കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചതില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചോദ്യം ആവര്‍ത്തിച്ചത് കഴിവുകേടാണ്. ആരെങ്കിലും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാവു. കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ച്ചയിലാണെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. കണ്ണൂര്‍, കേരളാ സര്‍വകലാശാലകളിലെ ചോദ്യപേപ്പര്‍ തയാറാക്കുന്നതിലെ വീഴ്ച്ചയുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന് നിവേദനം നല്‍കിയിരുന്നു.
മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളിലുള്ള ചോദ്യങ്ങള്‍ തന്നെ അതേപടി ഈ വര്‍ഷവും ചോദ്യപേപ്പറുകളില്‍ ഉപയോഗിച്ചത് പുറത്ത് വന്നതോടെയാണ് നിവേദനം നല്‍കിയത്. കണ്ണൂര്‍ സര്‍വ്വകലാശാല സൈക്കോളജി മൂന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ തന്നെ ഈ വര്‍ഷവും നല്‍കിയിരുന്നു.
ഇതേ കാരണത്താല്‍ കേരള സര്‍വകലാശാല ബിഎ ഇംഗ്ലീഷ് അവസാന സെമസ്റ്റര്‍ പരീക്ഷയുടെ ഏപ്രില്‍ ആറിന് നടത്തിയ പരീക്ഷ റദ്ദാക്കി ഇന്നലെ വീണ്ടും നടത്തി. രണ്ട് സര്‍വകലാശാലകളിലും മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതായി സര്‍വകലാശാലയ്ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിസി മാര്‍ പരീക്ഷകള്‍ റദ്ദാക്കിയത്.