ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമൈക്രോണ്‍ വ്യാപനം അതിവേഗത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ബ്രിട്ടനിലെയും ഫ്രാന്‍സിലെയും നിലയില്‍ രാജ്യത്തും വ്യാപനം ഉണ്ടായാല്‍ പ്രതിദിന കേസുകള്‍ 13 ലക്ഷം വരെ ആകാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് കര്‍മസമിതി അധ്യക്ഷന്‍ ഡോ. വി കെ പോള്‍ മുന്നറിയിപ്പ് നല്കി.
ചുരുങ്ങിയ ദിവസത്തിനകം തന്നെ നൂറിലേറെ ഒമൈക്രോണ്‍ ബാധിതരെ കണ്ടെത്തി എന്നത് ആശങ്കപ്പെടുത്തുന്നതാണ്. എന്നാല്‍ രാജ്യമാകെ പുതിയ വകഭേദം പടര്‍ന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. രാജ്യത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല.
കോവിഡ് പോസിറ്റീവ് ആകുന്ന എല്ലാവരിലും ഒമൈക്രോണ്‍ വകഭേദം കണ്ടെത്താനുള്ള ജനിതക പരിശോധന നടത്താന്‍ കഴിയില്ലെങ്കിലും വേണ്ടത്ര പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൂറില്‍പ്പരം കേസുകളേ കണ്ടെത്തിയിട്ടുള്ളൂ എങ്കിലും ജാഗ്രത കര്‍ശനമായി തുടരണമെന്നും ആവശ്യപ്പെട്ടു.
അതേസമയം ഒമൈക്രോണിനെതിരെ വാക്സിനുകള്‍ ഫലപ്രദമല്ലെന്ന വാദത്തിന് തെളിവില്ലെന്നും ബൂസ്റ്റര്‍ ഡോസിന് മുമ്പ് മുതിര്‍ന്ന പൗരന്മാര്ക്കെല്ലാം രണ്ടു ഡോസ് വാക്സിന് നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.