KERALA

തകഴി സാഹിത്യ പുരസ്‌കാര സമര്‍പ്പണം നടന്നു

കൊച്ചി: കേരള സാഹിത്യ വേദിയുടെ 2020ലെ തകഴി സാഹിത്യ പുരസ്‌കാര സമര്‍പ്പണം എറണാകുളത്ത് പ്രൗഢമായ സദസ്സില്‍ വെച്ച് നടന്നു. സാഹിത്യ വേദി പ്രസിഡണ്ട് ജി.കെ.പിള്ള തെക്കേടത്ത് അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി പി.കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
പുരസ്‌കാര ജേതാക്കള്‍ക്ക് പ്രശസ്ത സാഹിത്യ നിരൂപകന്‍ പ്രൊഫ. എം തോമസ് മാത്യു പ്രശസ്തിപത്രവും ഫലകവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ് കുമാര്‍ പുരസ്‌കാര ജേതാക്കളെ പൊന്നാടയണിയിച്ച് മുഖ്യ പ്രഭാഷണം നടത്തി. പുരസ്‌കാര ജേതാക്കളെ അക്ബര്‍ ഇടപ്പള്ളി സദസ്സിന് പരിചയപ്പെടുത്തി.
അഖില കേരളാടിസ്ഥാനത്തിലായി ആറ് സാഹിത്യ ഇനങ്ങളിലാണ് മത്സരത്തിനായി കൃതികള്‍ ക്ഷണിച്ചത്. താഴെ കൊടുത്തിരിക്കുന്നവരാണ് പുരസ്‌കാര ജേതാക്കള്‍

നോവല്‍ – മഹാമാഗധം. എം.ബി മിനി, പാലക്കാട്.
ചെറുകഥ – മാണിക്യക്കല്ലിന്റെ കഥകള്‍. റൂബി ജോര്‍ജ്ജ്.
കവിത – ഗീതിക. ശ്രീകല എം എസ്
ഹാസ്യ കൃതി – ഒരാപ്പും കുറെ പൊല്ലാപ്പും. ഡോ. ജോര്‍ജ്ജ് മരങ്ങോലി
ബാലസാഹിത്യം – എല്ലന്‍കോലനും ഉണ്ടപക്രുവും. കുസുംഷാലാല്‍
നാടകം – യൂദാസ് മോക്ഷം തേടുന്നു. ജോസ് കോയിവിള, കൊല്ലം

കൂടാതെ ജൂറിയുടെ പ്രത്യേക പുരസ്‌കാരം ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി കുമാരി ഫാത്തിമ സന്‍ഹ (താനൂര്‍, മലപ്പുറം)യുടെ പൂന്തോട്ടത്തിലെ റാണി എന്ന കൃതിക്ക്.പുരസ്‌കാര ജേതാക്കള്‍ പ്രതി സ്പന്ദം നടത്തി.വേദി നിയന്ത്രണം രവിതാ ഹരിദാസും കൃതജ്ഞതാ പ്രകാശനം സുധ അജിതും നിര്‍വഹിച്ചു.

Related Articles

Back to top button