
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായ കേസില്‍ കസ്റ്റഡിയിലുള്ള യുവാക്കള്‍ക്കെതിരെ പോക്സോ ചുമത്തുമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്. കേസില്‍ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിലും സിഡബ്ല്യുസിക്ക് മുന്നിലും ഹാജരാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുട്ടികളുടെ കൂടെ ട്രെയിനില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന രണ്ട് യുവാക്കള്‍ക്കെതിരെയാണ് പോക്സോ ചുമത്തുക. ഇവരെ ഇന്നലെ രാത്രിയോടെ ചെവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം, കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഈ യുവാക്കളാണ് കുട്ടികള്‍ക്ക് ലഹരിയടക്കം കൈമാറിയത് എന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ ഏതെങ്കിലും ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടോ എന്നറിയാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ലഹരി നല്കിയ ശേഷം കുട്ടികളെ പീഡിപ്പിക്കാനും പ്രതികള്‍ ശ്രമം നടത്തി.
ബാലമന്ദിരത്തില്‍ മാനസിക പീഡനമെന്നാണ് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. തിരികെ പോകാന്‍ താത്പര്യമില്ലെന്നും പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ബാലമന്ദിരത്തിലെ ജീവനക്കാര്‍ പരാതികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. 17 വയസ്സില്‍ കൂടുതലുള്ളവര്‍ അവിടെയുണ്ട്. അവര്‍ കുട്ടികളെ ഉപദ്രവിക്കുന്നുണ്ട്. പഠിക്കണമെന്ന് ആഗ്രഹമുണ്ട്. വീട്ടിലേക്ക് തിരികെ പോകാന്‍ സാഹചര്യമില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.