മുണ്ടക്കൈ: ഇരുളില്‍ മുണ്ടക്കൈയെ കവര്‍ന്ന ഉരുള്‍ തൂത്തെറിഞ്ഞത് അഞ്ഞൂറോളം വീടുകള്‍. ചുറ്റും മണ്ണും കല്ലുമല്ലാതെ ഒന്നുമില്ല. കാലു കുത്തിയാല്‍ കുഴിഞ്ഞു താഴേക്ക് പോകുന്ന സ്ഥിതി. വീടിന്റെ മുകളിലെ റൂഫിനൊപ്പം മണ്ണ് മൂടിയിരിക്കുന്നു. ഉള്ളില്‍ എത്ര മനുഷ്യരെന്ന് അവ്യക്തം. മുണ്ടക്കൈയെ ഒന്നാകെ മൂടിയ മണ്ണിനടിയില്‍ നിന്ന് ഇനിയും കണ്ടെത്താന്‍ നിരവധി മനുഷ്യര്‍ ബാക്കിയാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. 540 വീടുകളില്‍ അവശേഷിക്കുന്നത് 30 ഓളം വീടുകള്‍ മാത്രമാണെന്ന് മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് മെമ്പര്‍ കെ ബാബു പറയുമ്പോള്‍ ദുരന്തത്തിന്റെ വ്യാപ്തി അതിഭീകരമെന്നാല്ലാതെ പറയാന്‍ കഴിയില്ല.
റൂഫ് നീക്കി കോണ്‍ക്രീറ്റ് പൊളിച്ചുവേണം ഓരോ വീട്ടിനുള്ളിലുമുള്ള മനുഷ്യരെ പുറത്തെടുക്കാന്‍. ഉറ്റവരെ കാത്ത് രാവിലെ മുതലേ മുണ്ടക്കൈയില്‍ ഉള്ളം നീറിയെത്തയവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എങ്ങനെ എത്തും എന്നറിയാതെ സകലരോടും സഹായം അഭ്യര്‍ഥിക്കുന്ന നിസാഹായ സ്ഥിതി.
‘ആശുപത്രികളിലും ക്യാമ്പുകളിലും അന്വേഷിച്ചു. അവരെങ്ങുമില്ല. ഈ മണ്ണിനടിയിലുണ്ട്’
രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍പ്പെടാത്തവര്‍ക്കായി മുണ്ടക്കൈയില്‍ സംയുക്ത സംഘം രാവിലെ മുതലെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പരിക്കേറ്റവരെ എയര്‍ലിഫ്റ്റിങ് വഴി ആദ്യം പുറത്തെത്തിക്കുന്നതിനായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നത്. ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന താത്കാലിക പാലം നിര്‍മാണം പൂര്‍ത്തിയായതോടെ ബാക്കിയുള്ളവരെയും പുറത്തെത്തിച്ചു. മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി ബുധനാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ നടത്താനെത്തിയവര്‍ക്ക് മുന്നില്‍ ഉപകരണങ്ങളുടെ അപര്യാപ്തത വെല്ലുവിളി നിറക്കുകയാണ്.
കോണ്‍ക്രീറ്റ് കട്ടറുപയോ?ഗിച്ച് വീടിന്റെ കോണ്‍ക്രീറ്റും റൂഫും നീക്കം ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കരികിലെത്താന്‍ സാധിക്കുകയുള്ളൂ. അത്യാധുനിക ഉപകരണങ്ങള്‍ എപ്പോള്‍ എത്തിക്കാനാവുമെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ലാത്തതിനാല്‍ ചുറ്റിക ഉള്‍പ്പെടെ ഉപയോ?ഗിച്ച് തടസം നീക്കി വളരെ പ്രയാസപ്പെട്ടാണ് സംഘം തിരച്ചില്‍ നടത്തുന്നത്. ഓരോ വീട്ടിലും സ്ലാബിന്റേയും കട്ടിളയുടേയും ഇടയില്‍ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്.
എന്റെ മോനും പേരക്കുട്ടികളും എല്ലാവരും പോയി..ഒക്കെ പോയി.. അനാഥയായിട്ട് നില്‍ക്കുകയാണ്.. എനിക്കിനി ജീവിതമില്ല’
‘ഈ വീട്ടിലെന്റെ അച്ഛനും അമ്മയും ഭാര്യയുമുണ്ട്’. കണ്ണീരോടെ മണ്ണ് മൂടിയ വീടിന് മുന്നില്‍ കാത്തുനില്‍ക്കുന്നവര്‍ അനവധിയാണ്. ആശുപത്രിയിലോ ക്യാമ്പിലോ പ്രയപ്പെട്ടവരുണ്ടാകുമെന്ന് കരുതി ഓടിയോടി ഒടുവില്‍ അവര്‍ക്കായി നെഞ്ച് കലങ്ങി മുണ്ടക്കൈയിലെത്തിയവരാണ് ഏറെയും.
വീടുകളുടെ മേല്‍ക്കൂരയടക്കം ചെളിയില്‍ അമര്‍ന്നു. ചിലയിടത്ത് വീടുണ്ടായിരുന്നെന്നുപോലും അറിയാന്‍പറ്റാത്തവിധം എല്ലാം തുടച്ചുമാറ്റപ്പെട്ടു. വീടുകളില്‍ ചെളിയടിഞ്ഞതിനാല്‍ അകത്ത് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നുപോലും അറിയാനാകാത്ത സ്ഥിതി. ഈ ചെളിയില്‍നിന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അത്യാധുനിക ഉപകരണങ്ങള്‍ നിലവിലെ താത്കാലിക പാലത്തിലൂടെ എത്തിക്കുക പ്രയാസകരമാണ്. എല്ലാവിധ ശ്രമങ്ങളും നടത്തിവരികയാണ് അധികൃതര്‍.
53 1 minute read