LATESTNATIONALNEWS

ഓഗസ്റ്റ് 16 മുതല്‍ ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

 


ന്യൂഡല്‍ഹി: ഒരുവര്‍ഷം നീണ്ട നിയന്ത്രണത്തിന് ശേഷം ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നു. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ജമ്മുവിലെയും കശ്മീരിലെയും ഓരോ ജില്ലകളില്‍ ഓഗസ്റ്റ് 15ന് ശേഷം 4ജി ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തും. സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍, നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും സമീപമുള്ള ഒരു പ്രദേശത്തും 4ജി ഇന്റര്‍നെറ്റ് അനുവദിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കുറവുള്ള പ്രദേശങ്ങളിലാകും ഈ സൗകര്യങ്ങള്‍ ആദ്യം എത്തിക്കുകയെന്നും കേന്ദ്രം പറയുന്നു.

രണ്ടുമാസത്തെ നിരീക്ഷണത്തിന് ശേഷം സാഹചര്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാകും തുടര്‍നടപടികള്‍ ഉണ്ടാകുക. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് പിന്നാലെയാണ് ഇവിടെ 4ജി ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ഈ നീക്കത്തിന് ഒരു വര്‍ഷമാകുന്ന വേളയിലാണ് പുതിയ ഇളവുകള്‍ക്ക് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം ചോദിച്ചിരുന്നു.

കഴിഞ്ഞ തവണ ഈ വിഷയം പരിഗണനക്കെടുത്തപ്പോള്‍ പ്രത്യേക പ്രദേശങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ജമ്മു കശ്മീരില്‍ ഇപ്പോഴും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുവെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. മെഡിക്കല്‍ സേവനം, വിദ്യാഭ്യാസം, ബിസിനസ് എന്നിവയെ 4ജി നിയന്ത്രണം ബാധിക്കരുത്. അതേസമയം തന്നെ എല്ലാ പ്രദേശത്തും 4ജി സേവനം അനുവദിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അനുവദിക്കാനാവില്ലെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി

Related Articles

Back to top button