നമ്പർ 18 ഹോട്ടലിൽ നിന്നും കാണാതായ ഡിജെ പാർട്ടിയുടെ ഹാർഡ് ഡിസ്ക്ക് കായലിൽ തന്നെയെന്ന് ഉറപ്പിച്ച് പോലീസ്. എന്നാൽ കായലിൽ നിന്നും ഹാർഡ് ഡിസ്ക്ക് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം ഒളിവിൽപോയ ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു ദിവസം തുടർച്ചയായി തെരച്ചിൽ നടത്തിയിട്ടും കായലിൽ നിന്നും ഹാർഡ് ഡിസ്ക്ക് കണ്ടെത്താൻ പൊലീസിനായില്ല. ഇതിനിടയിലാണ് ഇന്നലെ രാവിലെ കായലിൽ മത്സ്യബന്ധനത്തിന് എത്തിയവരുടെ വലയിൽ ഹാർഡ് ഡിസ്ക് കുടുങ്ങിയതായുള്ള സംശയം ഉയർന്നിരിക്കുന്നത്. എന്നാൽ ഹാർഡ് ഡിസ്ക് ആണെന്ന് മനസിലാകാത്തതിനാൽ തിരികെ കായലിൽ നിക്ഷേപിച്ചു എന്ന് ഇവർ പോലീസിനോട് പറഞ്ഞു.
ഹാർഡ് ഡിസ്കിന്റെ ചിത്രങ്ങളും ഇവർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹാർഡ് ഡിസ്ക്ക് കണ്ടെത്താനുള്ള തെരച്ചിൽ പോലീസ് വീണ്ടും നടത്തും. ഹാർഡ് ഡിസ്കിന് പുറമെ, തെളിവ് ശേഖരിക്കാൻ പരമാവധിയാളുകളെ ചോദ്യം ചെയ്ത് വരുകയാണ് പൊലീസ്.
ഔഡി കാർ ഡ്രൈവർ സൈജു ഒളിവിലാണെന്നാണ് പൊലീസ് നിഗമനം. വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചിച്ചിരുന്നെങ്കിലും ഇതുവരെ ഇയാൾ ഹാജരായിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷ തളിയാൽ സൈജുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ഇയാളുടെ ഒരു കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സൈജുവിന് കൊച്ചിയിലെ ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. അതേസമയം പാർട്ടിയിൽ ഉന്നതർ പങ്കെടുത്തിട്ടുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്.
ഡിവിആർ കണ്ടെത്തുന്നത് ദുഷ്കരമെന്ന് തെരച്ചിൽ സംഘം വ്യക്തമാക്കിയിരുന്നു. കായലിൽ അടിയൊഴുക്ക് ശക്തമാണ്. അതുകൊണ്ട് തന്നെ വലിച്ചെറിഞ്ഞ ഇടത്തുനിന്ന് അത് ഒഴുകിപ്പോയിട്ടുണ്ടാവും. ഇങ്ങനെയാണെങ്കിൽ ഹർഡ് ഡിസ്ക് കണ്ടെത്തൽ ഏറെ ദുഷ്കരമാകുമെന്നും തെരച്ചിൽ സംഘം പറഞ്ഞു. ഹാർഡ് ഡിസ്ക് ലഭിച്ചാലും ദൃശ്യങ്ങൾ സുരക്ഷിതമെന്ന് ഉറപ്പുപറയാനാവില്ല എന്ന് സൈബർ വിദഗ്ധരും പറഞ്ഞു.
അതേസമയം, അപകടത്തിൽ പെട്ട ഡ്രൈവർ അബ്ദുൾ റഹ്മാനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.