KERALABREAKING NEWSLATEST

മാധ്യമപ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അശ്ലീലച്ചുവയുള്ള സ്റ്റിക്കര്‍; ‘കളക്ടര്‍ ബ്രോ’യ്ക്കതിരെ കേസ്

കൊച്ചി: മാധ്യമപ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ക്ക് അശ്ലീലച്ചുവയുള്ള സ്റ്റിക്കര്‍ മറുപടിയായി നല്‍കിയ സംഭവത്തില്‍ എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിനാണ് എഫ്‌ഐര്‍ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. മാതൃഭൂമി പത്രത്തിന്റെ കൊച്ചി യൂണിറ്റിലെ മാധ്യമപ്രവര്‍ത്തകയായ കെ പി പ്രവിതയ്ക്കാണ് മോശം അനുഭവമുണ്ടായത്.
ആഴക്കടല്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചപ്പോളാണ് വാട്‌സ്പ്പിലൂടെ മോശമായ മറുപടി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി തെളിഞ്ഞെന്ന് എഫ്‌ഐആറില്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തകയും എന്‍ പ്രശാന്തും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും വാര്‍ത്തയ്ക്ക് പിന്നാലെ പുറത്തുവന്നിരുന്നു. നിരവധിയാളുകളാണ് വിമര്‍ശനവുമായി രംഗത്തുവന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഔദ്യോഗിക പ്രതികരണം തേടുമ്പോള്‍ ഇത്തരം മോശം സ്റ്റിക്കറുകള്‍ അയക്കുന്നതെന്ന് ചോദ്യത്തിന് പിന്നാലെ പ്രശാന്ത് അതുവരെ അയച്ച സ്റ്റിക്കറുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ആള് മാറിപ്പോയി, വാര്‍ത്ത കിട്ടാനുള്ള വഴിയിതല്ലെന്നും, ചില മാധ്യമപ്രവര്‍ത്തകര്‍ ശുചീകരണത്തൊഴിലാളികളേക്കാള്‍ താഴ്ന്നവരാണെന്നും എന്‍ പ്രശാന്തിന്റെ മറുപടി.
പിന്നീട്, മാതൃഭൂമി ലേഖികയും പ്രശാന്ത് നായര്‍ ഐഎഎസും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളടക്കമാണ് വാര്‍ത്ത വന്നിരിക്കുന്നത്.സംഭവം വിവാദമായതിന് പിന്നാലെ, പ്രശാന്തല്ല താനാണ് മറുപടികള്‍ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്തെത്തിയിരുന്നു.
ഫോണില്‍ വിളിച്ചു കിട്ടാതായപ്പോഴായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ടതെന്ന് മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പത്രം പ്രസിദ്ധീകരിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ പ്രകാരം ഇരുവരും തമ്മിലുള്ള സംഭാഷണം ഇങ്ങനെയാണ്.
മാതൃഭൂമി റിപ്പോര്‍ട്ടര്‍ പ്രവിതയാണ് സംസാരിക്കുന്നതെന്നും സംസാരിക്കാന്‍ നല്ല സമയമാണോ എന്നും ചോദിച്ചാണ് സംഭാഷണം തുടങ്ങുന്നത്. എന്നാല്‍, നടന്‍ സുനില്‍ സുഖദയുടെ ചിത്രമുള്ള ഒരു സ്റ്റക്കറായിരുന്നു മറുപടി.
ഇതിനു ചിരിക്കുന്ന ഇമോജി തിരിച്ചയച്ച റിപ്പോര്‍ട്ടര്‍ താങ്കളെ ഉപദ്രവിക്കാനല്ലെന്നും വാര്‍ത്തയുടെ ആവശ്യത്തിനായി വിവരങ്ങള്‍ തേടി വിളിച്ചതാണെന്നും മറുപടി നല്‍കി. എന്നാല്‍ അശ്ലീലച്ചുവയോടെ നടിയുടെ ചിത്രമുള്ള ഒരു സ്റ്റിക്കറായിരുന്നു ഇതിനു മറുപടി.
‘ഇത് എന്തുതരത്തിലുള്ള മറുപടിയാണ്’ എന്ന ആശ്ചര്യത്തോടെയുള്ള ചോദ്യത്തിനും മറ്റൊരു സ്റ്റിക്കര്‍ മാത്രമായിരുന്നു മറുപടി. ഇതോടെ താന്‍ അശ്ലീലച്ചുവുള്ള മറുപടിയല്ല ഒരു ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് പ്രതീക്ഷിച്ചതെന്നും ഇത് ബന്ധപ്പെട്ട അധികാരിള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടര്‍ മറുപടി നല്‍കി. ഇനി ചോദ്യങ്ങള്‍ക്ക് മറുപടി ആവശ്യമില്ലെന്നും സ്ത്രീകളോട് ബഹുമാനിക്കാന്‍ പഠിക്കൂ എന്നം ലേഖിക മറുപടി നല്‍കി.ഇതോടെയാണ് പ്രശാന്ത് സ്റ്റിക്കറുകള്‍ ഡിലീറ്റ് ചെയ്യുകയും ചാറ്റ് ചെയ്യാനും തുടങ്ങിയത്.
എന്ത്? വാര്‍ത്തയുണ്ടാക്കാന്‍ നല്ല വഴി. പക്ഷെ ആളും പയറ്റിയ തന്ത്രവും തെറ്റിപ്പോയി.’ എന്നായിരുന്നു മറുപടി. ‘വെറുതെയല്ല ചില മാധ്യമപ്രവര്‍ത്തകര്‍ ശവംതീനികളാണെന്നു പറയുന്നതില്‍ ഒരതിശയവുമില്ല’ എന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്ത വിവാദമായതിന് പിന്നാലെയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്ത് വന്നത്. അതിന് പിന്നാലെ, ഔദ്യോഗിക നമ്പറില്‍ തീര്‍ത്തും ഔദ്യോഗികമായ പ്രതികരണം തേടിയപ്പോള്‍ അതിന് ഭാര്യയാണോ മറുപടി പറയുക എന്ന ചോദ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നുര്‍ന്നിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker