തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരുടെ ബാഹ്യ സമ്മർദ്ദത്തിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. എന്ത് രാഷ്ട്രീയ പോരാട്ടത്തിനുള്ള സ്ഥാനാർത്ഥിയെയാണ് സിപിഎം അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
സിപിഎം എവിടെ എത്തി നിൽക്കുന്നു എന്ന് ആത്മപരിശോധന നടത്തണം. പാർട്ടി സ്ഥാനാർത്ഥിയുടെ തലയ്ക്കു മീതെ എങ്ങനെയാണ് മറ്റൊരു സ്ഥാനാർത്ഥി വന്നത്. ബാഹ്യ സമ്മർദ്ദം ഉണ്ടായി എന്നത് അങ്ങാടിപ്പാട്ടാണ്. ഉമയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയപ്പോൾ പരിഹസിച്ച സിപിഎം എവിടെ എത്തി നിൽക്കുന്നു എന്ന ചിന്തിക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം പേമെൻറ് സീറ്റ് ആരോപണം തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് തള്ളി. വൈദികർക്കൊപ്പം വാർത്താസമ്മേളനത്തിന് എത്തിയത് ജോലിയിലായതിനാലാണെന്ന് ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാദമുണ്ടാക്കുന്നത് വെറുതെയാണെന്ന് ജോ ജോസഫ് പറഞ്ഞു.