തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതിയുടെ ബുധനാഴ്ചത്തെ ബദല്‍ സംവാദത്തില്‍ കെ റെയില്‍ എം.ഡി. പങ്കെടുക്കില്ല. സര്‍ക്കാര്‍ അനുമതി ഇല്ലാത്തതിനാലാണ് എം.ഡി. അജിത് കുമാര്‍ പങ്കെടുക്കാത്തതെന്ന് കെ റെയില്‍ അറിയിച്ചു. ബദല്‍ സംവാദമല്ല, തുടര്‍ സംവാദമാണെന്ന നിലപാടാണ് കെ റെയില്‍ സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ കെ റെയില്‍ സംഘടിപ്പിച്ച സംവാദം വിജയമായിരുന്നു. അതുകൊണ്ടുതന്നെ മറ്റൊരു സംവാദത്തിന്റെ ആവശ്യമില്ല. നിസ്സാര കാരണങ്ങള്‍ പറഞ്ഞാണ് കെ റെയിലിന്റെ സംവാദത്തില്‍നിന്ന് ചിലര്‍ പിന്മാറിയത്. അതുകൊണ്ടുതന്നെ സംവാദം നിഷ്പക്ഷമായിരിക്കും എന്ന് തെളിയിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടെന്നും കെറെയില്‍ പറയുന്നു.
ആദ്യം കെ റെയിന്റെ സംവാദത്തില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത ജോസഫ് സി. മാത്യുവും സംവാദത്തില്‍നിന്ന് പിന്മാറിയ അലോക് കുമാര്‍ വര്‍മ, ശ്രീധര്‍ രാധാകൃഷ്ണന് എന്നിവരെയും ബദല്‍ സംവാദത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംവാദത്തില്‍ പദ്ധതിയെ അനുകൂലിക്കുന്നവരുടെ ഭാഗത്താണ് കെ റെയില്‍ എം.ഡി. അജിത് കുമാറിനെ ഉള്‍പ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് എം.ഡി. പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.