BREAKINGKERALA
Trending

4 മണിക്കൂര്‍ നീണ്ട തിരച്ചില്‍, കുറുവാസംഘത്തിലെ അംഗമെന്ന് സംശയിക്കുന്നയാള്‍ വീണ്ടും കസ്റ്റഡിയില്‍

കൊച്ചി: പോലീസ് കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയ കുറുവസംഘാംഗമെന്ന് സംശയിക്കുന്നയാളെ പിടികൂടി. നാലു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് തമിഴ്‌നാട് സ്വദേശി സന്തോഷിനെ പിടികൂടിയത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്ത് നിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോകുംവഴി ചാടിപ്പോകുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
സന്തോഷിനൊപ്പം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. പോലീസ് വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലുള്ള സ്ത്രീകളുടെ സഹായത്തോടെ കടന്നുകളയുകയായിരുന്നു. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഇയാള്‍ വസ്ത്രം ധരിച്ചിരുന്നില്ല.
ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ രണ്ടാഴ്ചയോളമായി മുഖംമൂടി സംഘം വിലസുകയാണ്. പത്തിലേറെ വീടുകളില്‍ കള്ളന്‍ കയറിയിരുന്നു. രണ്ടാഴ്ച്ചക്കിടെ മണ്ണഞ്ചേരിയിലെ നാല് വീടുകളിലാണ് മോഷണം നടന്നത്. കായംകുളത്തും കരിയിലകുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം കയറിയത് മൂന്ന് വീടുകളിലാണ്. കോമളപുരം നായ്ക്കാംവെളി അജയകുമാറിന്റെ അയല്‍വാസി മരിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്ത് രാത്രി നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും മോഷ്ടാക്കള്‍ കയറി.
മണ്ണഞ്ചേരിയില്‍ രണ്ടു വീടുകളില്‍ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ഉറങ്ങുകയായിരുന്ന വീട്ടമ്മമാരുടെ താലിമാലകള്‍ കവര്‍ന്നു. ഒരാളുടെ മൂന്നരപ്പവന്‍ സ്വര്‍ണം നഷ്ടമായി. ഒരാളുടെ മാല മുക്കുപണ്ടമായിരുന്നതിനാല്‍ വലിയ നഷ്ടം ഒഴിവായി. രണ്ടു വീടുകളില്‍ മോഷണശ്രമവും നടന്നു. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു മോഷ്ടാക്കളുടെ വിളയാട്ടം.
മോഷ്ടാക്കളുടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. നിലവില്‍ ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്.

Related Articles

Back to top button