BREAKING NEWSKERALALATEST

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ലീഗില്‍; മുഈനലിക്ക് പരോക്ഷ പിന്തുണയുമായി കെ എം ഷാജി

 

മുഈനലി തങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി കെ എം ഷാജി. വിമര്‍ശനങ്ങളും എതിരഭിരപ്രായങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ലീഗില്‍ നടക്കുന്നതെന്ന് കെ എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു. എതിരഭിപ്രായം പറയുന്നവരോട് പാര്‍ട്ടിക്ക് പകയില്ലെന്നും കെ എം ഷാജി പ്രതികരിച്ചു.

കെ എം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്

‘എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണ്; മുസ്ലിം ലീഗില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ്. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകള്‍ മാത്രം. എതിരഭിപ്രായം പറയുന്നവര്‍ ശാരീരികമായോ ധാര്‍മ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല’.

അതിനിടെ മുസ്ലിംലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടയാണുണ്ടായത്. മുഈനലി തങ്ങള്‍ക്കെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യത്തിന് പിന്തുണ ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത് സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്രമാണ്. റാഫി പുതിയകടവിനെതിരെ നടപടിയെടുത്തതിലും കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. യോഗത്തില്‍ വൈകാരികമായാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

Related Articles

Back to top button