KERALALATEST

കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു; കാൽപാദം മുറിച്ചുമാറ്റി റോഡിലിട്ടു

കോട്ടയം: യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു. പത്തനാട് മുണ്ടത്താനം സ്വദേശി മനേഷ് തമ്പാൻ ആണ് കൊല്ലപ്പെട്ടത്. കോട്ടയം കങ്ങഴ ഇടയപ്പാറ കവലയിൽ രക്തസാക്ഷി കുടീരത്തിന് തൊട്ടുമുൻപിൽ ഇന്ന് ഉച്ചയോടെയാണ് ഒരാളുടെ കാൽപ്പാദം കണ്ടെത്തിയത്. സംഭവം കറുകച്ചാൽ പോലീസിൽ അറിയിച്ചതോടെ പൊലീസ് സംഘം ഉടൻ എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവിടെ നിന്നും ഒരു കിലോമീറ്റർ അകലെ റബർ തോട്ടത്തിൽ  മൃതദേഹം കണ്ടെത്തിയത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ പത്തനാട് മുണ്ടത്താനം സ്വദേശി മനേഷ് തമ്പാൻ ആണ് കൊല്ലപ്പെട്ടതെന്ന്  സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ കടയനിക്കാട് സ്വദേശി ജയേഷ്, കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവർ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മണിമല പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

കാലങ്ങളായുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. കൊല്ലപ്പെട്ട മനേഷ് തമ്പാനെതിരെ കൊലപാതകശ്രമം അടക്കം നിരവധി കേസുകളുണ്ട്. ഫെബ്രുവരിയിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിൽ കഴിയുകയായിരുന്നു എന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ ന്യൂസ് 18 നോട് പറഞ്ഞു. ജില്ലാ പോലീസ് മേധാവി അടക്കം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് തീരുമാനം.

സംഭവം സംബന്ധിച്ച് നിരവധി വിവരങ്ങൾ ഇനിയും പോലീസിന് അന്വേഷിച്ച് കണ്ടെത്താൻ ഉണ്ട്. കൊലപാതകം എപ്പോൾ നടന്നു എന്നതടക്കമുള്ള കാര്യങ്ങൾ  പോലീസ് പ്രതികളിൽനിന്ന് ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ചോദ്യംചെയ്യൽ പൂർത്തിയായാൽ മാത്രമേ അന്തിമമായ വ്യക്തത കൈവരു എന്നാണ് ജില്ലാ പോലീസ് മേധാവി ഡി ശില്പ വ്യക്തമാക്കുന്നത്. പ്രതികളെ മണിമല പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യുന്നത്.

അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പോലീസ് പറയുന്നു. ഇയാളുടെ കാൽപാദം എപ്പോഴാണ് ഇടയപ്പാറ ടൗണിൽ കൊണ്ട് വെച്ചത് എന്ന് ആരും കണ്ടിട്ടില്ല. ഇയാളുടെ മൃതദേഹം കണ്ടെത്തിയ റബ്ബർതോട്ടം ആളൊഴിഞ്ഞ സ്ഥലമായിരുന്നു. ഇയാളുടെ ശരീരത്തിൽ മറ്റ് കാര്യമായ പരിക്കുകൾ ഒന്നുമില്ല എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. എന്നാൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമമായ വ്യക്തത വരൂവെന്നും പൊലീസ് പറയുന്നു.

കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും പോലീസ് തെരഞ്ഞു വരികയാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക എന്ന പ്രാഥമിക വിവരത്തിലേക്ക് ആണ്  പോലീസ് എത്തുന്നത്. നേരത്തെ നടന്ന കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട് ഉള്ള പ്രതികാരം ആണോ എന്ന് സംശയമാണ് പോലീസ് പങ്കുവെക്കുന്നത്. ഏതായാലും കാൽപാദം മുറിച്ച് കൊണ്ട് വെച്ചത് എന്തിനുവേണ്ടിയാണ് എന്ന സംശയവും പോലീസ് മുന്നോട്ടു വെക്കുന്നു. ഇയാൾക്ക് പല രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധങ്ങളും ചിത്രങ്ങളും പുറത്തു വരുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് മറ്റോ നേതാക്കൾക്കൊപ്പം നിന്ന് ഫോട്ടോ എടുത്തത് ആകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ സജീവ പ്രവർത്തകനായി ആളുണ്ടായിരുന്നു എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button