BREAKING NEWSKERALALATEST

കൊടിയുടെ നിറം രണ്ടെങ്കിലും മനസ് ഒന്നാണ്… കെഎസ് യു ജില്ലാ പ്രസിഡന്റിന് വധു എസ്എഫ്‌ഐ നേതാവ്

കോഴിക്കോട്: വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും പ്രസ്ഥാനവും കൊടിയുടെ നിറവും രണ്ടാണെങ്കിലും അവരുടെ മനസ്സ് ഒന്നായി, പകര്‍ന്നുനല്‍കിയ സ്‌നേഹത്തിനുമുന്നില്‍. വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ ഇരുസംഘടനകളില്‍ പ്രവര്‍ത്തിച്ച നിഹാലും ഐഫയും ജീവിതത്തില്‍ ഇനി ഒരുമിച്ചുനടക്കും.കെ.എസ്.യു. ജില്ലാ പ്രസിഡന്റായ വി.ടി. നിഹാലിന്റെയും എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി മുന്‍ അംഗമായിരുന്ന ഐഫ അബ്ദുറഹിമാന്റെയും വിവാഹനിശ്ചയം ഞായറാഴ്ച കഴിഞ്ഞു. കോഴിക്കോട് ഗവ. ലോ കോളേജില്‍ നിഹാലിന്റെ ജൂനിയറായിരുന്നു ഐഫ. ചിരിയില്‍ മാത്രമൊതുങ്ങിയ സൗഹൃദം കൂടുതല്‍ വളര്‍ന്നത് അഭിഭാഷകരായി ജില്ലാ കോടതിയിലെത്തിയതോടെ. ഐഫയുടെ ബന്ധുവഴിയാണ് വിവാഹാലോചന വന്നത്. രാഷ്ട്രീയവിശ്വാസത്തിലെ വേര്‍തിരിവിനെച്ചൊല്ലി ആദ്യം ചെറിയ ആശങ്ക ഇരുവര്‍ക്കുമുണ്ടായിരുന്നു. മനസ്സുതുറന്ന് സംസാരിച്ചപ്പോള്‍ അതൊന്നും പ്രശ്‌നമാക്കാതെ ഒരുമിച്ച് മുന്നോട്ടുപോവാന്‍ തീരുമാനിച്ചു.
നിലവില്‍ ഡി.വൈ.എഫ്.ഐ., ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ എന്നിവയില്‍ അംഗമാണ് ഐഫ. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പുതിയറ വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു നിഹാല്‍.ലോ കോളേജ് യൂണിയന്‍ ഭാരവാഹിയായിരുന്ന ഐഫയുമായി എസ്.എഫ്.ഐ. നേതാവ് എന്നനിലയിലുള്ള സൗഹൃദമേ ഉണ്ടായിരുന്നുള്ളൂവെന്ന് നിഹാല്‍ പറഞ്ഞു.
രാഷ്ട്രീയമായ ഭിന്നാഭിപ്രായം മുന്‍നിര്‍ത്തി ചെറിയ ‘അടികള്‍’ ഉണ്ടാവാറുണ്ടെങ്കിലും അത് രസമുള്ളതാണെന്ന് ഐഫ പറയുന്നു. വിവാഹശേഷവും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കൊപ്പം മുന്നോട്ടുപോവാനാണ് ഇരുവരുടെയും തീരുമാനം.മാങ്കാവ് തളിക്കുളങ്ങര പരേതനായ വലിയ തിരുത്തിമ്മല്‍ മുഹമ്മദ് ഹനീഫയുടെയും സാജിദയുടെയും മകനാണ് നിഹാല്‍. കൊടുവള്ളിയില്‍ ബിസിനസുകാരനായ അബ്ദുറഹിമാന്റെയും ഷെരീഫയുടെയും മകളാണ് ഐഫ. അടുത്തവര്‍ഷമാണ് വിവാഹം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker