തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല. പാര്‍ട്ടി പരിപാടികള്‍ കൊഴുപ്പിക്കാനുള്ള താത്പര്യം കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നും യൂണിയന് തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയാണ് കോളേജുകള്‍ അടയ്ക്കാത്തതെന്നും ചെന്നിത്തല ആരോപിച്ചു. കോവിഡ് പ്രതിരോധിക്കുന്നതിന്റെ നന്ദി ‘ഡോളോ’യ്ക്കാണ് നല്‍കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു
“കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കാസര്‍ഗോഡ് സിപിഎമ്മിന്റെ ജില്ലാ സമ്മേളനം നടന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഞങ്ങള്‍ അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് സമരം ചെയ്തപ്പോള്‍ എല്ലാവര്ക്കും എതിരെ കേസെടുത്തിരുന്നു. അന്ന് മരണത്തിന്റെ വ്യാപാരികള്‍ എന്ന് വിളിച്ചായിരുന്നു പ്രതിപക്ഷത്തെ കളിയാക്കിയത്. ഇന്ന് സിപിഎമ്മുകാരെ എന്താണ് വിളിക്കണ്ടത്,” ചെന്നിത്തല ചോദിച്ചു.
“പൊതുജനങ്ങള്‍ക്ക് വിവാഹത്തിന് 20 പേരെന്ന് പറയുന്ന സര്‍ക്കാരിന് എങ്ങനെയാണ് പാര്‍ട്ടി സമ്മേളനത്തില്‍ 150 പേരെ പങ്കെടുപ്പിക്കാന്‍ കഴിയുക. ഭരണം നടത്തുന്ന പാര്‍ട്ടിക്ക് തിരുവാതിര നടത്താമെങ്കില്‍ ഞങ്ങള്‍ കൂട്ടം കൂടുമെന്ന് ജനങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ തടയാന്‍ കഴിയും. നിയന്ത്രണങ്ങള്‍ പാലിച്ച് മാതൃകയാകേണ്ട പാര്‍ട്ടി കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നു,” ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
“ടിപിആര്‍ ആശാസ്ത്രീയമാണെന്നും അത് നോക്കേണ്ടന്നുമാണ് ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. നേരത്തെ ടിപിആര്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി കോവിഡിനെ നേരിടുന്നതില്‍ കേരളം ഒന്നാമതാണെന്ന് പ്രഖ്യാപിച്ചത്. വിദേശ മാധ്യമങ്ങളില്‍ പരസ്യം കൊടുക്കുകയും വാര്‍ത്തകള്‍ എഴുതിപ്പിക്കുകയും ചെയ്തു. ഇപ്പോഴെന്താണ് ടിപിആറിന്റെ കാര്യത്തില്‍ സര്‍ക്കാരിന് പറയാനുള്ളത്,” ചെന്നിത്തല ചോദ്യമുയര്‍ത്തി.
“ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുകയാണ്. സര്‍ക്കാരിന് ഇരട്ടത്താപ്പാണ്. അന്താരാഷ്ട്ര തലത്തില്‍ കേരളം മാതൃകയാണെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത്. അന്ന് പരിശോധന നടത്താതെയും മരണങ്ങള് മൂടി വയ്ക്കുകയും ചെയ്തു. രോഗം നിയന്ത്രിക്കുന്നതിലല്ലായിരുന്നു അഴിമതി കാണിക്കുന്നതിലായിരുന്നു സര്‍ക്കാരിന് താത്പര്യം,” ചെന്നിത്തല ആരോപിച്ചു.
“കോവിഡ് കാട്ടുതീ പോലെ പടരുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രി ഇവിടെ ഇല്ല. അദ്ദേഹം ചികിത്സയ്ക്ക് പോകുന്നതില്‍ നമുക്കാര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ ഇപ്പോള്‍ പകരം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. കേരളത്തിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കയാണ് സര്‍ക്കാര്‍. ഒരു തരത്തിലുമുള്ള ഏകോപനമില്ല. മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ വന്നിട്ട് ആഴ്ചകളായി, കേരളത്തില്‍ നടക്കുന്നത് ഓണ്‍ലൈന്‍ ഭരണം,” ചെന്നിത്തല വിമര്‍ശിച്ചു.