BREAKINGNATIONAL

45,000 രൂപയുടെ സാധനങ്ങളുള്ള ബാഗ് നഷ്ടപ്പെട്ടു, യാത്രക്കാരന് 2,450 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഇന്‍ഡിഗോ

ദൂരയാത്രയ്ക്ക് ഏറ്റവും സൗകര്യപ്രദമായ മാര്‍?ഗമാണ് വിമാനയാത്രയെങ്കിലും വിമാനയാത്രകളുമായി ബന്ധപ്പെട്ട പരാതികള്‍ നിരവധിയാണ്. വിമാനങ്ങളുടെ റദ്ദാക്കലും വൈകലും ഒക്കെ ഇതില്‍ ഉള്‍പ്പെടുമെങ്കിലും യാത്രക്കാര്‍ക്ക് ഏറ്റവുമധികം നിരാശ സമ്മാനിക്കുന്നത് യാത്രക്കിടയില്‍ തങ്ങളുടെ ലഗേജുകള്‍ നഷ്ടമാകുന്നതും ലഗേജുകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകളും ഒക്കെയാണ്.
ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സമീപകാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അടുത്തിടെ നടന്ന ഒരു സംഭവത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത ഒരാള്‍ക്ക് നഷ്ടമായത് 45,000 രൂപ വിലമതിക്കുന്ന സാധനങ്ങള്‍ ഉള്‍പ്പെടുന്ന തന്റെ ബാഗാണ്. ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ എയര്‍ലൈന്‍ നല്‍കിയ മറുപടിയായിരുന്നു അതിനേക്കാള്‍ വിചിത്രം. നഷ്ടപ്പെട്ട ബാഗിന് പകരമായി തങ്ങള്‍ 2450 രൂപ നഷ്ടപരിഹാരമായി നല്‍കാമെന്നായിരുന്നു ഇന്‍ഡിഗോയുടെ വാഗ്ദാനം.
കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അസമില്‍ നിന്നുള്ള മോണിക്ക് ശര്‍മയുടെ 45,000 രൂപയുടെ സാധനങ്ങള്‍ ഉള്‍പ്പെടുന്ന ബാഗ് നഷ്ടപ്പെട്ടത്. ഇതിനെതിരെ എയര്‍ലൈനില്‍ പരാതി നല്‍കിയപ്പോഴാണ് എയര്‍ലൈന്‍ തുച്ഛമായ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്. മോണിക്ക് ശര്‍മ്മയുടെ ഒരു സുഹൃത്താണ് ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
അദ്ദേഹത്തിന്റെ പോസ്റ്റ് അനുസരിച്ച്, നഷ്ടപ്പെട്ട ബാഗില്‍ ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍, ആധാര്‍ തുടങ്ങിയ സുപ്രധാന രേഖകള്‍ക്കൊപ്പം 45,000 രൂപയുടെ സാധനങ്ങളും ഉണ്ടായിരുന്നു. ശര്‍മ്മയുടെ ബോര്‍ഡിംഗ് പാസിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു. ഒടുവില്‍ പോസ്റ്റ് വൈറലായതോടെ ഇന്‍ഡിഗോയുടെ സോഷ്യല്‍ മീഡിയ ടീമില്‍ നിന്നും തനിക്ക് കോള്‍ ലഭിച്ചതായി ശര്‍മ്മ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താമെന്ന് കമ്പനി ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button