17 വര്‍ഷമെടുത്തെങ്കിലും നിരപരാധിത്തം തെളിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ചലച്ചിത്ര നടി പ്രിയങ്ക. പണം തട്ടിപ്പ് കേസില്‍ പ്രിയങ്കയെ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തയാക്കിയിരുന്നു. നടി കാവേരിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു പ്രിയങ്കയ്ക്ക് എതിരായ കേസ്.
17 വര്‍ഷം നീണ്ട കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നടി പ്രിയങ്കയെ വെറുതെ വിട്ടത്. 2004 ലാണ് കേസിനാസ്പദമായ സംഭവം. ഒരു വാരികയില്‍ നടി കാവേരിയ്ക്ക് എതിരെ അപകീര്‍ത്തികരമായ വാ!ര്‍ത്ത വരാതിരിക്കാന്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കാവേരിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രിയങ്കയ്ക്ക് എതിരായ കേസ്.
ഇതിന്റെ ആദ്യഘഡുവായി ഒരു ലക്ഷം രൂപ കാവേരിയുടെ അമ്മ ആലപ്പുഴയില്‍ വച്ച് പ്രിയങ്കയ്ക്ക് കൈമാറി. നേരത്തെ വിവരം അറിയിച്ചതനുസരിച്ച് കാത്ത് നില്‍ക്കുകയായിരുന്ന പൊലീസ് പ്രിയങ്കയെ ഉടന്‍ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി പ്രിയങ്കയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
വിധിയറിഞ്ഞ് കോടതി മുറിയില്‍ പ്രിയങ്ക ബോധരഹിതയായി. അന്ന് തുടങ്ങിയ നിയമപോരാട്ടത്തിനൊടുവിലാണ് പ്രിയങ്ക കേസില്‍ കുറ്റവിമുക്തയായത്. ആദ്യം കേസന്വേഷിച്ച പൊലീസിന് കാര്യമായ തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് 2008ല്‍ പരാതിക്കാര്‍ പുനരന്വേഷണം ആവശ്യപ്പെട്ടു. ഈ കേസിലും മതിയായ തെളിവുകള്‍ കണ്ടെത്താനാകാതായതോടെയാണ് വിധി പ്രിയങ്കയ്ക്ക് അനുകൂലമായത്.