അമരാവതി: മുന്‍ കാമുകന് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിന് വിവാഹ വേദിയില്‍ വെച്ച പ്രതികാരം ചെയ്യാന്‍ 44 വയസുകാരിയുടെ ശ്രമം. യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയെങ്കിലും കാര്യമായ അപകടമുണ്ടായില്ല. എന്നാല്‍ വിവാഹ ചടങ്ങുകള്‍ മുടങ്ങി. ആന്ധ്രാപ്രദേശിലെ അമരാവതിയിലാണ് സംഭവം.
വിധവയും 22 വയസുകാരന്റെ അമ്മയുമായ ജയ എന്ന സ്ത്രീയാണ് വിവാഹ വേദിയില്‍ വെച്ച് വരന് സൈദ് ശൈഖിനെ (32) ആക്രമിക്കാന്‍ ശ്രമിച്ചത്. സോഫ്റ്റ്വെയര് എഞ്ചിനീയറായിരുന്ന ജയ തിരുപ്പതി സ്വദേശിയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി സൈദുമായി അടുപ്പത്തിലായിരുന്നുവെന്നും എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് സൈദ് ജോലിക്കായി കുവൈത്തിലേക്ക് പോയ ശേഷം തന്നില്‍ നിന്ന് അകന്നുവെന്നുമാണ് ജയ ആരോപിക്കുന്നത്. ഇതിനിടെ ജയ അറിയാതെ സൈദ് നാട്ടിലെത്തുകയും മറ്റൊരു വിവാഹം തീരുമാനിക്കുകയും ചെയ്തു.
നന്ദലൂ മണ്ഡലിലെ അറവാപ്പള്ളി ഗ്രാമത്തില്‍ വെച്ചാണ് ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നത്. ജയയോടൊപ്പം ഇനി ജീവിക്കാനാവില്ലെന്ന് സൈദ് നേരത്തെ പറഞ്ഞിരുന്നത്രെ. ഇതിനോടുള്ള പ്രതികാരമായി ബാത്ത്റൂം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡുമായാണ് ജയ വിവാഹ വേദിയിലെത്തിയത്. വരന്റെ അടുത്തേക്ക് ചെന്ന് ആസിഡ് ഒഴിച്ചെങ്കിലും അത് അടുത്ത് നിന്ന് ഒരു ബന്ധുവിന്റെ ശരീരത്തിലാണ് വീണത്. ബാത്ത്റൂം വൃത്തിയാക്കുന്ന വീര്യം കുറഞ്ഞ ആസിഡ് ആയിരുന്നതിനാല്‍ ബന്ധുവിന് കാര്യമായ പൊള്ളല്‍ ഏറ്റതുമില്ല.
അതേസമയം ആസിഡ് ആക്രമണത്തിന് പിന്നാലെ സൈദ് ശൈഖ്, ജയയെ ആക്രമിച്ചു. ജയയ്ക്ക് നിസാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്. രണ്ട് പേര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ്ചെയ്തു. സൈദിന്റെ വിവാഹം സംഭവത്തെ തുടര്‍ന്ന് റദ്ദാക്കിയതായും പൊലീസ് പറഞ്ഞു.
68 1 minute read