ജോലി അന്വേഷിച്ച് നടക്കുന്നകാലത്ത് യോഗ്യതയ്ക്കനുസരിച്ച് പല കമ്പനികളിലേക്കും അപേക്ഷകള്‍ അയക്കാറുണ്ട്. അതില്‍ ചിലര്‍ വിളിക്കും ചിലര്‍ വിളിക്കില്ല. ചില കമ്പനികളാകട്ടെ ഏതെങ്കിലും ജോലിക്ക് പ്രവേശിച്ച് കഴിഞ്ഞതിന് ശേഷമായിരിക്കും വിളിക്കുക. ഇതുമായി ബന്ധപ്പെട്ട് രസകരമായ ഒരു സംഭവമാണ് യുകെയില്‍ ഉണ്ടായത്.
ടിസി ഹോഡ്സണ് എന്ന 70 കാരിക്ക് ഒരു ജോബ് ലെറ്റര്‍ ലഭിച്ചിരിക്കുകയാണ്. അതും 48 വര്‍ഷം മുമ്പ് അപേക്ഷിച്ച ജോലിയ്ക്ക്. 1976 ജനുവരിയില്‍ എഴുതിയ കത്ത് അന്ന് ടിസിയ്ക്ക് ലഭിച്ചില്ല. പോസ്റ്റ് ഓഫിസിന്റെ മേശയ്ക്കുള്ളില്‍ കുടുങ്ങിക്കിടന്ന ഈ കത്ത് ഇത്രയും നാള് ആരും കണ്ടതുമില്ല.
‘സ്റ്റെയിന്‍സ് പോസ്റ്റ് ഓഫീസില്‍ നിന്നുള്ള വൈകിയ ഡെലിവറി. മേശയുടെ ഡ്രോയ്ക്ക് പിന്നില്‍ കണ്ടെത്തി. ഏകദേശം 50 വര്‍ഷം മാത്രം വൈകി.’ എന്ന കുറിപ്പും ഈ കത്തിനൊപ്പമുണ്ടായിരുന്നു.
48 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് റൈഡറുടെ ജോലിക്ക് അപേക്ഷിച്ചതിനെ തുടര്‍ന്ന് ജോലി വാഗ്ദാനം ചെയ്തുള്ള കത്താണ് ടിസിയ്ക്ക് ഇപ്പോള്‍ ലഭിച്ചത്.
അപ്രതീക്ഷിതമായി ലഭിച്ച ഈ കത്ത് ചെറുപ്പകാലത്ത് താന്‍ മനസില്‍ കൊണ്ടുനടന്ന സ്വപ്നങ്ങളെ ഓര്മപ്പെടുത്തിയെന്ന് ടിസി പറയുന്നു. ‘ഈ ജോലിയുമായി ബന്ധപ്പെട്ട മറുപടി എന്തുകൊണ്ടാണ് ലഭിക്കാതിരുന്നത് എന്ന് എപ്പോഴും ചിന്തിച്ചിരുന്നു. ഇപ്പോള്‍ അതെനിക്കറിയാം.’ ടിസി, ബിബിസിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലണ്ടനിലെ ഫ്ളാറ്റിലിരുന്നാണ് അപേക്ഷ ടൈപ്പ് ചെയ്തത്. വലിയ ആകാംഷയോടെ മറുപടിയ്ക്കായി കാത്തിരുന്നെങ്കിലും വന്നില്ല. എപ്പോഴും കത്തിനായി നോക്കും പക്ഷെ വന്നില്ല. ഞാന്‍ ശരിക്കും നിരാശയായി. കാരണം മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് റൈഡറാവാന്‍ ഞാനേറെ ആഗ്രഹിച്ചിരുന്നു.
ആ ജോലി നഷ്ടമായെങ്കിലും.തുടര്‍ന്നും ജോലിക്ക് ശ്രമിച്ചു. അന്ന് താന്‍ സ്ത്രീയാണെന്ന് ആളുകളെ അറിയിക്കാതിരിക്കാതെയാണ് ടിസി അന്ന് ജോലിക്ക് അപേക്ഷിച്ചിരുന്നത്. അഭിമുഖങ്ങള്‍ക്ക് വിളിക്കില്ലെന്ന് കരുതിയാണിത്. അക്കാലത്ത് സ്ത്രീകള്‍ ചെയ്യാത്ത തരത്തിലുള്ള സാഹസികമായ ജോലികളാണ് പിന്നീട് ടിസി ഹോഡ്സണ് ചെയ്തത്. ആഫ്രിക്കയിലേക്ക് സ്ഥലം മാറിയ ടിസി അവിടെ പാമ്പുകളെ കൈകാര്യം ചെയ്യുന്ന സ്നേക്ക് ഹാന്റ്ലര്‍, ഹോഴ്സ് വിസ്പറര്‍ തുടങ്ങിയ ജോലികള്‍ ചെയ്തു. ശേഷം വിമാനം പറത്താന്‍ പഠിച്ച ടിസി എയറോബാറ്റിക് പൈലറ്റും ഇന്‍സ്ട്രക്ടറുമായി ജോലി ചെയ്തു. ജീവിതത്തില്‍ അത്ഭുകരമായ കാലമുണ്ടായിരുന്നുവെന്നും 70 കാരിയായ ടിസി ഓര്‍ക്കുന്നു.
57 1 minute read