Uncategorized

തമിഴകത്തെ ഇളക്കിമറിച്ച് ശിവകാർത്തികേയൻ, ‘ഡോക്ടർ, ന് മിന്നും തുടക്കം

 

ചെന്നൈ:കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച ചിത്രമായിരുന്നു വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ‘മാസ്റ്റര്‍’ . മാസങ്ങളോളം തിയറ്ററുകളില്‍ സിനിമ കാണുന്ന ശീലം മാറ്റിവെക്കേണ്ടിവന്ന കാണികള്‍ തിരികെയെത്തുമോ എന്ന് ആശങ്കപ്പെട്ട സിനിമാ വ്യവസായത്തിന് ആശ്വാസം പകര്‍ന്ന ചിത്രം.തമിഴ്നാട്ടില്‍ മാത്രമല്ല, കേരളമുള്‍പ്പെടെയുള്ള മറ്റു മാര്‍ക്കറ്റുകളിലും വന്‍ ഹിറ്റ് ആയിരുന്നു ചിത്രം. ഇപ്പോഴിതാ രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്കും പ്രേക്ഷകരെ തിരികെയെത്തിച്ചിരിക്കുകയാണ് ഒരു തമിഴ് ചിത്രം. ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്‍ത ‘ഡോക്ടര്‍’ആണ് റിലീസ് ദിനത്തില്‍ അഭൂതപൂര്‍വ്വമായ പ്രതികരണം നേടുന്നത്.

‘മെഡിക്കല്‍ ക്രൈം ആക്ഷന്‍ ത്രില്ലര്‍’ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് ‘വരുണ്‍ ഡോക്ടര്‍’ എന്ന പേരിലാണ് ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്‍തിരിക്കുന്നത്. തിയറ്ററുകള്‍ തുറന്ന തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നെന്നാം വന്‍ പ്രതികരണമാണ് ആദ്യദിനം ചിത്രത്തിന് ലഭിക്കുന്നത്. സിനിമകള്‍ പൊതുവെ തയ്യാറാവാത്ത ശനിയാഴ്ച റിലീസിന് തിരഞ്ഞെടുത്ത നിര്‍മ്മാതാക്കളുടെ തീരുമാനത്തില്‍ സിനിമാ മേഖലയിലുള്ളവര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം ആശങ്കകളെയൊക്കെ അസ്ഥാനത്താക്കുന്ന പ്രകടനമാണ് ബോക്സ് ഓഫീസില്‍ ചിത്രം നടത്തുന്നത്.

ആദ്യ ഷോകളുടെ ഇടവേള സമയം മുതല്‍ ട്വിറ്ററില്‍ പ്രേക്ഷക പ്രതികരണങ്ങള്‍ വന്നുതുടങ്ങിയിരുന്നു. നെഗറ്റീവ് അഭിപ്രായങ്ങള്‍ തീരെ വരുന്നില്ല എന്നത് വലിയ ശുഭസൂചനയായാണ് കോളിവുഡ് വൃത്തങ്ങള്‍ നോക്കിക്കാണുന്നത്. ‘മാസ്റ്ററി’നു ശേഷമുള്ള ഏറ്റവും വലിയ ഓപണിംഗ് ഡേ കളക്ഷന്‍ ആയിരിക്കും ചിത്രം നേടുകയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ആദ്യദിന ആഗോള കളക്ഷന്‍ 10 കോടിയിലേറെ വരുമെന്ന് വിലയിരുത്തലുകളുണ്ട്. 50 ശതമാനം പ്രവേശനം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് പലയിടങ്ങളിലും പ്രദര്‍ശനം എന്നതുകൊണ്ട് ഈ തുകയ്ക്കൊക്കെ വലിയ മൂല്യമുണ്ട്.

കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിലേറെ റിലീസ് നീണ്ട പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു ഇത്. പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, മിലിന്ദ് സോമന്‍, ഇളവരസ്, യോഗി ബാബു, ദീപ, അരുണ്‍ അലക്സാണ്ടര്‍, റെഡിന്‍ കിങ്സ്‍ലി, സുനില്‍ റെഡ്ഡി, അര്‍ച്ചന, ശിവ അരവിന്ദ്, രഘു റാം, രാജീവ് ലക്ഷ്‍മണ്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍, സംഘട്ടനം അന്‍പറിവ്, കൊറിയോഗ്രഫി ജാനി. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ ആണ് നിര്‍മ്മാണം. സഹനിര്‍മ്മാണവും വിതരണവും കെജെആര്‍ സ്റ്റുഡിയോസ്. ‘കോലമാവ് കോകില’ ഒരുക്കിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് സംവിധാനം. വിജയ്‍യുടെ പുതിയ ചിത്രം ‘ബീസ്റ്റ്’ സംവിധാനം ചെയ്യുന്നതും ഇദ്ദേഹമാണ് എന്നതിനാല്‍ വിജയ് ആരാധകരും ചിത്രത്തിന് വലിയ പ്രചരണം നല്‍കുന്നുണ്ട്. അതേസമയം കേരളത്തിലെ പ്രേക്ഷകര്‍ക്ക് ചിത്രം കാണാന്‍ ഇനിയും കാത്തിരിക്കണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker