LOCAL NEWSMALAPPURAM

പൂക്കിപ്പറമ്പ് ദുരന്തം; ദാരുണാനുഭവത്തിന് ഇന്ന് ഇരുപത്തൊന്ന് വർഷം

തിരൂരങ്ങാടി: നാട്ടുകാരുടെ മനസ്സിൽ നിന്ന് മായാത്ത ആ ദാരുണാനുഭവത്തിന് ഇന്ന് ഇരുപത്തൊന്ന് വർഷം. ഭീകരമായ ആ ഓർമ്മക്കിന്നും കരിഞ്ഞ മനുഷ്യ മാംസത്തിന്റെ ഗന്ധമാണ്. ഹൃദയഭേദകമായ ആർത്തനാദങ്ങളുടെ ആരവം ആ കണ്ണീരോർമ്മക്കൊപ്പമുണ്ട്.

2001 മാർച്ച് 11നായിരുന്നു, ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക് നിരവധി യാത്രക്കാരുമായി കുതിച്ച പ്രണവം ബസ് ഉച്ചയ്ക്ക് 2 മണിയോടെ പൂക്കിപ്പറമ്പിൽ വെച്ച് നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിഞ്ഞ് ഞൊടിയിടക്കുളളില്‍ കത്തിച്ചാമ്പലായത്. 44 മനുഷ്യ ജീവന്‍ അഗ്നിഗോളമായി വെന്തെരിയുന്നതിന് സാക്ഷിയാവേണ്ടി വന്നതിന്റെ ഭീകര സ്മരണകള്‍, കാലപ്പഴക്കത്തിന് മായ്ക്കാനാവാത്ത നൊമ്പരക്കാഴ്ചകളായി പൂക്കിപ്പറമ്പുകാരുടെ മനസ്സില്‍ ഇന്നും നെരിപ്പോടാവുകയാണ്. ആ ദുരന്തത്തിന്റെ സാക്ഷികളായവരുടെയുള്ളിൽ ജീവനുള്ളിടത്തോളം കാലം എരിഞ്ഞ് കൊണ്ടിരിക്കുകയാണ് ആ ഓർമ്മകൾ.
ഒരൊഴിവ് ദിവസത്തിന്റെ പതിവ് ആലസ്യത്തോടെ ഉണര്‍ന്ന്, ആയിരങ്ങളുടെ ദീനരോദനങ്ങള്‍ ഏറ്റുവാങ്ങി അസ്തമിച്ച ആ ദുരന്ത ദിനം മനസ്സ് പിളർക്കുന്ന കാഴ്ചകൾക്കാണ് സാക്ഷ്യം വഹിച്ചത്. വെന്ത് കരിഞ്ഞ മനുഷ്യ ശരീര ഭാഗങ്ങൾ, ആന്തരികാവയവങ്ങൾ.മൃതദേഹങ്ങൾ എടുത്ത് മാറ്റുമ്പോൾ മാംസക്കഷ്ണങ്ങൾ ഊർന്ന് വീഴുന്ന ഭീകര ദൃശ്യം. കത്തിനശിച്ച് വെറുമൊരു കമ്പിക്കൂടായി മാറിയ ‘പ്രണവ‘ത്തെ പോലീസും നാട്ടുകാരും ചേർന്ന് ഒന്ന് മറിച്ചിട്ടപ്പോൾ കണ്ട കാഴ്ച അതിഭീകരമായിരുന്നു. റോഡിൽ പരന്ന് കിടക്കുന്ന കരിഞ്ഞ മാംസക്കഷ്ണങ്ങൾ കണ്ട് സമനില തെറ്റിയ പോലെ നിലവിളിക്കുകയായിരുന്നു പലരും..
നിരവധി മനുഷ്യ ജീവനുകൾ തീനാളങ്ങളിൽ എരിഞ്ഞെരിഞ്ഞും രക്ഷക്കായി അലറിവിളിച്ചും മരണത്തിലേക്ക് ഊർന്ന് പോവുമ്പോൾ രക്ഷപ്പെടുത്താനായി പരമാവധി പലതും ചെയ്യുകയായിരുന്നു നാട്ടുകാർ. പക്ഷെ, തീനാളങ്ങൾ അവരെ തോൽപ്പിക്കുകയായിരുന്നു. ഒടുവിൽ, എല്ലാം കത്തിത്തീരുന്നത് വരെ കാത്തിരിക്കുക എന്നത് മാത്രമേ അവർക്ക് മുന്നിലുണ്ടായിരുന്നുള്ളൂ…
ഇരുന്നിടത്ത് നിന്നൊന്നനങ്ങാനാവാതെയും തലങ്ങും വിലങ്ങും ഓടി ആര്‍ത്തട്ടഹസിച്ചും പരസ്പരം കെട്ടിപ്പിടിച്ചും കത്തിയാളുന്ന തീജ്വാലകളിലമര്‍ന്ന് നിശ്ചലരായ സഹജീവികളുടെ ദുരവസ്ഥ നിലവിളിച്ച് നോക്കിനിൽക്കേണ്ടി വരുന്നതിന്റെ ഭീകരത, അന്നവിടെ ഓടിക്കൂടിയവരുടെ മനസ്സിൽ എന്നും നഷ്ടബോധത്തോടെ തങ്ങിനിൽക്കും ആ നിസ്സഹായത. ഒരു മണിക്കൂറോളം ആളിക്കത്തിയ തീനാളങ്ങൾ അല്പമൊന്ന് ശക്തി കുറഞ്ഞപ്പോൾ രക്ഷാപ്രവർത്തകർ ബസ്സിനടുത്തേക്ക് നീങ്ങി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കത്തിയാളുന്ന ബസിൽ തീ നാളങ്ങൾ പൊതിഞ്ഞ് പരക്കം പാഞ്ഞിരുന്ന ആ ആൾരൂപങ്ങൾ. അതെ അവർ 44 പേരും നിശ്ചലരായിരുന്നു. എത്രയോ കുടുംബങ്ങളുടെ സ്വപ്നങ്ങളായിരുന്നു ആ തീ നാളങ്ങളിൽ എരിഞ്ഞമർന്നത്.
ബസ്സിൽ കുന്നുകൂടിക്കിടക്കുന്ന വെന്ത ശരീരങ്ങൾ പലതും തമ്മിൽ പിണഞ്ഞ് കിടക്കുകയായിരുന്നു. കരിഞ്ഞ വസ്ത്രങ്ങളും മാംസക്കഷ്ണങ്ങളും സീറ്റിലും കമ്പികൾക്കിടയിലുമായി കുരുങ്ങിക്കിടക്കുന്നു. അവയവങ്ങള്‍ നഷ്ടപ്പെട്ട് കരിക്കട്ടയായ ആ വികൃതക്കോലങ്ങള്‍ ഇന്നും ഇവിടുത്തുകാരെ അലോസരപ്പെടുത്തുന്ന ഓര്‍മ്മച്ചിത്രങ്ങളാണ്.
തീ ആളിപ്പടരും മുൻപുള്ള ഏതാനും നിമിഷങ്ങളിൽ കുറെ പേർ ബസിനു മുകളിലെ ജനൽ വഴി സാഹസികമായി രക്ഷപ്പെട്ടു. കിട്ടിയ വഴികളിലൂടെ ഉറ്റവരെ ആദ്യം പുറത്തേക്ക് തള്ളി അഗ്നിയിലമർന്നു ചിലർ.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍, സല്‍ക്കാരങ്ങളില്‍ പങ്കെടുത്ത് തിരിച്ചവര്‍, മകന് പെണ്ണന്വേഷിക്കാന്‍ പുറപ്പെട്ട പിതാവ്, കോളജ് മാഗസിന്റെ അണിയറ പ്രവത്തനങ്ങള്‍ക്കായി പുറപ്പെട്ട എഡിറ്റര്‍, ജോലിസ്ഥലത്ത് നിന്ന് വീടണയാന്‍ പ്രണവത്തില്‍ കയറിയവര്‍… അവരെല്ലാം ആ അഗ്നി ഗോളത്തില്‍ ചാമ്പലായി.
ദുരന്തം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കോഴിക്കോട്ട് സര്‍വ്വമത പ്രാര്‍ത്ഥനകളോടെ സംസ്‌കരിച്ച രണ്ട് മൃതദേഹങ്ങള്‍ ആരുടെതായിരുന്നുവെന്ന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. അതേ സമയം ദുരന്ത ദിവസം കാണാതായ രണ്ട് യുവാക്കള്‍ എവിടെപ്പോയെന്ന ചോദ്യവും. ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ രണ്ട് ചോദ്യങ്ങളും ചേര്‍ത്ത് ഉത്തരം കാണാന്‍ കാണാതായവരുടെ ഉറ്റവര്‍ അശക്തരാണ്. വളാഞ്ചേരി കൊളത്തൂര്‍ ഓണപ്പുടയില്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ മകന്‍ സൈതലവിക്കോയ തങ്ങള്‍, കുറ്റിച്ചിറ കൊശനിവീട് പറമ്പില്‍ അബ്ദുല്ലക്കുട്ടിയുടെ മകന്‍ മുഹമ്മദ് സവാദ് എന്നിവരെയാണ് ദുരന്ത ദിവസം കാണാതായത്. ഇരുവരും അന്ന് പൂക്കിപ്പറമ്പ് വഴി കടന്നു പോവാന്‍ സാധ്യതയുണ്ടായിരുന്നു. പക്ഷെ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളും തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച ദുരന്ത ശേഷിപ്പുകളിലും ഇവര്‍ പ്രണവത്തില്‍ ഉണ്ടായിരുന്നതിന്റെ യാതൊരു സൂചനകളും ബന്ധുക്കള്‍ക്ക് ലഭിച്ചില്ല. തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ ഒടുവിലത്തെ രണ്ട് മൃതശരീരത്തിലും ഇവരാണെന്നതിന്റെ തുമ്പുണ്ടോ എന്ന് ബന്ധുക്കളും പൊലീസും ഏറെ പരതി. ഒരടയാളവും ലഭിക്കാത്തതിനെ തുടര്‍ന്ന് അജ്ഞാത ശരീരങ്ങളായി അവ രണ്ടും മറവ് ചെയ്യുകയായിരുന്നു.
തിരിച്ച് വരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇരുവരും എപ്പോഴെങ്കിലും ഒരിക്കല്‍ തിരിച്ചെത്തുമെന്ന ശുഭ പ്രതീക്ഷയില്‍ ഇരു വീട്ടുകാരും കാലം തളളി നീക്കി. വളാഞ്ചേരിയില്‍ നിന്നും തലശ്ശേരിയിലേക്ക് പോയ സൈതലവിക്കോയ തങ്ങളും എടപ്പാളില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച സവാദും പ്രണവത്തില്‍ കയറാനുളള സാധ്യത ഏറെയാണെങ്കിലും അങ്ങിനെയാവരുതേ എന്ന പ്രാര്‍ത്ഥനക്കൊപ്പം അവരെല്ലാവരും അപ്രകാരം തന്നെ വിശ്വസിച്ചു. മറിച്ച് നിഗമനത്തിലെത്താന്‍ തെളിവൊന്നും ലഭിക്കാത്തതിനാല്‍ അവരുടെ കാലൊച്ചയും കാതോര്‍ത്ത് കാലമേറെ കഴിഞ്ഞു അവർ.
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബസ്ദുരന്തമായ പൂക്കിപ്പറമ്പ് ബസപകടത്തിന്റെ നഷ്ടങ്ങള്‍ ഉറ്റവര്‍ നഷ്ടപ്പെട്ട ഒരുപറ്റം കുടുംബങ്ങളുടെയും ആ ഭീകരസ്മൃതികള്‍ പേറി കഴിയുന്ന ഗ്രാമീണരുടെ തീപിടിച്ച മനസുകളുടെയും മാത്രം ദുഖങ്ങളായി മാറുമ്പോള്‍, വഴിപാടു പോലെ നടത്തുന്ന സുരക്ഷാ പ്രഖ്യാപനങ്ങള്‍ക്കായി ഇനിയൊരു ദുരന്തം കൂടി വന്നെത്തരുതേ എന്ന് പ്രാർത്ഥിക്കുകയാണ് പ്രദേശത്തുകാർ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker