WEB MAGAZINEARTICLES

തെറിയുടെ ലോകം

 

വീണദേവി മീനാക്ഷി

”മോളെ …..”

……………

” മോളെ , മോളൂട്ടീ ,നീ എവിടെയാ …?”

…………..

” ഈ അശ്രീകരം എവിടെപ്പോയിക്കിടക്കുന്നു ?”

Inline

”എന്തമ്മേ എന്നെ വിളിച്ചോ !!!”

ഞാൻ ജീവിതത്തിൽ ആദ്യം മനസ്സിലാക്കിയ ഒരു മോശപ്പെട്ട അഭിസംബോധന ആയിരുന്നു അത് .” അശ്രീകരം!”. പിന്നെയും പലതും പലയിടത്തുനിന്നും കേട്ടുപഠിച്ചു . മൂശേട്ട, മൂധേവി , കുരങ്ങൻ , കോപ്പ് , പന്നി , പട്ടി , പുലയാട്ടലുകൾ ; ഇംഗ്ലീഷിൽനിന്നും ഇഡിയറ്റ് , റാസ്കൽ , ബാസ്റ്റേർഡ് : ഇവയെല്ലാം അടങ്ങുന്ന പദസഞ്ചയം . അടങ്ങാത്ത കോപവും വെറുപ്പും ഒരാളോട് തോന്നുമ്പോൾ   സ്വന്തം മനസ്സിലെ ഏറ്റവും മോശമായ ഊർജം പുറത്തുകളയാൻ ഈ വാക്കുകൾ പ്രയോജനപ്പെടും എന്ന് പോകെപ്പോകെ മനസ്സിലായി . ചുറ്റും കണ്ട പല മനുഷ്യരും വിഷജീവികളെപ്പോലെ ഇത്തരം വാക്കുകൾ സീൽക്കാരത്തോടെ അലറുമ്പോൾ  കോപത്തിന് അതിന്റെ അടുത്ത തലത്തിലേക്ക് പോകേണ്ടിവരും എന്നറിഞ്ഞു. ജന്തുക്കൾക്ക് വിഷവും ദംഷ്ട്രവും ഉള്ളതുപോലെയാണ് മനുഷ്യന് തെറിവാക്കുകൾ എന്നും തിരിച്ചറിഞ്ഞു . ചില വർഷങ്ങളും ദേശങ്ങളും മാറിയപ്പോൾ പല തെറിവാക്കുകളും മറ്റൊരാളെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്നത് അത്ഭുതപ്പെടുത്തി . ഒരിക്കൽ പാവപ്പെട്ട ആളുകൾ താമസിക്കുന്ന ഒരിടത്തു ചെറുപ്പക്കാരിയായ ഒരമ്മ അവരുടെ മൂന്ന് വയസ്സോളമുള്ള ആൺകുട്ടിയെ ” പട്ടി ” എന്ന് പലവട്ടം വിളിച്ചു സംസാരിക്കുന്നതുകേട്ടു അസ്വസ്ഥതയും സങ്കടവും തോന്നി . ഇന്നും അവരുടെ സംഭാഷണം ഇപ്പോൾ കേട്ടതുപോലെ ഓർമയിൽ നിൽക്കുന്നു . ബഹുമാന്യനായ ഒരു വ്യക്തി തന്റെ കൂടെയുള്ളവരെയും വാത്സല്യപൂർവ്വം ‘പട്ടി’  എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട് . അക്കാലത്തു ഞാൻ മനസ്സിലാക്കിയ അസഭ്യവാക്കുകൾ മനുഷ്യരുടെ ലൈംഗികത , സദാചാരം ഇവ സംബന്ധിച്ചതായിരുന്നു . പെണ്ണിനെ പിഴച്ചവൾ , വേശ്യ , അഭിസാരിക എന്നൊക്കെയോ , ആണിന്റെ തന്തയില്ലാത്തവൻ , ജാരസന്തതി , ഷണ്ഡൻ എന്നും മറ്റുമായിരുന്നു . പക്ഷെ സ്ത്രീപുരുഷ ഭോഗജീവിതവും അവയവങ്ങളും മാത്രം കേന്ദ്രീകരിച്ചുള്ള അശ്ലീലത്തെറികൾ ഏറെ കാലത്തിനു ശേഷത്തിനു ശേഷമാണ് പരിചയപ്പെട്ടത് . അതിനു കാരണം, ചെയ്തിരുന്ന ജോലിയുടെ പ്രത്യേകതയാണ്. കേസുകളുടെ രേഖകൾ പരിശോധിക്കുമ്പോൾ സ്വാഭാവികമായും  എഫ്. ഐ . ആർ , പരാതികൾ തുടങ്ങിയവ അറിയാതെ വായിച്ചുപോകും . ആദ്യമായി അനാട്ടമി ടേബിളിൽ നഗ്നശരീരം കാണുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഞെട്ടൽ അന്നേരം ഉണ്ടാകും. പക്ഷെ നാളുകളും അനേകം അത്തരം താളുകളും പിന്നിടുമ്പോൾ ഈ വാക്കുകൾ ആശ്ചര്യവും , ശൗര്യവും , ജുഗുപ്സയും കെട്ട് വെജിറ്റബിൾ വാക്കുകൾ ആയി മാറും . നിറംകെട്ട , അർത്ഥശൂന്യങ്ങളായ  അക്ഷരങ്ങളായി അവ പേജുകളിൽ ചിതറിക്കിടക്കും . ആ നിർമമത്വം നല്ലതാണു എന്നാണ് എനിക്ക് തോന്നിയത് . വാക്കുകളും അതിന്റെ ഒളിയർത്ഥങ്ങളും   നമുക്ക് മറികടക്കാൻ ആവുമെങ്കിൽ അത് പ്രയോഗിക്കുന്നവരുടെ മാത്രം ഉടമസ്ഥതയിലുള്ളത് എന്ന പ്രായോഗിക ചിന്തയായിരുന്നു അത് .

ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘ ചുരുളി ‘ –സിനിമ .

ഏറ്റവും ആദ്യം സോഷ്യൽ മീഡിയയിൽ ജോജുവിന്റെയും മറ്റും തെറി ക്ലിപ്പുകളും , ട്രോളുകളും , ആളുകളുടെ വിമർശനങ്ങളും കണ്ടു തെറ്റിദ്ധരിച്ചു സിനിമ കാണാൻ രണ്ടു നാളുകൾ വൈകിയിരുന്നു . മാത്രവുമല്ല ലിജോ പല്ലിശ്ശേരിയുടെ എല്ലാ സിനിമകളും എന്റെ ആസ്വാദനരീതിക്ക് അത്ര അഭിപ്രായം ഒന്നും തോന്നിയിട്ടുമില്ല .  ഒരുപാട് അഭിപ്രായങ്ങളുടെ ചുവപ്പു ലൈറ്റുകൾ ഉള്ളതിനാൽ  തനിച്ചു , ഹെഡ്സെറ്റ് വെച്ചാണ് കണ്ടത് . കണ്ടു തീർന്നപ്പോൾ അറിയാതെ എണീറ്റുനിന്നു കയ്യടിച്ചു . പൊട്ടിക്കരയുവാൻ തോന്നി . കണ്ണുകൾ നിറഞ്ഞുകൊണ്ടേയിരുന്നു . ആ സമയത്തു സിനിമയിലുടനീളം തെറിവാക്കുകളാൽ സമൃദ്ധം എന്ന് ഓർമ്മവന്നതേയില്ല . അത്രമാത്രം ആഹ്ലാദം മനസ്സിൽ നിറഞ്ഞിരുന്നു . തരം താണതിനെ ആഘോഷിക്കുകയും , നല്ലതിനെ ചവിട്ടിത്താഴ്ത്തുകയും, വസ്തുതകൾ നേരിൽ അറിയാൻ മിനക്കെടാതെ  ഓരോന്ന് പറയുകയും , അതെല്ലാം കുറേപ്പേർ വെള്ളം തൊടാതെ വിഴുങ്ങുകയും ചെയ്യുന്ന കാലത്തു  കലയിലും ബൗദ്ധികതയിലും ഉന്നത നിലവാരമുള്ള ഒരു സിനിമ വിവാദമായത്  സ്വാഭാവികമാണ് . ചുരുളി രണ്ടാമത് കണ്ടു . ഇത്തവണ ഒറ്റക്കായിരുന്നില്ല . അപ്പോൾ ചിന്തിച്ചത് എന്താണ് തെറിവാക്ക് എന്നാണ് . മനസ്സിൽ പത്തി മടക്കി പതിഞ്ഞു കിടക്കുന്ന ആസക്തികളും തൃഷ്ണകളും  സംസാരത്തിലെ  ഇരട്ടയർത്ഥങ്ങളും തെറികളും മറ്റും വളരെ വേഗം തിരിച്ചറിയും . അവയുടെ സൂചനകളും ബിംബങ്ങളും നമ്മളെ അസ്വസ്ഥരും കോപിഷ്ടരുമാക്കും . നമ്മളിലെ സദാചാരബോധം ഗുരുതരമായ പ്രതിസന്ധിയിലാകും . ഈ തെറിവാക്കുകളുടെ ഉറവിടമേതാണ് ? മനുഷ്യന്റെ ചിന്തകൾ തന്നെയല്ലേ ? വാക്കുകളുടെ അർഥങ്ങളെക്കാൾ അവയുടെ രൂപാന്തരം വന്ന പുതു ധ്വനികൾ അതിന്റെ പച്ചത്തരം കൊണ്ട് ചൂളിപ്പിക്കുന്നു . അസംസ്കൃതമായത് സംസ്കൃതമായതിനെ കീഴടക്കുമ്പോൾ താങ്ങാനാവില്ല . പുറമെ മനുഷ്യർ ഉപമകളിൽ സ്വസ്ഥരാണ് . എന്ന് വെച്ചാൽ ഇരയിമ്മൻ തമ്പിയുടെ ശൃംഗാരപദത്തിലെ പരമാനന്ദരസവും , കൊങ്കത്തടങ്ങൾ  തലോടലും തുടങ്ങി ഇണചേരലിന്റെ തലങ്ങൾ മുഴുവൻ നമുക്ക് ചുളുങ്ങാതെ ആസ്വദിക്കാം . സിനിമാഗാനങ്ങളിലെ സംസ്കാരസമ്പന്നമായ ലൈംഗിക ധ്വനികൾ പിഞ്ചുകുട്ടികൾ പാടുന്നത് കേട്ട് കയ്യടിക്കാം . കാരണം വാക്കുകളുടെ അർത്ഥങ്ങൾ മറക്കുട ചൂടിയിട്ടുണ്ടല്ലോ .

സിനിമ ഞാൻ മൂന്നാമതും കണ്ടു . ഓരോരോ സീനുകളായി സാവകാശം ; ഈ സിനിമയിലൂടെ പ്രേക്ഷകരോട് സംവിധായകൻ എന്താണ് പറയുന്നതെന്നറിയാൻ .ഓരോ തവണയും വിസ്മയം ഏറിവന്നതേയുള്ളു . ഒട്ടും തന്നെ മടുപ്പു തോന്നാത്തവിധം പുതിയ തലങ്ങളും  അർത്ഥങ്ങളും വെളിച്ചപ്പെട്ടുകൊണ്ടേയിരുന്നു . അവസാനം ആനന്ദഭരിതവും . ശരിയായ ഒരു ഫീൽ-ഗുഡ് സിനിമ തന്നെയാണ് ചുരുളി. പേര് പോലെ തന്നെ പല ചുരുളുകളായി കാഴചക്കാർക്കു മുൻപിൽ അനാവരണം ചെയ്യപ്പെടുന്ന പല തലങ്ങൾ ഇതിനുണ്ട്  .

 പാലം .

വനത്തിലെ ഗ്രാമത്തിലേക്കുള്ള പാലം അതിവിചിത്രമാണ് . ഇപ്പോൾ തകർന്നുവീഴും എന്ന് തോന്നുന്നത്ര ദുർബലം . കാട്ടുമരങ്ങളും പലകകളും പെറുക്കിവെച്ചതുപോലെയൊന്ന് . അതുവരെ വളരെ നിഷ്കളങ്കരും സൗമ്യരും ആയിരുന്ന ജീപ്പ് യാത്രികർ പാലം കടന്നുകഴിയുമ്പോൾ പ്രേക്ഷകനെയും വേഷം മാറിയ പോലീസുകാരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് പുളിച്ച തെറികളിൽ സംസാരിച്ചുതുടങ്ങുന്നു . മുഖമടച്ചു  ഒരടി കിട്ടുന്നതുപോലെയാണ്  ആദ്യം തോന്നുക . പാലം ഒരു സൂചകമാണ് . മനുഷ്യമനസ്സിന്റെ ഒളിയിടങ്ങളിലേക്കുള്ള പ്രവേശനം . എന്നാൽ അതൊരു സമയവാതായനം കൂടിയാണ് ( Time Portal ). ഒരേ സമയം വൈകാരികവും , ആത്മീയവും , യാഥാർഥ്യവും , ഫാന്റസിയും ഇഴ ചേർന്ന കഥ  , പാലത്തിനപ്പുറത്തുള്ള ഓരോ മനുഷ്യർക്കും പല പേരുകളും ഉണ്ട് . ആണും പെണ്ണും പറയുന്ന ഭാഷ, തെറികൾ നിറഞ്ഞതാണ് . കൂട്ടം കൂടി നിന്നും തെറിവിളിച്ചു കയ്യാങ്കളിയിലേക്കു നീങ്ങുന്ന പുരുഷസംഘത്തെ ഒതുക്കിനിർത്താൻ ഒരൊറ്റപ്പെണ്ണിന്റെ പുലയാട്ടൽ മതി . സിനിമയുടെ തുടക്കം മുതൽ ചെമ്പൻ വിനോദും വിനയ് ഫോർട്ടും അവതരിപ്പിക്കുന്ന  പോലീസുകാർ  അവിടെ ആദ്യമായി  റബ്ബറിനു കുഴികുത്താൻ വന്ന വ്യാജവേഷക്കാർ അല്ല എന്ന സൂചന സംഭാഷണത്തിലൂടെ അറിയിക്കുന്നുണ്ട് . ഷാജീവൻ എന്ന കഥാപാത്രത്തിന് അയാൾ അവിടെ വന്നിട്ടു കാലങ്ങൾ കഴിഞ്ഞു എന്ന തോന്നലും സിനിമയുടെ തുടക്കം മുതൽ ചെമ്പൻ വിനോദും വിനയ് ഫോർട്ടും അവതരിപ്പിക്കുന്ന  പോലീസുകാർ  അവിടെ ആദ്യമായി  റബ്ബറിനു കുഴികുത്താൻ വന്ന വ്യാജവേഷക്കാർ അല്ല എന്ന സൂചന സംഭാഷണത്തിലൂടെ അറിയിക്കുന്നുണ്ട് . ഷാജീവൻ എന്ന വിനയ് ഫോർട്ടിന്റെ കഥാപാത്രത്തിന് അയാൾ അവിടെ വന്നിട്ടു കാലങ്ങൾ കഴിഞ്ഞു എന്ന തോന്നലും  അവിടത്തെ നിരവധി പേരുകളുള്ള ആളുകളും എല്ലാം  രൂപത്തിനും ശരീരത്തിനും അപ്പുറത്തു മാറ്റമില്ലാതെ തുടരുന്ന ചാക്രികമായ ബോധത്തിന്റെ  പ്രക്രിയ മാത്രമാണ് . ഓരോ തവണയും സംഭവങ്ങളും പേരുകളും മാറുന്നു എന്ന് മാത്രം . ഓരോ തവണയും സംഭവങ്ങളും പേരുകളും മാറുന്നു എന്ന് മാത്രം . കാട് അഥവാ പ്രകൃതി അവിടെ തുടിക്കുന്ന പഞ്ചഭൂതമാവുകയും കാലത്തിന്റെയും സമയത്തിന്റെയും പോർട്ടൽ ആവുകയും ചെയ്യുന്നുണ്ട് . ആ ഒരു അനുഭവം തരുന്നത് ത്രസിക്കുന്ന ചുഴികളുടെ ( ചുരുളുകൾ ) ദൃശ്യം കൊണ്ടാണ് . കാടും ജീവജാലങ്ങളും മനുഷ്യനെ നോക്കുന്നതും സംസാരിക്കുന്നതും,  തിരുമേനി മാടനെ തലയിൽ ചുമന്നു കൊണ്ട് അനന്തമായ വഴികൾ ചുറ്റുന്ന കഥ കുട്ടിയായ ഷാജീവനോട് പറയുന്നതാണല്ലോ സിനിമയുടെ തുടക്കം . അപ്പോൾ ഷാജീവൻ എന്ന പേരും ആളും ആവർത്തനം തന്നെയാണ് ; മറ്റുള്ള എല്ലാവരെയുംപോലെ . സമയചക്രത്തിന്റെ ഭ്രമണപഥങ്ങളിൽ അവരെല്ലാം വ്യത്യസ്തരായ രൂപങ്ങളിൽ നിൽക്കുന്നു എന്ന് മാത്രം .

കള്ളുഷാപ്പ് .

ചുരുളിയിലെ ഏറ്റവും പ്രധാന ഇടമാണ് കള്ളുഷാപ്പ് . ജാഫർ ഇടുക്കി അവതരിപ്പിക്കുന്ന കള്ളുഷാപ്പുടമയും ഷാപ്പും ആ വനഗ്രാമത്തിന്റെ മസ്തിഷ്കമാണ് . ഗ്രാമസിരകൾ ചേരുന്നയിടം . ഒറ്റുകാരൻ വരുമ്പോൾ  കള്ളുഷാപ്പ് ദുരൂഹമായ നിശ്ശബ്ദതയിലാഴുന്നു. അയാളിലൂടെയാണ് സമയത്തിന്റെയും സംഭവങ്ങളുടെയും ഒരു ലൂപ്പ് തുടങ്ങുന്നതും ഒടുങ്ങുന്നതും വീണ്ടും ആവർത്തിക്കുന്നതും . കള്ളുഷാപ്പ് എന്ന ലഹരിയിടം , പള്ളിയായി രൂപാന്തരം പ്രാപിക്കുന്നതും നമ്മൾ കാണുന്നുണ്ട് . ഷാപ്പും പള്ളിയും ; ലൗകികവും ആത്മീയവും എന്ന രണ്ടു വശങ്ങൾ . എന്താണോ മനുഷ്യൻ കല്പിക്കുന്നത്  അതിനനുസരിച്ചാണ് സ്ഥലങ്ങളും അതിന്റെ പ്രസക്തിയും  മാറുന്നത് എന്ന് ശക്തമായി പറയുന്നുണ്ട് . എന്നാൽ ടോയ്‌ലെറ്റിനെക്കുറിച്ചു പറയുന്നത് ഹൈപോതെറ്റിക്കൽ ആണെന്നെ പറയാൻ പറ്റു . റെനേ ഡെയ്കാർട്ട്  ( Rene Descartes) ന്റെ ” ഐ തിങ്ക് , ദെയ്ർഫോർ ഐ ആം” എന്ന ആശയത്തിന്റെ പരാജയപ്പെട്ട അനുകരണമാണത് .

ഷാപ്പുകാരന്റെ മകളുടെ ആദ്യകുർബാനക്ക് ഷാപ്പ് പള്ളിയായി മാറുന്ന രംഗം ചിന്തിപ്പിക്കുന്ന ഒന്നാണ് . മനുഷ്യർ സകലരും വെള്ള ധരിച്ചു കുർബാനയിൽ പങ്കെടുക്കുന്നു . നിറമുള്ള ഉടുപ്പിട്ടവർ  പോലീസുകാരും , ചടങ്ങിൽ പുറംതിരിഞ്ഞു നിന്ന് ബീഡി വലിക്കുന്ന ഒറ്റുകാരനും മാത്രമാണ് . കള്ളുഷാപ്പ് പള്ളിയാക്കി ചിത്രീകരിച്ചത് നിന്ദിക്കപ്പെടേണ്ടത് എന്ന് തർക്കിക്കുന്നവരുണ്ടാകും . അത് മനുഷ്യന്റെ വ്യക്തിത്വത്തിന് സമാനമാണ് . പ്രാർത്ഥന ചൊല്ലുന്ന നാവു കൊണ്ട് തന്നെ പുലയാട്ടുന്നവനും , കൂപ്പുന്ന കൈ കൊണ്ട് കൊലക്കത്തി എടുക്കുന്നവനും എന്നപോലെ . അവൻ വിചാരിച്ചാൽ ഏതിടവും എങ്ങനെയും മാറാം എന്ന സത്യം .

പ്രകാശചാരികൾ .

സ്വപ്നമോ ജാഗരമോ എന്ന് വേർതിരിക്കാനാകാത്ത ദുരൂഹമായ കാഴ്ചകൾ ഷാജീവന്റെ കണ്ണിലൂടെ കാണുന്നുണ്ട് . പ്രകാശിക്കുന്ന കണ്ണുകളുള്ള അന്യഗ്രഹജീവികൾ പോലെയുള്ളവർ ( അമേരിക്കക്കാരനെ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയെന്ന പത്രവാർത്ത ആദ്യം തന്നെ ചായക്കടയിൽ വെച്ച്  നാം കേൾക്കുന്നുണ്ട് . എല്ലാം അറിയുന്നവനെപ്പോലെ ” എന്നിട്ടെങ്ങോട്ടാ കൊണ്ടുപോയെ ?” എന്ന് ചിരിച്ചുകൊണ്ട് ചോദിക്കുന്ന കടക്കാരനെയും കാണുന്നുണ്ട് . ഇനി സിനിമയിൽ വരാൻ പോകുന്നതെന്ത് എന്നുള്ളതിന്റെ മനോഹര സൂചന .) ഷാജീവന്റെ മയക്കത്തിൽ അസാധാരണ മുഴക്കത്തോടെ പ്രത്യക്ഷപ്പെടുമ്പോൾ ആ വിഷ്വൽ അമ്പരപ്പിക്കും , ഞെട്ടി എണീറ്റ് പുറത്തിറങ്ങുന്ന അയാൾ ഇരമ്പിപ്പാഞ്ഞുപോകുന്ന ഒരു തീഗോളം കാണുന്നു .

” അത് വടക്കേമലയിലെ ചാമുണ്ഡി തെക്കേ മലയിലേക്ക് പോകുന്നതാന്നെ . അവടെ സായിപ്പിന്റെ ഒരു പഴേ പള്ളിയുണ്ട് . മാതാവിന്റെയാ. ചേടത്തി അനിയത്തിയെ കാണാൻ പോകുന്നതാ …. പിന്നല്ലാതെ !!”

ഇതിലും ഭംഗിയായി ദൈവം എന്നത് ഓരോ വിശ്വാസത്തിനും അനുസരിച്ചു പല പേരുകളിലും ഭാവത്തിലും സങ്കൽപ്പിക്കുന്നു എന്ന് എങ്ങനെ പറയും? സൂക്ഷ്മവും ( Subtle ) ഗംഭീരവുമാണത് , ആനന്ദിപ്പിക്കുന്നതും .

ഇത്തരം ദർശനങ്ങൾ സിനിമയിൽ ഉടനീളം ഷാജീവനുണ്ടാകുന്നുണ്ട് . ഉത്സവത്തിന് നടക്കുന്ന അടി മത്സരത്തിൽ ഓരോ അടിയിലും അയാൾ കണ്ണിനുള്ളിൽ കാണുന്നത് പെങ്ങൾ തങ്കത്തിന്റെ കുടിലിനുള്ളിലെ വിചിത്രകാഴ്ചകളാണ് . ജീവനുള്ള വലയം പോലെ കാട് അവനെ ചുഴലുന്നതും ഷാജീവൻ മനസ്സിലാക്കുന്നുണ്ട് .

ആരാണ് കുറ്റവാളി ?

മയിലാടൻകുറ്റി ജോർജ്‌ എന്ന പേരുകാരനെ അന്വേഷിച്ചാണല്ലോ പോലീസുകാർ എത്തുന്നത് . കള്ളവാറ്റ്, വന്യമൃഗങ്ങളെ കൊല്ലൽ , കൊലപാതകം ,പോക്സോ  തുടങ്ങി വലിയ കുറ്റങ്ങൾ ചെയ്ത പിടികിട്ടാപ്പുള്ളി .അയാൾ കാട്ടിൽ  എവിടെയോ ഏതോ വീട്ടിൽ ഉണ്ടെന്നു ഒറ്റുകാരന്റെ ഫോൺ പോലീസ് സ്റ്റേഷനിൽ  കിട്ടുന്നു . (ചുരുളിയിൽ ഒരാൾക്കും ഫോണില്ല . പോലീസുകാരുടേത് സിഗ്നൽ ഇല്ലാത്തതുകൊണ്ട് ഉപയോഗവുമില്ല എന്നത് വേറൊരു സംഗതി !)  . തങ്കൻ ചേട്ടന്റെ ( ജോജു ) റബ്ബർ തോട്ടത്തിൽ കുഴികുത്താൻ വന്നവർ എന്ന്  പറയുമ്പോഴും ഒരു പേരല്ലാതെ ആൾ ആര് എന്നവർക്ക് അറിയില്ല .അതാണ് ചിത്രത്തിന്റെ ക്ലൈമാക്സിലേക്ക് നയിക്കുന്ന സംഭവം . തങ്കൻ വരുമ്പോൾ ” ഞാനാടോ തങ്കൻ ……കളെ !”എന്ന് വെളിപ്പെടുമ്പോൾ എന്നാൽ ഇവർ ആര് എന്ന മറുചോദ്യം ഉണ്ടാകുമല്ലോ . ഷാജീവന്റെ തോക്കിൽ നിന്നും വെടിപൊട്ടുന്നയുടൻ തങ്കൻ അടക്കം എല്ലാവരും പേടിച്ചരണ്ട സാധുക്കളായ നാട്ടുകാർ ആയി മാറുന്നു . തങ്കന്റെ വീട്ടിലാണ് കുറ്റവാളി ജോർജ് ഒളിവിൽ കഴിയുന്നത് . ഏതു കുറ്റവാളിയെയാണോ ആണോ തേടുന്നത് , അയാളിൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ എല്ലാം തന്നെ അപ്പോൾ ഷാജീവനും ചെയ്യുന്നുണ്ട് ( വാറ്റ് വില്പന , നായാട്ട് , കൊലപാതകം , ബാല പീഡനം ) ആ അർത്ഥത്തിൽ തേടുന്നവനും വേട്ടക്കാരനും ഇരയും എല്ലാം ഒരേ പോലെയെന്ന് സിനിമ പറയുന്നുണ് .

ക്ലൈമാക്സ് എന്ന പ്രകാശം .

കാലവും , സംഭവങ്ങളും ചുരുളുകൾ പോലെ നിരന്തരമായി കറങ്ങിക്കൊണ്ടിരിക്കുന്നു . എല്ലാം പ്രപഞ്ചത്തിന്റെ ഭാഗങ്ങൾ മാത്രം. ഓരോ സമയത്തും എല്ലാം വീണ്ടും ആവർത്തിക്കുന്നു വേറെ മനുഷ്യർ , വേറെ പേരുകൾ , വേറെ സംഭവങ്ങൾ . കണ്ണുകൾ അടച്ചുതുറക്കുമ്പോൾ തുറക്കുന്ന സമയത്തിന്റെ പുതിയ വാതിൽ . ആ ഇമ ചിമ്മലിൽ ശാന്തിയും ,വിശ്രാന്തിയും ,ആനന്ദവുമുണ്ട് . കഥ തുടരണമല്ലോ .  അതുവരെ കഥയിൽ ഉണ്ടായിരുന്ന മനുഷ്യർ ഒന്നടങ്കം പ്രകാശബിന്ദുക്കൾ ആയിമാറുന്നതും അത്തരം എണ്ണമറ്റ പ്രകാശബിന്ദുക്കൾ ചുഴലിയായി   ഉജ്വലമായ ഒരു ഊർജത്തിലേക്ക് ചേരുന്നതുമായ അവസാനം ആത്മാന്വേഷണത്തിന്റെ കടമ്പകൾ പിന്നിട്ട് ഒരാൾ ബോധജ്ഞാനത്തിലേക്ക് ഉയരുന്ന ഒരു ബിംബം ആയാണ് എനിക്ക് അനുഭവമായത് . ഒന്നുകൂടി പറഞ്ഞാൽ മൂലാധാരത്തിൽ വലയമായി സ്ഥിതി ചെയ്യുന്ന കുണ്ഡലിനി ഉയർന്നു സഹസ്രാരത്തിലൂടെ സ്വതന്ത്രമാകുന്നതുപോലെ .

സിനിമ .

വ്യത്യസ്തവും , കൃത്യവും ആയ പശ്ചാത്തല സംഗീതം , ശബ്ദം , നല്ല ഛായാഗ്രഹണം , നല്ല തിരക്കഥ . അതിലെല്ലാമുപരി ലിജോ ജോസ് പല്ലിശ്ശേരിയുടെ മാസ്റ്റർപീസ് എന്ന് പറയാൻ കഴിയുന്ന സംവിധാനം . അഭിമാനവും സന്തോഷവും തോന്നുന്നു ഇങ്ങനെ ഒരു സിനിമ മലയാളം കണ്ടതിൽ . കപട സദാചാരപ്രേമികൾ വഴിമാറുക ! ഈ സിനിമ കാണേണ്ടത് ആരെന്ന സെർട്ടിഫിക്കേഷൻ ഉണ്ട് . അവർ കാണുക . കാണേണ്ട രീതിയിൽ കാണുക ..

പിൻകുറിപ്പ്

ഏറെ കാര്യങ്ങൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല . നീണ്ടുപോകും എന്നതിലാണത് .

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker