വ്യാജപതിപ്പുകള്‍ കാരണം 2023-ല്‍ മാത്രം ഇന്ത്യന്‍ സിനിമാ മേഖലയ്ക്കുണ്ടായ നഷ്ടം 22,400 കോടിയെന്ന് കണക്ക്. EY-യും ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും (Internet and Mobile Association of India – IAMAI) സംയുക്തമായി ഇറക്കിയ ദി റോബ് റിപ്പോര്‍ട്ട് ആണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. വ്യാജന്മാരെ തടയാന്‍ സിനിമാ മേഖലയും സര്‍ക്കാര്‍ സംവിധാനവും ഒരേ മനസോടെ പ്രവര്‍ത്തിക്കണം. സിനിമ കാണുന്ന 51% ഇന്ത്യക്കാരും ഇതിനായി ആശ്രയിക്കുന്ന വ്യാജ സൈറ്റുകളെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
22,400 കോടി രൂപയില്‍ 13,700 കോടി സിനിമാ തിയേറ്ററുകളില്‍ നിന്നും പകര്‍ത്തി വ്യാജപതിപ്പ് വിറ്റതിലൂടെയും 8,700 കോടി ഒ.ടി.ടി. പ്ലാറ്റ്ഫോമുകളില്‍ നിന്നും മോഷ്ടിച്ച് വിറ്റതിലൂടെയുമാണ് സമ്പാദിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുഴുവന്‍ സിനിമാ ഇന്‍ഡസ്ട്രികളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ വ്യാജന്മാരെ തുരത്താനാകൂ എന്ന് ഐ.എ.എം.എ.ഐ. ഡിജിറ്റല്‍ എന്റര്‍ടെയിന്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ രോഹിത് ജെയ്ന്‍ പറയുന്നു.
‘ഇന്ത്യയിലെ ഡിജിറ്റല്‍ വിനോദോപാധികളുടെ വളര്‍ച്ച നാം വിചാരിക്കുന്നതിലും അപ്പുറമാണ്. ഇപ്പോഴത്തെ കണക്കുകള്‍ വെച്ചുനോക്കുകയാണെങ്കില്‍ 2026 ആകുമ്പോഴേക്കും ദൃശ്യവിനോദങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന വരുമാനം 14,600 കോടിയോളം വരും. ഈ പ്രതീക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് വ്യാജന്മാര്‍ ഒരുക്കുന്നത്. ഇന്ത്യയിലെ വ്യത്യസ്ത സിനിമാ ഇന്‍ഡസ്ട്രികളും സിനിമാ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വ്യാജന്മാരില്‍നിന്നും രക്ഷനേടാനാവൂ,’ രോഹിത് ജെയ്ന്‍ പറയുന്നു.
48 1 minute read