്ങള്‍ ആണ്. എന്താണെങ്കിലും പില്‍ക്കാലത്തും കുതിരാന്‍ എന്നെ അലോസരപ്പെടുത്തിയിരുന്നു. അവിടുത്തെ ട്രാഫിക്ക് ജാം കാരണം തൃശൂര്‍ നിന്നും പാലക്കാട്ടേക്ക് യാത്ര പ്ലാന്‍ ചെയ്താല്‍ എപ്പോള്‍ എത്തുമെന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ട് ഞാന്‍ അപൂര്‍വ്വമായേ പാലക്കാട് പോകാറുള്ളൂ.
ഇന്നലെ കുതിരാന്‍ തുരങ്കം വാഹനങ്ങള്‍ക്ക് തുറന്നു കൊടുത്ത വാര്‍ത്ത കേട്ടപ്പോള്‍ ഒരിക്കല്‍ കൂടി ആ കഥ ഓര്‍ത്തു. കേരളത്തിലെ ഏറ്റവും നീളമുള്ള റോഡ് ടണല്‍ ആണെന്ന് തോന്നുന്നു. ഇന്നലെ റോഡ് നിറയെ ഇറങ്ങി നിന്ന് ഫോട്ടോ എടുക്കാനുള്ള ആളായിരുന്നു എന്ന് തോന്നി. തുടക്കത്തില്‍ ഉള്ള ആവേശം ആയിരിക്കാം. എന്താണെങ്കിലും നടക്കുന്നവരും ഫോട്ടോഎടുക്കുന്നവരും വാഹനം ഓടിക്കുന്നവരും ഒക്കെ സുരക്ഷ നോക്കണം കേട്ടോ !
ടണലിനുള്ളില്‍ രണ്ടു വശത്തുകൂടി കൈ വരി കെട്ടിയ നടപ്പാത പോലെ ഒന്ന് കണ്ടു. നടപ്പാതയാണോ ?, സാധാരണ ഗതിയില്‍ റോഡ് ടണലുകളുടെ വശത്തുകൂടി കാല്‍നട യാത്രികര്‍ക്കോ സൈക്കിള്‍ യാത്രക്കാര്‍ക്കോ പാതകള്‍ ഉണ്ടാക്കാറില്ല. കാരണം ടണലിനുള്ളില്‍ മോട്ടോര്‍ വാഹനങ്ങളുടെ പുകക്കുഴലില്‍ നിന്നും വരുന്ന കാര്‍ബണ്‍ മോണോക്സൈഡ്, സൂക്ഷ്മമായ പൊടി, കത്തി തീരാത്ത ഹൈഡ്രോകാര്‍ബണ്‍ എന്നിങ്ങനെ അനവധി മനുഷ്യന് കൊള്ളാത്ത വസ്തുക്കള്‍ വായുവില്‍ ഉണ്ട്.

വെന്റിലേഷന്‍ എത്ര ഉണ്ടെങ്കിലും ഇത് സാധാരണയെക്കാള്‍ കൂടുതല്‍ ഉണ്ടാകും. സ്വിറ്റസര്‍ലണ്ടില്‍ മുക്കിന് മുക്കിന് ടണല്‍ ആണ് (ലോകത്തെ ഏറ്റവും വലിയ റോഡ് ടണല്‍ ഒരു കാലത്ത് ഇവിടെ ആയിരുന്നു (16.9 കിലോമീറ്റര്‍), ലോകത്തെ ഏറ്റവും വലിയ റെയില്‍വേ ടണല്‍ ഇപ്പോഴും ഇവിടെയാണ് (57 കിലോമീറ്റര്‍). ടണലില്‍ പണ്ടൊക്കെ ട്രാഫിക്ക് അപകടങ്ങള്‍ ഉണ്ടാകാറുള്ളത് കൊണ്ടും അങ്ങനെ ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനം വളരെ വിഷമം ആയതുകൊണ്ടും ഇപ്പോള്‍ അവിടെ ഒക്കെ ഏറെ നിയന്ത്രണങ്ങള്‍ ഉണ്ട്. (ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും എന്ന് പറഞ്ഞത് പോലെ നല്ലൊരു ടണല്‍ കാണുമ്‌ബോഴും എന്നിലെ സുരക്ഷാ വിദഗ്ദ്ധന്‍ അപകട സാധ്യതയാണ് ആദ്യം കാണുന്നത്. ക്ഷമീ !)
എന്താണെങ്കിലും കുതിരനിലൂടെ ഇനി കള്ളന്മാരെയും ട്രാഫിക്കിനേയും പേടിക്കാതെ പാലക്കാടിന് പോകാം. ടണലിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി.
ഒരു വരവ് കൂടി വരേണ്ടി വരും.
മുരളി തുമ്മാരുകുടി

Related Articles

Back to top button