BREAKING NEWSKERALA

500 രൂപയ്ക്ക് ചെയ്യാന്‍ കഴിയില്ല, പ്രതിഷേധം: സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തി

കോഴിക്കോട്: ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചതില്‍ പ്രതിഷേധിച്ച് വന്‍കിട സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യുന്നതു നിര്‍ത്തിവച്ചു. നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുകളുടെ കൂട്ടായ്മ ഹൈക്കോടതിയെ സമീപിക്കുമെന്നും കോടതി നിര്‍ദേശം വരുന്നതു വരെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ത്തി വയ്ക്കുകയാണെന്നുമാണു ലാബുകളില്‍ വിളിക്കുന്നവര്‍ക്കു ലഭിക്കുന്ന മറുപടി.
5–ാം തീയതി വരെ പരിശോധന നടത്തില്ലെന്നാണു പറയുന്നത്. ആന്റിജന്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്തുന്നുണ്ട്. വന്‍കിട ലബോറട്ടറികള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണു മുന്‍പു കോടതിയെ സമീപിച്ച് 1500 രൂപയില്‍നിന്നു നിരക്ക് 1700 രൂപയാക്കി വര്‍ധിപ്പിച്ചത്. എന്നാല്‍ പരിശോധന രംഗത്തുള്ള മറ്റു രണ്ടു സംഘടനകള്‍ സര്‍ക്കാര്‍ നിരക്കില്‍ ആര്‍ടിപിസിആര്‍ ചെയ്തു നല്‍കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഗുരുതര സാഹചര്യം കണക്കിലെടുത്ത് 500 രൂപ നിരക്കില്‍ ചെയ്യാനും തുടര്‍ന്ന് സ്ഥിതി ശാന്തമാകുമ്പോള്‍ ഡല്‍ഹി, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ പോലെ 800 രൂപയാക്കി നിജപ്പെടുത്തണമെന്നുമാണ് നിലപാടെന്ന് കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.സി.കിഷോര്‍ പറഞ്ഞു. മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷനും കോടതിയെ സമീപിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button