കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസമായ ഇന്നും തുടരും. ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് സംവിധായകന് ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയതായാണ് സൂചന. കേസിന്റെ അന്വഷണപുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് , ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ കഴിഞ്ഞ രണ്ടു ദിവസം ചോദ്യംചെയ്തത്. ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ രണ്ടു ദിവസമായി 22 മണിക്കൂർ ആണ് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാർ ആരോപിക്കുന്ന തരത്തിലുള്ള സംസാരം ദിലീപിന്റെ വീട്ടിൽ നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ ഒരു പ്രതി സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ തനിക്ക് ഇതിൽ പങ്കാളിത്തമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ ഇയാൾ ഇന്നലെ ചോദ്യം ചെയ്യലിനിടയിൽ 2 തവണ പൊട്ടിക്കരഞ്ഞതായാണ് വിവരം. കടുത്ത മാനസിക സമ്മർദത്തിലായ ഇയാൾ ഇന്നലെ കാര്യമായി സംസാരിച്ചില്ലെന്നാണ് സൂചന. ഇയാളെ മാപ്പുസാക്ഷിയാക്കി മാറ്റി മറ്റു പ്രതികളുടെ കുരുക്കു മുറുക്കാൻ സാധ്യതയുണ്ട്. ഇയാളെ മാപ്പുസാക്ഷിയാക്കേണ്ടി വന്നാൽ മാത്രം മജിസ്ട്രേട്ട് മുൻപാകെ രഹസ്യമൊഴി രേഖപ്പെടുത്തിയാൽ മതിയെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്.