കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതി സര്‍വേക്ക് എതിരേ ഹൈക്കോടതി. സര്‍വേയുടെ ഉദ്ദേശം എന്താണെന്ന് മ നസിലാകുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഡിപിആറില്‍ ശരിയായ സര്‍വേ നടത്തിയെങ്കില്‍ ഇപ്പോഴത്തെ സര്‍വേ എന്താനാണെന്നും കോടതി ചോദിച്ചു. എന്നാല്‍ സമാനമായ ഹര്‍ജിയില്‍ ഡിവിഷന് ബെഞ്ചില്‍ വിധി വരാനുണ്ടെന്നും എതിര് സത്യവാങ്മൂലം നല്കാന് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ വാദിച്ചു. കേസ് മാറ്റിവെക്കണമെന്നും സിംഗിള്‍ ബെഞ്ചിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
നേരത്തെ, സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഹൈക്കോടതിയെ സമീപിച്ച പത്തിലധികം ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികളാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജി ഹൈക്കോടതിയുടെ പരിഗണക്ക് എത്തിയപ്പോഴാണ് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്യുന്ന ചില ചോദ്യങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായത്.
എന്തിനുവേണ്ടിയാണ് ഈ സര്‍വേ നടത്തുന്നതെന്നും അതിന്റെ ഉദ്ദേശശുദ്ധി മനസിലാകുന്നില്ലെന്നും ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. ഡിപിആര്‍ തയ്യാറാകുന്നതിന് മുമ്പായിരുന്നു ശരിയായ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ഇപ്പോള്‍ എന്ത് സാഹചര്യത്തിലാണ് സര്‍വേ നടപടികളുമായി മുന്നോട്ട് പോകുന്നത്. നിയമപരമല്ലാത്ത സര്‍വേ നടപടികളായതിനാലാണ് തടഞ്ഞതെന്ന കാര്യവും കോടതി ചൂണ്ടിക്കാണിച്ചു.
നേരത്തെ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നു. സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ വാദം കേട്ട ഡിവിഷന് ബെഞ്ച് അതില്‍ വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് സിംഗിള്‍ ബെഞ്ച് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിരിക്കുന്നത്. എതിര് സത്യവാങ്മൂലം നല്കാന് കൂടുതല്‍ സമയം വേണമെന്നും കേസ് മാറ്റിവെക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.