ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവന് ജിതേന്ദ്ര എന്ന ഗോഗി ഉള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്. രോഹിണിയിലെ രണ്ടാംനമ്പര്‍ കോടതിയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.
കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഗോഗിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അഭിഭാഷകവേഷത്തിലാണ് അക്രമികള്‍ കോടതിക്കുള്ളില്‍ പ്രവേശിച്ചത്. ഇവരില്‍ രണ്ടുപേരെ പോലീസ് വധിച്ചതായാണ് വിവരം. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കോടതിക്കുള്ളിലെ വെടിവെപ്പില്‍ കലാശിച്ചത്.