
കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയില്‍ 4016 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 42.70 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 19710 പേര് നിലവില്‍ ചികിത്സയിലുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച തന്നെ ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. പൊതുയോഗങ്ങള്‍ പാടില്ലെന്നും ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും നിര്‍ദേശമുണ്ട്. പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. ബീച്ചില്‍ നിയന്ത്രണം നടപ്പിലാക്കുമെന്നും ആവശ്യമെങ്കില്‍ സമയം ക്രമീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെടും. പരിശോധനയ്ക്കായി കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊവിഡ് അവലോകന യോഗം പുരോഗമിക്കുകയാണ്. കോളജുകള്‍ അടച്ചിട്ടേക്കും. പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ വന്നേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം 50ല്‍ നിന്ന് കുറച്ചേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യൂവും പരിഗണനയിലുണ്ട്.
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ നിയന്ത്രണം കടുപ്പിക്കുമ്പോഴും സമ്പൂര്‍ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്. വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകളുടെ ഫലം വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചു.