LATESTBREAKING NEWSKERALA

ലൈംഗീക അതിക്രമത്തേക്കുറിച്ച് തുറന്നടിക്കാന്‍ നടി ലൈവിലെത്തുന്നു, മാര്‍ച്ച് ആറ് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടിയുടെ വെളിപ്പെടുത്തല്‍;നടി തുറന്നുപറച്ചില്‍ നടത്തുമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത്

ന്യൂഡല്‍ഹി: ലൈംഗീക അതിക്രമം നേരിട്ടതിനേക്കുറിച്ച് നടി തുറന്നുപറച്ചില്‍ നടത്തുമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത്. വനിതാ ദിനത്തോട് അനുബന്ധിച്ച് ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയില്‍ നടി പങ്കെടുക്കുമെന്ന് ബര്‍ഖ ദത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘നടി നിശ്ശബ്ദത ഭേദിക്കുന്നു. ഒരു ലൈംഗീകാതിക്രമ കേസില്‍ കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവര്‍ പറയുന്നു.’ ബര്‍ഖാ ദത്ത്

‘നടി ലൈംഗീക അതിക്രമത്തേക്കുറിച്ച് തുറന്നടിക്കുന്നു’ എന്ന പോസ്റ്റര്‍ ‘വി ദ വുമന്‍ ഏഷ്യ’യും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. മാര്‍ച്ച് ആറ് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായേക്കുക. വി ദ വുമന്‍ ഏഷ്യയുടെ ഫേസ്ബുക്ക് ട്വിറ്റര്‍ ഹാന്‍ഡിലുകളിലും, ബര്‍ഖാ ദത്തിന്റെ ‘മോജോ സ്‌റ്റോറി’ യുട്യൂബ് ചാനലിലും തത്സമയ സംപ്രേഷണമുണ്ടാകും. ആക്രമിക്കപ്പെട്ടതിന് ശേഷം ലൈംഗീകാതിക്രമവുമായി ബന്ധപ്പെട്ട് നടി ഇതുവരെ മാധ്യമങ്ങള്‍ മുന്നില്‍ എത്തിയിട്ടില്ല. നടി തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ തന്റെ അതിജീവനശ്രമങ്ങളേക്കുറിച്ച് പറയാനാരംഭിച്ചത് അടുത്ത കാലത്താണ്.

ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടറായിരുന്ന ഇന്ത്യന്‍-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ് ഉള്‍പ്പെടെയുള്ളവര്‍ ഗ്ലോബല്‍ ടൗണ്‍ ഹാള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭു ഉള്‍പ്പെടെ കലാ-സാംസ്‌കാരിക-കായിക-വ്യവസായിക രംഗത്ത് ചരിത്രം കുറിച്ച വനിതകളും ഗ്ലോബല്‍ ടൗണ്‍ ഹാള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

തൃശൂര്‍ നഗരത്തില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേയായിരുന്നു നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തപ്പെടുകയും ചെയ്ത സംഭവം ഉണ്ടായത്. 2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങള്‍ അരങ്ങേറുന്നത്. കേസില്‍ നടന്‍ ദീലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയും 85 ദിവസം റിമാന്‍ഡില്‍ കഴിയുകയും പിന്നീട് ജാമ്യം നേടുകയും ചെയ്തിരുന്നു. നടിയെ ആക്രമിക്കുവാന്‍ വാടകഗുണ്ടകളെ ഏര്‍പ്പെടുത്തിയെന്നും ഇതില്‍ ലൈംഗിക അതിക്രമം ഉള്‍പ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങള്‍ ദിലീപ് ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്.

കേസില്‍ വിചാരണ ആരംഭിച്ചതിന് പിന്നാലെ സാക്ഷികള്‍ കൂട്ടമായി കൂറുമാറിയത് പിന്നീട് വലിയ തോതില്‍ കേരളം ചര്‍ച്ച ചെയ്തിരുന്നു. ഇതിനൊപ്പം പ്രോസിക്യൂട്ടര്‍മാര്‍ നിരന്തരം രാജി വയ്ക്കുന്ന സാഹചര്യവും ഉണ്ടായി. വിചാരണ കോടതിക്ക് എതിരെയും പ്രോസിക്യൂഷന്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതുവരെ കേസില്‍ 203 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇനി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെയാണ് വിസ്തരിക്കാനുളളത്.ഇതിനിടെ കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ കേസ് വീണ്ടും പൊതു ശ്രദ്ധയിലേക്ക് എത്തുകയും ചെയ്തു. പിന്നാലെയാണ് ഇപ്പോള്‍ ആക്രമിക്കപ്പെട്ട നടി തന്നെ പുറത്ത് പ്രതികരണവുമായി രംഗത്ത് വരുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker